തിരുവനന്തപുരം ∙ 7 വർഷം തന്റെ എംഎൽഎ ഓഫിസ് പ്രവർത്തിച്ച ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടം വി.കെ.പ്രശാന്ത് ഒഴിഞ്ഞു. എംഎഎൽഎയായി കാലാവധി തികയാൻ 5 മാസം മാത്രം ശേഷിക്കെയാണ് മാറ്റം.
അനാവശ്യ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് കെട്ടിടം ഒഴിയുന്നതെന്ന് പ്രശാന്ത് പറഞ്ഞു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് പ്രവർത്തിക്കുന്ന മരുതംകുഴി ജംക്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 3 മുറിയുള്ള പുതിയ ഓഫിസിലേക്ക് നാളെ പ്രശാന്ത് പ്രവർത്തനം മാറ്റും.
ശാസ്തമംഗലം കൗൺസിലറുടെയും വട്ടിയൂർക്കാവ് എംഎൽഎയുടെയും ഓഫിസ് ഒരു കെട്ടിടത്തിലാണ് ഇതുവരെ പ്രവർത്തിച്ചിരുന്നത്. തന്റെ ഓഫിസിൽ സൗകര്യം കുറവാണെന്ന കാരണം പറഞ്ഞ് എംഎൽഎയോട് ഓഫിസ് ഒഴിയാൻ കൗൺസിലർ ആർ.ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 850 രൂപ വാടക നൽകിയാണ് ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് കെട്ടിടത്തിൽ എംഎൽഎ ഓഫിസും പ്രവർത്തിച്ചിരുന്നത്. 15,000 രൂപയാണ് പുതിയ കെട്ടിടത്തിന് വാടകയെന്നാണ് വിവരം.
കൗൺസിലർക്ക് നൽകിയ ഒറ്റ മുറിയിൽ സൗകര്യം കുറവാണെന്നും തന്റെ ഓഫിസ് വിപുലീകരിക്കാൻ എംഎൽഎ ഓഫിസ് മാറ്റണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടതാണ് വിവാദങ്ങളുടെ തുടക്കം.
മാർച്ച് വരെ കോർപറേഷനുമായി വാടക കരാറുണ്ടെന്നും അതു വരെ ഓഫിസ് ഒഴിയില്ലെന്നും എംഎൽഎ വ്യക്തമാക്കി. എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ രംഗത്തെത്തി. എംഎൽഎ ക്വാർട്ടേഴ്സിൽ വി.കെ.പ്രശാന്തിന് അനുവദിച്ച മുറികൾ ഉപയോഗിക്കണമെന്ന് കെ.എസ്.ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടതോടെ വിവാദം കൊഴുത്തു.
ഇതിനിടെ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വി.കെ.പ്രശാന്ത് ഓഫിസ് മാറ്റുന്നത്. തനിക്ക് എതിരെ അപവാദ പ്രചാരണം നടത്തിയെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു.
മിക്ക എംഎൽഎമാരും സർക്കാരിന്റെ കെട്ടിടങ്ങളിൽ സൗജന്യമായാണ് ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ താൻ വാടക നൽകിയാണ് കോർപറേഷന്റെ കെട്ടിടം ഉപയോഗിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
അനധികൃത ഓഫിസ് എംഎൽഎ ഒഴിഞ്ഞത് നന്നായി: മുരളീധരൻ
തിരുവനന്തപുരം ∙ വി.കെ.പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുള്ള ഓഫിസ് വിവാദം പിആർ ഏജൻസികളുടെ ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അനധികൃതമായി കൈവശം വച്ച ഓഫിസ് എംഎൽഎ ഒഴിഞ്ഞതു നന്നായി.
ഓഫിസ് മാറ്റമല്ല, വട്ടിയൂർക്കാവിലെ വികസനമാണു വോട്ടർമാർ വിലയിരുത്തുക. കോർപറേഷൻ ഭരണം അട്ടിമറിക്കാനില്ലെന്ന കോൺഗ്രസ് നിലപാട് ശരിയാണെന്നും ബിജെപി പരസ്പരം തല്ലിത്തീർത്തോളുമെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

