തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവുകൾ തുടർക്കഥ. ഏതാനും മാസങ്ങൾക്കു മുൻപാണ് കണ്ണൂർ സ്വദേശി ശ്രീഹരി സ്ട്രോക്ക് വന്ന് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചത്.
മാസങ്ങൾക്കിപ്പുറം വീണ്ടും ഒരാൾ കൂടി അതേ അവസ്ഥയിൽ ആശുപത്രിയിൽ മരിച്ചു.
പിടിപാടുണ്ടെങ്കിൽ മികച്ച ചികിത്സ
ജീവനക്കാരുടെ ബന്ധുക്കൾ, പരിചയക്കാർ,സുഹൃത്തുക്കൾ തുടങ്ങിയവർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയാൽ മികച്ച ചികിത്സ ഉറപ്പ്. രാഷ്ട്രീയക്കാർ ഉൾപ്പെടെ ഉന്നത ബന്ധങ്ങളുള്ളവർക്ക് മികച്ച സൗകര്യങ്ങളും ചികിത്സയും ലഭിക്കും. സാധാരണക്കാർ തറയിലും വരാന്തയിലും ഒരു കട്ടിലിൽ രണ്ടു പേരും ആയിട്ടൊക്കെയാണ് കിടക്കുന്നത്. എലിയുടെ കടിയേറ്റും പാറ്റ, പല്ലി എന്നിവയുടെ ശല്യം സഹിച്ചും കാറ്റും വെയിലുമേറ്റ് കിടക്കണം.
രോഗികൾ കൂടുതലാണെന്നും അതിനനുസരിച്ച് ജീവനക്കാരില്ലെന്നുമാണ് അധികൃതരുടെ പരാതി. എന്നാൽ പിടിപാടുള്ളവർക്ക് ഇതൊന്നും പ്രശ്നമല്ല.
സാധാരണക്കാർ കിടക്കുന്ന വാർഡുകളിൽ പലതും ചോർന്നൊലിക്കുന്ന സ്ഥിതിയാണ്. ഇത് കൃത്യമായി അറ്റകുറ്റപ്പണി നടത്താനും തയാറായിട്ടില്ല.
കർമനിരതരാണ് കമ്മിഷൻ ലോബി
ആശുപത്രിയിൽ പുതിയ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ മുതൽ അനധികൃത നിയമനത്തിനു വരെ കമ്മിഷൻ വാങ്ങുന്ന സംഘം ഇവിടെയുണ്ട്.
ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ആളുകൾ ഉണ്ട്. ഉപകരണങ്ങൾ കേടായാൽ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കാൾ പുതിയവ പർച്ചേസ് ചെയ്യാനാണ് ആശുപത്രി വികസന സമിതിക്കും താൽപര്യം.
പുതിയ ഉപകരണം ഒരു വകുപ്പിലേക്ക് എത്തിയാൽ മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ കമ്മിഷൻ ലഭിക്കും. ആശുപത്രിയിൽ ദിവസവേതനത്തിന് ആളുകളെ നിയമിക്കുന്നതിലും വീതംവയ്പാണ്.
കൃത്യമായി ഓരോ പാർട്ടിക്കും ഉള്ളത് ലഭിച്ചാൽ ഇത്തരം നിയമനങ്ങളിലെ കള്ളത്തരങ്ങൾ പുറത്തറിയില്ല.
വാടക കൊടുത്ത് ശസ്ത്രക്രിയ !
ആശുപത്രിയിലെ പല വകുപ്പുകളിലും ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് രോഗികളിൽ നിന്ന് വാടക ഈടാക്കുന്നു.
സർക്കാരിൽ നിന്ന് ഉപകരണങ്ങൾ ലഭിക്കാത്തതിനാൽ പുറത്തുനിന്നു വാങ്ങി അതിന്റെ തുക രോഗികളിൽ നിന്ന് ഈടാക്കുന്നു. യൂറോളജി, ന്യൂറോ സർജറി, ഓർത്തോ, കാർഡിയോളജി തുടങ്ങി ഭൂരിപക്ഷം വകുപ്പുകളിലും ഈ പതിവുണ്ട്.
