അരക്കുപ്പി വെള്ളവുമായി കുടകിലെ കൊടുംകാട്ടിൽ അകപെട്ട കോഴിക്കോട് സ്വദേശി ശരണ്യ പഠിപ്പിക്കുന്നത് ചില പാഠങ്ങൾ കൂടിയാണ്.
നാലാം ദിനം രക്ഷാപ്രവർത്തകർ ശരണ്യയെ കണ്ടെത്തിയെങ്കിലും വന്യജീവികൾ ഇറങ്ങുന്ന കൊടുംകാട്ടിൽ എങ്ങനെ ഒറ്റപ്പെട്ടുപോയി എന്നത് എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്, പ്രത്യേകിച്ചും ട്രെക്കിങ്ങിന് പോയ മറ്റുള്ളവരെല്ലാം സുരക്ഷിതമായി തിരിച്ചെത്തിയ സാഹചര്യത്തിൽ. കാരണമെന്തായാലും മുൻപ് ട്രെക്കിങ് നടത്തിയുള്ള പരിചയവും ട്രെക്കിങ്ങിനിടെ വഴിതെറ്റിയോ മറ്റോ ഒറ്റപ്പെട്ടുപോയാൽ എന്തുചെയ്യണമെന്ന് ലഭിച്ചിരിക്കുന്ന പരിശീലനവുമാണ് രക്ഷാപ്രവർത്തകരെ ശരണ്യയുടെ അടുത്ത് എത്തിക്കാൻ കാരണമായത്.
കുടകിലെ മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഞായറാഴ്ചയാണ് കണ്ടെത്തിയത്.
കർണാടകയിലെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടിയായ പശ്ചിമഘട്ട മലനിരകളിൽ സുമുദ്രനിരപ്പിൽ നിന്ന് 1,748 അടി ഉയരമുള്ള തടിയൻഡമോളിൽ ട്രെക്കിങ് നടത്തുന്നതിനിടെയാണ് ശരണ്യയെ കാണാതാകുന്നത്.
തുടർന്ന് പ്രദേശവാസികൾ ഉൾപ്പെട്ട 100 അംഗ സംഘം ശരണ്യയ്ക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ശരണ്യ പഠിപ്പിക്കുന്ന പാഠങ്ങൾ
∙ ട്രെക്കിങ്ങിനിടെ വഴിതെറ്റിയാൽ ഫോണിന് റേഞ്ച് ഉണ്ടെങ്കിൽ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുക: വഴിതെറ്റിയ ഉടനെ ശരണ്യ താൻ താമസിച്ചിരുന്ന ഹോം സ്റ്റേയിലേക്ക് ഒരു സന്ദേശം അയച്ചിരുന്നു, ഇത് കേന്ദ്രീകരിച്ചാണ് വനംവകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.
∙ വഴിതെറ്റി എന്ന് മനസ്സിലായൽ യാത്ര നിർത്തുക: ശരണ്യയും ഇതു തന്നെയാണ് ചെയ്തത്.
വഴി തെറ്റിയെന്ന് മനസിലായതോടെ യാത്ര നിർത്തിയെന്ന് ശരണ്യ പറയുന്നു. ∙ സുരക്ഷിതമായ സ്ഥലം കണ്ടെത്തുക: ട്രെക്കിങ്ങിനിടെ വഴിതെറ്റി എന്ന് തോന്നിയാൽ സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്തി വിശ്രമിക്കുക.
കൂടുതൽ യാത്ര ചെയ്യുന്നത് രക്ഷാപ്രവർത്തനം കൂടുതൽ കഠിനമാക്കും. ∙ നിങ്ങളെ തേടി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുമെന്ന് മനസ്സിലാക്കുക: ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലാണ് ശരണ്യ പ്രതീക്ഷിച്ചിരുന്നത്.
അതുകൊണ്ട് ഡ്രോണിനു ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്ന് ശരണ്യ പറഞ്ഞു. ∙ കുടിവെള്ളത്തിന്റെ സാന്നിധ്യം മനസ്സിലാക്കുക: ശരണ്യ ഉണ്ടായിരുന്ന പ്രദേശത്തിന് സമീപം ഒരു അരുവി ഉണ്ടായിരുന്നത് വെള്ളം ലഭിക്കുന്നതിനു തുണയായി.
വെള്ളം ശേഖരിച്ച ശേഷം ഉയർന്ന പ്രദേശത്ത് വിശ്രമിക്കുക. ∙ ട്രെക്കിങ്ങിന് പോകുന്നതിനു മുൻപ് നല്ല ശാരീരിക ക്ഷമത കൈവരിക്കുക: ഭക്ഷണമില്ലാതിരുന്നിട്ടും ശരണ്യ കാട്ടിൽ അതിജീവിച്ചത് ശാരീരിക ക്ഷമത കൊണ്ടാണ്.
