തിരുവനന്തപുരം ∙ ജനങ്ങൾക്ക് സുഗമ യാത്ര ഒരുക്കാൻ ചുമതലപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥരും അനങ്ങിയില്ല.
ഫലമോ… മോഡൽ സ്കൂൾ ജംക്ഷൻ– തമ്പാനൂർ റോഡിൽ ഇന്നലെയും കുരുക്ക്. ‘ആരുണ്ടിവിടെ ചോദിക്കാൻ’ എന്ന മട്ടിൽ മറ്റു വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തി ദീർഘ ദൂര സ്വകാര്യ സർവീസുകൾ റോഡ് വക്കിൽ പാർക്ക് ചെയ്തത് അര മണിക്കൂർ വരെ.
ഒരു വരിയിലൂടെ തിങ്ങി ഞെരുങ്ങി മറ്റു വാഹനങ്ങൾ പോയപ്പോൾ രോഗികളുമായെത്തിയ ആംബുലൻസുകളും കുരുക്കിൽപ്പെട്ടു.
നഗരത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ കിഴക്കേകോട്ടയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ശുഷ്കാന്തി കാണിച്ച പൊലീസ് ആണ് വൻകിട സ്വകാര്യ ബസ് മുതലാളികൾക്ക് മുന്നിൽ മുട്ടിടിച്ചു നിൽക്കുന്നത്. വൈകിട്ട് 4 മുതലാണ് പ്രധാന റോഡിൽ ദീർഘദൂര സ്വകാര്യ സർവീസുകളുടെ അനധികൃത നിർത്തിയിടൽ.
മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, വിമൻസ് കോളജ്, കോട്ടൺഹിൽ സ്കൂൾ, തൈക്കാട് എൽപി സ്കൂൾ തുടങ്ങി നഗരത്തിലെ മിക്ക കോളജുകളും സ്കൂളുകളും ഈ സമയത്താണ് അധ്യയനം അവസാനിപ്പിക്കുന്നത്.
കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ എത്തുന്ന വാഹനങ്ങൾ പോലും പാർക്ക് ചെയ്യാൻ സമ്മതിക്കാതെയാണ് പൊലീസ് സ്വകാര്യ ദീർഘദൂര സർവീസുകൾക്ക് ഒത്താശ ചെയ്യുന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ കൂടി എത്തുമ്പോൾ വൈകിട്ട് 5നു ശേഷം പനവിള– തമ്പാനൂർ റോഡിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാകും. സമയത്ത് ട്രെയിൻ കിട്ടണമെങ്കിൽ വഴിയിൽ ഇറങ്ങി നടക്കുകയോ ഓട്ടോറിക്ഷയെ ആശ്രയിക്കുകയോ ചെയ്യേണ്ട
അവസ്ഥയാണെന്ന് ട്രെയിൻ യാത്രക്കാർ പറഞ്ഞു.
യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് കഴിഞ്ഞ മാസം കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ദീർഘ ദൂര സർവീസുകൾ സംഗീത കോളജ്– നോർക്ക ജംക്ഷൻ റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മേയറുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനം പോലും പൊലീസ് അട്ടിമറിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. മോഡൽ സ്കൂൾ ജംക്ഷനിലും അരിസ്റ്റോ ജംക്ഷനിലും വരെ ഇന്നലെ ദീർഘ നേരം ബസുകൾ പാർക്ക് ചെയ്തിരുന്നു.എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിക്ക് സുരക്ഷയൊരുക്കേണ്ട
ചുമതലയുള്ളതിനാലാണ് പനവിള– തമ്പാനൂർ റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ കഴിയാത്തതെന്ന് പൊലീസ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

