തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം പാങ്ങപ്പാറയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുൻപ് പ്രണയിച്ചിരുന്ന പെൺകുട്ടിയുടെ ഇപ്പോഴത്തെ കാമുകനെ അപായപ്പെടുത്താൻ ലക്ഷ്യമിട്ട്, നിലവിലെ കാമുകിയുടെ ഫോണും സമൂഹമാധ്യമ അക്കൗണ്ടും ഉപയോഗിച്ചാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തത്.
കൊലപ്പെടുത്താൻ ഉദ്ദേശിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തെത്തിക്കാൻ ഇതിലൊന്നും ഉൾപ്പെടാത്ത മറ്റൊരു പതിനേഴുകാരനെയാണ് കരുവാക്കിയത്. ഒപ്പം കാപ്പ ലിസ്റ്റിൽ ഉൾപ്പെട്ട
ക്രിമിനലിനെയും കൂടെക്കൂട്ടിയിരുന്നു. കൊല്ലപ്പെട്ട
അഭിരാമിന് പ്രതിയുടെ മുൻ കാമുകിയുടെ പുതിയ കാമുകന്റെ സുഹൃത്ത് എന്നതിലപ്പുറം അക്രമികളുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളുമായി ബന്ധപ്പെട്ട
സംഭവവികാസങ്ങളെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ്: പ്രതിയുമായുള്ള പ്രണയ ബന്ധത്തിൽനിന്ന് പിൻമാറിയ ശ്രീകാര്യം സ്വദേശിയായ പെൺകുട്ടി അഭിരാമിന്റെ സുഹൃത്തായ 17വയസ്സുകാരനുമായി അടുത്തയിടെ പ്രണയത്തിലായി. താനുമായുള്ള ബന്ധം വേർപിരിയാൻ കാരണം പെൺകുട്ടിയുടെ പുതിയ കാമുകനാണെന്ന് ഉറച്ചു വിശ്വസിച്ച പ്രതി അന്നുമുതൽ ഇയാളോട് കടുത്ത വൈരാഗ്യം പുലർത്തി.
തുടർന്ന് തന്റെ സുഹൃത്തും പുതിയ കാമുകിയുമായ ആനന്ദയോട് ഇക്കാര്യം തുറന്നപറഞ്ഞു. കടുത്ത വൈരാഗ്യമുള്ള പതിനേഴുകാരനെ അപായപ്പെടുത്താൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഭിരാമിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്.
ലക്ഷ്യമിട്ട കൗമാരക്കാരന്റെ അടുത്ത സുഹൃത്താണ് അഭിരാമെന്ന് പ്രതി തിരിച്ചറിയുകയായിരുന്നു.
സംഭവത്തിന് ഏതാനും ദിവസം മുൻപ് മുതൽ ആനന്ദയുടെ മൊബൈൽ ഫോൺ ഒന്നാംപ്രതിയുടെ കൈവശമായിരുന്നു. ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നിരന്തരം സന്ദേശം അയച്ച് അഭിരാമുമായി സൗഹൃദം സ്ഥാപിച്ചു.
പ്രണയം നടിച്ചു ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഒറ്റയ്ക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ബസിൽ യാത്ര ചെയ്ത് ഉച്ചകഴിഞ്ഞ് 3ന് അഭിരാം സംഭവസ്ഥലത്തെത്തി.
അഭിരാം എത്തുമ്പോൾ, പതിനേഴുകാരനും ഉമറും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. കെണി മനസ്സിലാക്കിയ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
സുഹൃത്തിനെ ഫോണിൽ വിളിച്ച് ഇവിടേക്ക് വരുത്തണമെന്ന പ്രതികളുടെ നിർബന്ധത്തിനു വഴങ്ങി അഭിരാം 2 തവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഞാൻ അവിടേക്ക് എത്തില്ലെന്നും വേണമെങ്കിൽ തന്റെ സ്ഥലത്തേക്ക് വരണമെന്നും സുഹൃത്തു മറുപടി നൽകി.
വീണ്ടും സമ്മർദം ചെലുത്തണമെന്ന പ്രതികളുടെ ആവശ്യം അഭിരാം ചെവിക്കൊണ്ടില്ല. മടങ്ങാൻ ശ്രമിച്ചപ്പോൾ പ്രതികൾ ബലംപ്രയോഗിച്ചു.
സംഘർഷത്തിനൊടുവിൽ കൈകൊണ്ടും ബെൽറ്റുകൊണ്ടും കഴുത്തിൽ മുറുക്കി അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി 6നും 8നും ഇടയിലായി കൊലപാതകം നടന്നെന്നാണ് പൊലീസിന്റെ നിഗമനം.
മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ചാക്കിൽ കെട്ടി കായലിൽ ഉപേക്ഷിക്കാനാണ് പ്രതികൾ ആദ്യം ആലോചിച്ചത്. ചാക്ക് കൊണ്ടുവന്ന് മൃതദേഹം അതിനുള്ളിലാക്കിയെങ്കിലും രാത്രി കനത്ത മഴ പെയ്തതോടെ പദ്ധതി നടപ്പായില്ല.
തുടർന്ന് മൃതദേഹം അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതികൾ അഭിരാമിന്റെ ഫോൺ നശിപ്പിച്ചു. പ്രായത്തിന്റെ ആനുകൂല്യം മുതലാക്കാനും പ്രതികൾ ശ്രമം നടത്തിയിരുന്നു.
