തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയെ തുടർന്നു നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യ (26) ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.
പെർമനന്റ് ലോക് അദാലത്തിലാണ് ഹർജി നൽകിയത്. ഗൈഡ് വയർ ശരീരത്തിനുള്ളിൽ തുടരുന്നതിനാൽ ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. സ്വാഭാവിക ആയുർദൈർഘ്യത്തിനു സാരമായി വെല്ലുവിളി ഉയർത്തുന്ന ഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്ന് സുമയ്യ പറയുന്നു.
സർക്കാർ ജോലി വേണമെന്ന സുമയ്യയുടെ ആവശ്യത്തിൽ സർക്കാർ ഇനിയും അനുകൂല തീരുമാനം എടുത്തിട്ടില്ല. അതു കൂടി കണക്കിലെടുത്താണു ഹർജി നൽകിയത്.
ജനറൽ ആശുപത്രിയിൽ 2023 മാർച്ച് 22നു സുമയ്യയുടെ തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഇതേത്തുടർന്ന് ഉണ്ടായ ആരോഗ്യപ്രശ്നം പരിഹരിക്കുന്നതിനു മരുന്നു നൽകാനാണു ഞരമ്പിൽ ഗൈഡ് വയർ ഇട്ടത്. എന്നാലിത് പുറത്തെടുത്തില്ല.
ചുമയും ശ്വാസതടസ്സവും തുടരുന്നതിനാൽ രണ്ടര വർഷത്തിനുശേഷം നെഞ്ചിലെ എക്സ്റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതു തിരിച്ചറിഞ്ഞത്. പൊലീസിൽ പരാതി നൽകിയ സുമയ്യ ആരോഗ്യ ഡയറക്ടറേറ്റിന് മുന്നിൽ സമരം ചെയ്തപ്പോൾ ഗൈഡ് വയർ പുറത്തെടുക്കുന്നതിനു ശ്രമം നടത്താൻ സർക്കാർ തീരുമാനിച്ചു.
ശ്രീചിത്ര മെഡിക്കൽ സെന്റർ, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ബോർഡാണ് സുമയ്യയെ പരിശോധിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഞരമ്പിലൂടെ കത്തീറ്റർ കടത്തിവിട്ട് ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നെഞ്ചിലും വയറിലും വയറിന്റെ അടിഭാഗത്തുമായി ഗൈഡ് വയർ ഞരമ്പുമായി ഒട്ടിച്ചേർന്നതായിരുന്നു കാരണം. ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു.
ഗൈഡ് വയർ ഒട്ടിപ്പിടിച്ചിരിക്കുന്ന ശരീരഭാഗം ശസ്ത്രക്രിയയുടെ തുറക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. ശാരീരിക പ്രശ്നങ്ങൾ ഉള്ളതിനാൽ ഇനിയൊരു പരിശ്രമത്തിനു ബുദ്ധിമുട്ടുണ്ടെന്നു സുമയ്യ അറിയിച്ചതോടെയാണ് ആ ദൗത്യം ഉപേക്ഷിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

