തിരുവനന്തപുരം∙ മത്സരപ്പരീക്ഷയെഴുതി പാസായി കുരുന്നുകള്‍ക്കു വിദ്യപകരാന്‍ നിയമനം കാത്തിരിക്കുന്നവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. ഓള് കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് (മലയാളം) നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധം.
പൊരിവെയിലില്‍ പെണ്‍കുട്ടികളാണ് നിയമനം ആവശ്യപ്പെട്ടു നടുറോഡില്‍ മുട്ടിലിഴഞ്ഞത്. ഡിവിഷന് ഫാള്‍ വരുന്ന സ്കൂളുകളിലെല്ലാം നിശ്ചിത അധ്യാപക-വിദ്യാര്‍ഥി അനുപാതം ഏര്‍പ്പെടുത്തുക, റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട
ഉദ്യോഗാര്‍ഥികളെ അര്‍ധസര്‍ക്കാര്‍ സ്കൂളുകളില്‍ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
രഖില, വിജിഷ്മ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. അസോസിയേഷന് സംസ്ഥാന സെക്രട്ടറി എസ്.വളര്‍മതി, അജ്മല്‍ ഷാ, വിഷ്ണു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
റാങ്ക് ലിസ്റ്റ് നിലവില്‍വന്ന് ഏഴു മാസത്തോളം കഴിഞ്ഞിട്ടും എട്ട് ജില്ലകളില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണെന്ന് ഇവര്‍ പറയുന്നു. ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2026 ഏപ്രിലിനു ശേഷമാകും.
അതിനാല്‍ ഒരു നിയമനവര്ഷം നഷ്ടമാകുമെന്നും പ്രതിഷേധക്കാര്‍ പരാതിപ്പെടുന്നു.
തസ്തിക നിര്‍ണയം, പുനര്‍വിന്യാസം തുടങ്ങിയ സ്ഥിരം പ്രക്രിയകളില്‍ തട്ടിയാണ് എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറ് കണക്കിന് ഉദ്യോഗാര്‍ഥികളുടെ നിയമന സാധ്യതകള്‍ തകിടംമറിയുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് 31നാണ് 14 ജില്ലയിലെയും എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകള്‍ നിലവില്‍ വന്നത്. മെയിന്‍ ലിസ്റ്റില്‍ 6113, സപ്ലിമെന്ററി ലിസ്റ്റില്‍ 5488, ഭിന്നശേഷി ലിസ്റ്റില്‍ 157 എന്നിങ്ങനെ 11,758 പേരെയാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പിഎസ്സി അടുത്ത കാലത്തായി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ മുന്‍ ലിസ്റ്റിനെ അപേക്ഷിച്ച് ഉദ്യോഗാര്‍ഥികളെ കുറയ്ക്കുകയാണ് പതിവെങ്കിലും എല്‍പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റില്‍ 150ല്‍ അധികം പേരെ കൂടുതലായി ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ലിസ്റ്റ് വര്‍ധിപ്പിച്ചതിന്റെ ഗുണം നിയമനത്തില്‍ പ്രതിഫലിക്കുന്നില്ല.
നിലവില്‍ വന്ന് എട്ടു മാസം കഴിഞ്ഞെങ്കിലും ഇതുവരെ 2% പേര്‍ക്കു മാത്രമാണ് നിയമന ശുപാര്‍ശ ലഭിച്ചത്.
പിഎസ്സിയുടെ നിയമന ശുപാര്‍ശ ലഭിച്ചവര്‍ക്ക് ചില ജില്ലകളില്‍ ഇതുവരെ നിയമനം നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ഒഴിവ് നഷ്ടമായതുകൊണ്ടാണ് നിയമനം നല്കാന് കഴിയാതെ പോകുന്നത്.
കുട്ടികളുടെ കുറവിന്റെ അടിസ്ഥാനത്തില്‍ പല സ്കൂളുകളിലും ഡിവിഷന് കുറയ്ക്കേണ്ടതായി വന്നു. ഇതിനെ തുടര്‍ന്ന് അധികമെന്നു കണ്ടെത്തിയ അധ്യാപകരെ വിരമിക്കുന്നവരുടെ ഒഴിവിലേക്ക് പുനക്രമീകരിക്കണം.
മുന്‍ റാങ്ക് ലിസ്റ്റിന്റെ കാലത്തെ കുടിശിക നിയമനങ്ങളും പൂര്‍ത്തിയാക്കാനുണ്ട്. ഇതിനു ശേഷമേ പിഎസ്സി നിയമന ശുപാര്‍ശ ചെയ്തവരെ നിയമിക്കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ ഭാഷ്യം.
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിയമനം നടത്താനും ഇനിയും കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് ഉദ്യോഗാര്‍ഥികളെ ആശങ്കപ്പെടുത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