ട്രെക്കിങ്ങിന് പോകുന്നതിനു മുൻപ് കൃത്യമായ പരിശീലനത്തിലൂടെ ശാരീരിക ക്ഷമത ഉറപ്പുവരുത്താൻ ശ്രമിക്കുക.
ട്രെക്കിങ്ങിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ ട്രെക്കിങ് സംഘത്തിൽ നിന്ന് മാറി അൽപം പിന്നാലെയാണ് ശരണ്യ സഞ്ചരിച്ചത് എന്നാണ് സംഘത്തിലെ അംഗങ്ങൾ പറയുന്നത്.
ട്രെക്കിങ്ങിന് പോകുമ്പോൾ കഴിവതും സംഘമായി യാത്ര ചെയ്യാൻ ശ്രമിക്കണം. ∙ ട്രെക്കിങ്ങിന് പോകുമ്പോൾ പഴങ്ങളും മറ്റ് ലളിതമായ ആഹാരങ്ങളും ആവശ്യത്തിന് കൈയ്യിൽ കരുതാൻ ശ്രദ്ധിക്കുക.
വഴിതെറ്റുന്ന സമയത്ത് ഒരു കുപ്പി വെള്ളം മാത്രമേ ശരണ്യയുടെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു.
എന്തിനാണ് ആളുകൾ ട്രെക്കിങ്ങിനു പോകുന്നത്?
കർണാടക കുടകിലെ തടിയൻഡമോള് പോലെ ആളുകൾ ട്രെക്കിങ്ങിനെത്തുന്ന നിരവധി മലനിരകളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സാഹസികത നിറഞ്ഞ അഗസ്ത്യാർകൂടം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.
മകരവിളക്ക് തെളിഞ്ഞാൽ ശിവരാത്രി വരെ 28 ദിവസമാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങിന്റെ സമയം. അപൂർവമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാൽ ഇവിടേയ്ക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്.
100 പേർക്ക് മാത്രമാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. കാടും സാഹസികതയും ഇഷ്ടപ്പെടുന്ന നിരവധി പേർ ഇന്ത്യയിലെ പല കോണിൽ നിന്നായി ഇവിടേക്ക് എത്തും.
ഇതിനു ശേഷം ഓഫ് സീസൺ ട്രെക്കിങ്ങും ഉണ്ടായിരിക്കും. ഇത്തരം ട്രെക്കിങ്ങുകൾ കാടിനും അവിടുത്തെ മനുഷ്യർക്കും പല രീതിയിൽ ഗുണം ചെയ്യും.
സോഷ്യൽ ട്രെക്കിങ്
വിനോദത്തിന് അപ്പുറത്ത് കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി അവിടുത്തെ ജീവിതത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് പകരാൻ കൂടി സഹായിക്കുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വനനശീകരണം ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ട്രെക്കിങ് ജനങ്ങളെ കാടുമായി അടുപ്പിക്കുകയും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നു. കാടും, പുഴകളും നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിലൂടെ ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഇവ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
പ്ലാസ്റ്റിക് എങ്ങനെ പ്രകൃതിയെ ദോഷകരമായി ബാധിക്കുമെന്നും വനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും ജനങ്ങൾക്ക് ഇത്തരം യാത്രകളിലൂടെ നേരിട്ട് കണ്ട് മനസ്സിലാക്കാം.
‘ദക്ഷിണേന്ത്യയിലെ ഏറ്റവും സാഹസികത നിറഞ്ഞ ട്രെക്കിങ്ങാണിത്. ഇതൊരു സോഷ്യൽ ട്രെക്കിങ് ആയാണ് കാണുന്നത്.
ഇത്രയും വലിയ വനത്തിനകത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ മാത്രമാണ് പോകുന്നതെങ്കിൽ എത്ര ദിവസം ഉദ്യോഗസ്ഥർക്ക് അവിടെ നേരിട്ട് എത്താൻ കഴിയും. ഏറ്റവും ദുർഘടമായ സ്ഥലത്ത് ആളുകൾ എത്തുമ്പോൾ അവിടെ പ്രകൃതിവിരുദ്ധമായി ഒന്നും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കഴിയും.
വനത്തിന്റെ സംരക്ഷണത്തിന് ഇത്തരം ട്രെക്കിങ്ങുകൾ ഉപയോഗപ്രദമായാണ് ഞങ്ങൾ കാണുന്നത്. നിശ്ചിത സഞ്ചാരികളെ മാത്രം അനുവദിക്കുന്നതിലൂടെ കാടിനെ മോശമായി ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
മാത്രമല്ല, ട്രെക്കിങ്ങിനെത്തുന്നവർ എത്ര പുഴകൾ കടന്നാണ് അഗസ്ത്യാർകൂടത്തിന് മുകളിൽ എത്തുന്നത്.
