നെടുമങ്ങാട് ∙ സംസ്ഥാന ഹൈവേ രണ്ടിൽ വഴയില– പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണത്തിനായി കുഴിയിൽ സ്കൂട്ടർ യാത്രികൻ വീണു മരിച്ചതിനെ തുടർന്ന് ഇൗ സ്ഥലത്ത് താൽക്കാലികമായി കൂടുതൽ ഡിവൈഡറുകൾ സ്ഥാപിച്ചു. വെള്ളി പുലർച്ചെയാണ് കലുങ്ക് നിർമാണം നടക്കുന്ന കുഴിയിൽ വീണു സ്കൂട്ടർ യാത്രികൻ ആകാശ് മുരളി (30) മരിച്ചത്. കുഴിക്ക് ചുറ്റും കൂടുതൽ സുരക്ഷ ഒരുക്കുന്നതിനായി കോൺക്രീറ്റിൽ നിർമിച്ച കൂടുതൽ ഡിവൈഡറുകളാണ് വച്ചത്. വെള്ളി രാത്രിയാണ് ഇതിനായുള്ള ജോലികൾ നടന്നത്.
ഇന്നലെ കലുങ്കിന്റെ മുകളിൽ കമ്പി കെട്ടിയിരുന്ന സ്ഥലത്ത് കോൺക്രീറ്റ് ജോലികളും നടന്നു.
റോഡിന്റെ ഒരു വശം അടച്ച് കലുങ്കിന്റെ ജോലികൾ ചെയ്യുന്നതിനാൽ ഇവിടെ വീതിയും കുറവാണ്.കലുങ്ക് നിർമാണത്തിന് എടുത്ത കുഴിക്ക് ചുറ്റും കൂടുതൽ സുരക്ഷ ഒരുക്കിയെങ്കിലും മറ്റ് സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ കുറവാണ്. പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട് പോകുമ്പോൾ വഴയില പെട്രോൾ പമ്പിന് സമീപം റോഡിന്റെ ഒരു വശം ഇടിച്ചു താഴ്ത്തിയുള്ള ജോലികളാണ് നടക്കുന്നത്.
ഇവിടെ വശത്ത് വീപ്പകൾ നിരത്തി കോഷൻ ടേപ്പുകൾ വലിച്ചു കെട്ടിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കരകുളം പഞ്ചായത്ത് ഓഫിസിന് സമീപം ആശുപത്രിക്ക് മുന്നിൽ റോഡിന്റെ ഒരു വശത്ത് മണ്ണിട്ട് റോഡ് ഉയർത്തിയാണ് ജോലികൾ.
പഞ്ചായത്ത് ഓഫിസ് കഴിഞ്ഞ് ഓടയുടെ ജോലികൾ നടക്കുന്ന സ്ഥലത്തും കോഷൻ ടേപ്പ് വലിച്ചു കെട്ടുക മാത്രമാണ് ചെയ്തിരിക്കുന്നത്.കരകുളം എട്ടാംകല്ല് ജംക്ഷന് സമീപം റോഡിന്റെ വശത്ത് സംരക്ഷണ വേലി നിർമിക്കാൻ കുഴിയെടുക്കുന്ന സ്ഥലങ്ങളിലും കൂടുതൽ സുരക്ഷ മുൻകരുതലുകൾ സ്ഥാപിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടിനുള്ള പ്രധാന പാതയായതിനാൽ ഒട്ടേറെ വാഹനങ്ങളാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. ഇതിൽ മേൽപാലത്തിന്റെ ജോലികൾ പുരോഗമിക്കുന്ന കരകുളം പാലം ജംക്ഷനിൽ നിന്ന് എട്ടാംകല്ല് വരെ റോഡിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