പിടിക്കപ്പെട്ടാൽ പതിനേഴുകാരനായ ഒന്നാംപ്രതി കുറ്റം മുഴുവൻ ഏറ്റെടുക്കണമെന്നായിരുന്നു ധാരണയെന്നു പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തതിനാൽ ചെറിയ ശിക്ഷ മാത്രമേ ലഭിക്കുവെന്ന് ഇരുവരും വിലയിരുത്തി.
ഇതിനാൽ കൊലപാതകം താൻ ഒറ്റയ്ക്കാണ് നടത്തിയെന്നും പിന്നീടാണ് ഉമർ സംഭവ സ്ഥലത്തേക്ക് വന്നതുമെന്നാണ് ഒന്നാം പ്രതി പൊലീസിനോട് ആദ്യം പറഞ്ഞത്. കൊല്ലപ്പെട്ട
അഭിരാമും പ്രതികളായ പതിനേഴുവയസ്സുകാരനും രണ്ടാംപ്രതിയും ഒരേ നാട്ടുകാരാണ്. ഇവരുടെ വീടുകൾ തമ്മിൽ വലിയ ദൂരമില്ല.
അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശം ജനവാസമില്ലാത്തതും സാമൂഹിക വിരുദ്ധരുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും കേന്ദ്രംകൂടിയാണ്. ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലൈനിലാണു കൊല്ലപ്പെട്ട
അഭിരാമിന്റെ കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. അവിടെനിന്ന് ഒരു കിലോമീറ്റർ അകലെ കമുകിൻകോടാണ് അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ അകലെ പേരൂർ ആണ് കേസിലെ ഒന്നാം പ്രതി വാടകയ്ക്ക് താമസിക്കുന്നത്. ഒന്നാം പ്രതിയുടെ വീട്ടിൽനിന്നും 1.5 കിലോമീറ്റർ മാറിയാണ് രണ്ടാം പ്രതി ഉമർ മുഫ്താർ താമസിക്കുന്നത്.
രണ്ടാം പ്രതിയായ ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻവീട്ടിൽ ഉമർ മുഫ്താർ (22) പതിവ് കുറ്റവാളിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മോഷണം, അടിപിടി സംബന്ധിച്ച് ശ്രീകാര്യം, പേട്ട
പൊലീസ് സ്റ്റേഷനുകളിലായി അഞ്ചിലേറെ കേസുകളുണ്ട്. കാപ്പ കേസും ചുമത്തപ്പെട്ടിരുന്നു.
സെപ്റ്റംബർ 9നാണ് ആറുമാസത്തെ കാപ്പ തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. വീടു കുത്തിത്തുറന്നു കവർച്ച നടത്തുകയാണ് പ്രതിയുടെ പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു.
ശ്രീകാര്യം കൊലക്കേസിലെ 17വയസ്സുകാരനായ ഒന്നാം പ്രതി ഉമറിന്റെ അടുത്ത സുഹൃത്താണ്. ഉമർ പ്രതിയായ 3 മോഷണക്കേസുകളിൽ ഈ 17വയസ്സുകാരൻ രണ്ടാംപ്രതിയാണ്.
പല മോഷണങ്ങൾക്കും മുൻപ് ഇവർ തമ്മിൽ ആശയവിനിമയം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീകാര്യത്തു പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട
സംഭവത്തിൽ പൊലീസിന് വീഴ്ചയില്ലെന്നു കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ വ്യക്തമാക്കി. നവംബർ 1ന് 10.52നാണു അഭിരാമിനെ കാണാനില്ലെന്നു പരാതിയുമായി ബന്ധു സ്റ്റേഷനിൽ എത്തിയത്.
തുടർന്ന് ജിഡി ചാർജുള്ള ഉദ്യോഗസ്ഥൻ വിവരം പൊലീസ് കൺട്രോൾ റൂമിലും എഎസ്ഐയെയും അറിയിച്ചു. ഇതനുസരിച്ച് അവിടെ എത്തിയ എഎസ്ഐ കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിസരത്തു പരിശോധന നടത്തി.
അഭിരാമിന്റെ ഫോൺ ഓഫായത് മൺവിള ഭാഗത്തെ സെമിനാരിക്കു സമീപമായാണെന്നു സൈബർ സെൽ കണ്ടെത്തി. ഇതനുസരിച്ച് സെമിനാരിയിലെ ചുമതലക്കാരോട് ഉൾപ്പെടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു.
അഭിരാമിന്റെ സുഹൃത്തുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ 17വയസ്സുകാരന്റെ വീട്ടിൽ പുലർച്ചെ 3ന് എത്തി. തുടർന്ന് 17വയസ്സുകാരനെയും പിതാവിനെയും കൂട്ടി സ്റ്റേഷനിലെത്തി.
തുടർന്ന് അഭിരാമിന്റെ ബന്ധുക്കളും പ്രതിയും തമ്മിൽ തർക്കമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. വീട്ടിലേക്ക് മടക്കിയയച്ച 17വയസ്സുകാരനെ ഇന്നലെ രാവിലെ വീണ്ടും സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവെങ്കിലും സന്ദേശം അയച്ചെന്നല്ലാതെ മറ്റൊന്നും വെളിപ്പെടുത്തിയില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഉമറിന്റെ പങ്ക് കണ്ടെത്തിയത്. ഉമറിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ മുഴുവൻ വിവരങ്ങളും അറിഞ്ഞതെന്നും കമ്മിഷണർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