അട്ടയാറും കരമനയാറും വാഴപൈന്തിയാറും തുടങ്ങി നിരവധി ആറുകൾ കാണ്ടാണ് അവർ യാത്ര ചെയ്യുന്നത്. അഗസ്ത്യാർകൂടത്തിന് മകുളിലെത്തുമ്പോൾ ഒരു വശത്തേക്ക് നെയ്യാറും മറുവശത്തേക്ക് താമരഭരണിയാറും ഉദ്ഭവിക്കുന്നത് കാണാൻ സാധിക്കും.
വനം ജലത്തിനു വേണ്ടി എന്ന ആശയം നേരിട്ട് കണ്ട് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. കണ്ട് മനസ്സിലാക്കുന്നത് വായിച്ച് മനസ്സിലാക്കുന്നതിനേക്കാൾ ആളുകളുടെ ഉള്ളിൽ സ്വാധീനം ഉണ്ടാക്കും.
മാലിന്യം വലിച്ചെറിയാതെ കാടുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അവർ കൃത്യമായി മനസ്സിലാക്കുകയും കാട് സംരക്ഷിക്കാൻ തുടങ്ങുകയും ചെയ്യും’, വനംവകുപ്പ് റേഞ്ച് ഓഫിസർ വിനോദ്.എസ്.യു പറഞ്ഞു.
എക്കോ ടൂറിസത്തിലൂടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്
കാടിനെ ആശ്രയിച്ച് ജീവിക്കുന്ന അവിടുത്തെ ജനങ്ങൾക്ക് ഗുണകരമാകുന്ന രീതിയിലാണ് ഈ ട്രെക്കിങ് ഉപയോഗിച്ചിരിക്കുന്നത്. യാത്രക്കിടയിലുള്ള എല്ലാ ക്യാമ്പിലും ജോലി ചെയ്യുന്നത് ബോണക്കാട്, പേപ്പാറ മേഖലയിലെ ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ട
ആളുകളാണ്. ട്രെക്കിങ്ങിൽ ഉടനീളം യാത്രക്കാരെ നയിക്കുന്നതും തദ്ദേശീയരായ ജനങ്ങളാണ്.
ട്രെക്കിങ്ങിനെത്തുന്നവരുടെ സാധനങ്ങൾ മുകളിൽ എത്തിച്ച് നൽകാനും ആളുകൾ ഉണ്ട്. അതും ഇവിടുത്തെ ജനങ്ങളുടെ ഒരു വരുമാന മാർഗമാണ്.
ട്രെക്കിങ്ങിന്റെ ആദ്യ ദിവസത്തെ ബേസ് ക്യാംപായ അതിരുമലയിലെ ക്യാന്റീൻ നടത്തുന്നത് അഗസ്ത്യാർകൂടത്ത കൊടിയൻ ഊരിലെ ആളുകളാണ്. അഗസ്ത്യാർകൂടത്ത് എത്തുന്ന സഞ്ചാരികൾക്ക് കാട്ട് തേനും മറ്റ് ഉൽപന്നങ്ങളും തദ്ദേശീയരിൽ നിന്നു നേരിട്ട് വാങ്ങാനും സാധിക്കും.
വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇത്തരം ഉൽപന്നങ്ങളുടെ വിൽപന പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ എക്കോ ടൂറിസം വഴി കാടിനെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് മറ്റൊരു വരുമാനം ലഭിക്കുകയും അത് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കാടിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും അതുവഴി കാടിനെ ചൂഷണം ചെയ്യുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വരുമാനം മറ്റ് വനങ്ങളുടെ സംരക്ഷണത്തിന്
3000 രൂപയാണ് അഗസ്ത്യാർകൂടത്തേയ്ക്കുള്ള ട്രക്കിങ് ഫീസ്.
ഇതിൽ 500 രൂപ ഫോറസ്റ്റ് മെയ്ന്റനൻസ് ഫീസാണ്. ഓരോ ദിവസവും 100 പേരാണ് അഗസ്ത്യാർകൂടം യാത്രയ്ക്ക് എത്തുന്നത്.
ഫീസായി മാത്രം വലിയ തുക വനംവകുപ്പിന് ലഭിക്കുന്നുണ്ട്. ഈ വരുമാനം മറ്റ് വനങ്ങളുടെ സംരക്ഷണത്തിന് ഉപയോഗിക്കാം.
അതുകൊണ്ട് തന്നെ അഗസ്ത്യാർകൂടം ട്രെക്കിങ് വിനോദത്തിന് അപ്പുറത്ത് പല രീതിയിലും വനസംരക്ഷണത്തിന് കൂടി സഹായകമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