ആഴ്ചകൾക്കു മുൻപ് തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ ഒരു രോഗിക്ക് ഉപകരണ വാടക ഉൾപ്പെടെ ചെലവായത് ഏകദേശം 20,000 രൂപയാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ മുഴുവൻ ആശുപത്രിയിൽ ഉണ്ടെന്നു സർക്കാരും ആരോഗ്യമന്ത്രിയും ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് ഈ സ്ഥിതി
ഹൃദയം ‘തകർക്കുന്ന’ ക്യൂ
ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ഒരു ദിവസം ശരാശരി 14 ശസ്ത്രക്രിയകൾ വരെയാണ് നടക്കുന്നത്.
ശസ്ത്രക്രിയാ ഉപകരണക്ഷാമം ഉണ്ടാകുമ്പോൾ ഇത് 7–8 ആയി കുറയും. ഹൃദയ ശസ്ത്രക്രിയ തേടിയെത്തുന്ന രോഗികൾക്കു തീയതി കുറിച്ച് നൽകുന്നത് മാസങ്ങൾ കഴിഞ്ഞായിരിക്കും. ഈ സമയത്തിനിടയിൽ രോഗിയുടെ സ്ഥിതി വഷളായി മരണത്തിനു കീഴടങ്ങുന്ന സംഭവങ്ങൾ ഏറെയാണ്.
ഹൃദയ ശസ്ത്രക്രിയകൾ പൂർണമായും സൗജന്യമാണെന്നു സർക്കാരും ആരോഗ്യമന്ത്രിയും അവകാശപ്പെടുമ്പോഴും ഇതിന് വിധേയരാകുന്ന സാധാരണക്കാർക്ക് ഏകദേശം 30000 മുതൽ 50000 വരെ ചെലവ് വരും. ബിപിഎൽ കാർഡ് ഉടമകൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ് ലഭിക്കുന്നത്.
അവകാശവാദങ്ങൾ മാത്രം ‘സൗജന്യം’
സർക്കാർ ആശുപത്രികളിലെ ചികിത്സ മുഴുവൻ സൗജന്യമാണെന്നാണ് സർക്കാരും ആരോഗ്യമന്ത്രിയും അവകാശപ്പെടുന്നത്.
മെഡിക്കൽ കോളജിൽ ചികിത്സ തേടി എത്തിയാൽ ബിപിഎൽ കാർഡോ മറ്റു ചികിത്സാ കാർഡുകളോ ഇല്ലാത്തവർക്ക് ചെലവ് ഏറും. പുറത്ത് നിന്ന് മരുന്നുകൾ വാങ്ങി നൽകിയും ചികിത്സാ അനുബന്ധ ഉപകരണങ്ങൾക്കായും പണം ചെലവഴിച്ച് വലയും. ഇതിനൊപ്പം ചികിത്സയ്ക്കായി അടയ്ക്കേണ്ടി വരുന്ന തുകയും കൂടിയാകുമ്പോൾ വൻ ചെലവ്.
ന്യൂറോ, ഹൃദയ ചികിത്സ, ഓർത്തോ, തലച്ചോർ , വൃക്ക തുടങ്ങി ചികിത്സകൾക്ക് ഉള്ള മരുന്നുകളിൽ ഭൂരിപക്ഷവും പുറത്ത് നിന്നാണ് വാങ്ങി നൽകേണ്ടത്.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് സൂപ്രണ്ട് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി.
സൂപ്രണ്ടിനെ കാണാൻ അനുവദിക്കാത്തതിന് പിന്നാലെയായിരുന്നു സംഘർഷം. വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് വിജയൻ, സംസ്ഥാന സെക്രട്ടറി അനീഷ് ചെമ്പഴന്തി, ജനറൽ സെക്രട്ടറി നീതു വിജയൻ, ജില്ലാ സെക്രട്ടറി രേഷ്മ, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഉത്തരവാദിത്തം മന്ത്രിക്ക്: ബിജെപി
തിരുവനന്തപുരം ∙ കാർഡിയോളജി ചികിത്സയ്ക്ക് എത്തിയ ആൾ മരിച്ചതിന്റെ ഉത്തരവാദിത്തം മന്ത്രി വീണാജോർജിനെന്ന് ബിജെപി.
ആരോഗ്യമന്ത്രിയുടെ പിടിപ്പുകേടാണു ദുരവസ്ഥയ്ക്ക് കാരണം. ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നു ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

