തിരുവനന്തപുരം∙ സംസ്ഥാനത്ത് 225 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള നാലു പുതിയ ജലവൈദ്യുത പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നതിന്റെ പ്രാഥമിക ജോലികൾ തുടങ്ങി. ഡിപിആറിന്റെ ഭാഗമായ ഭൗമ ഭൗതിക (ജിയോഫിസിക്കൽ) പഠനം നടത്താൻ കേന്ദ്ര ഖനി മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിന് (എൻഐആർഎം) 66.13 ലക്ഷം രൂപയുടെ കരാർ നൽകി.
ഇടമലയാർ വിപുലീകരണ പദ്ധതി (80 മെഗാവാട്ട്), മുതിരപ്പുഴ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി (100 മെഗാവാട്ട്), മാങ്കുളം വിപുലീകരണ പദ്ധതി (40 മെഗാവാട്ട്) എന്നിവയുടെ ഭൗമ ഭൗതിക പഠനം നടത്തുന്നതിനൊപ്പം പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 5 മെഗാവാട്ടിന്റെ ഗ്രഹാംസ് ലാൻഡ് ചെറുകിട
പദ്ധതിക്കുള്ള ഡാം സൈറ്റ് കണ്ടെത്താനുള്ള പഠനവും നടത്തും.
ആവശ്യകത കൂടിയ രാത്രിയിൽ ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം, കുറഞ്ഞ വിലയ്ക്കു വൈദ്യുതി ലഭിക്കുന്ന പകൽ സമയത്ത് വെള്ളം പമ്പ് ചെയ്ത് തിരികെ ഡാമിലെത്തിച്ച് വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതി. 25 മെഗാവാട്ടിനു മുകളിലുള്ള എല്ലാ ജലവൈദ്യുത, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും പദ്ധതി പ്രദേശത്തെ ഭൂമിക്കടിയിലെ പാറയുടെ ഉറപ്പ്, വിള്ളലുകൾ, ആഴം തുടങ്ങിയ നിർണായക വിവരങ്ങൾ ശേഖരിക്കാനുള്ള ഭൗമ ഭൗതിക പഠനം കെഎസ്ഇബി നിർബന്ധമാക്കിയിരുന്നു.
ഇത് പദ്ധതികളുടെ അന്തിമ രൂപരേഖ തയാറാക്കാൻ അനിവാര്യമാണ്.
എൻഐആർഎം നേരത്തേ ചെങ്കുളം, പള്ളിവാസൽ, പഴശ്ശി സാഗർ, ആനക്കയം തുടങ്ങിയ പദ്ധതികളിൽ കെഎസ്ഇബിയുമായി സഹകരിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായതിനാൽ പെനൽറ്റി, ഗാരന്റി പോലുള്ള വ്യവസ്ഥകൾ ഒഴിവാക്കണമെന്നും കരാർ തുക പൂർണമായും മുൻകൂർ നൽകണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിച്ചാണ് കെഎസ്ഇബി കരാറിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

