
വിതുര ജഴ്സി ഫാം ഭൂമി കൈമാറ്റം: ആശങ്ക വേണ്ടെന്ന് മന്ത്രിയുടെ ഉറപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിതുര∙ അടിപറമ്പ് ജഴ്സി ഫാം ഭൂമി കൈമാറ്റ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ജെ.ചിഞ്ചു റാണി ഉറപ്പ് നൽകിയതായി തൊഴിലാളി യൂണിയൻ നേതാക്കൾ. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സംരക്ഷിച്ച് ഫാം നിലനിർത്തി മാത്രമേ എന്തു നടപടിയിലേക്കും കടക്കൂവെന്ന് മന്ത്രി സംയുക്ത തൊഴിലാളി യൂണിയൻ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. ഫാമിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കെഎൽഡി(കേരള ലൈവ്സറ്റോക്ക് ഡവലപ്മെന്റ്) ബോർഡിന് കൈമാറാനുള്ള നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഫാമിലെ സംയുക്ത തൊഴിലാളി യൂണിയൻ സമരം 10 ദിവസം പന്നിട്ടു. ഇതിനിടെ തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി തന്റെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ആശങ്ക വേണ്ടെന്ന് അറിയിച്ചത്.100 കോടിയുടെ കേന്ദ്ര പദ്ധതി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി ചർച്ചയിൽ പറഞ്ഞതായി യൂണിയൻ പ്രതിനിധികൾ ‘മനോരമ’യോടു പറഞ്ഞു.
200 പശുക്കൾ അടങ്ങുന്നതും ഹൈബ്രിഡ് ഉൽപാദനത്തിൽ കേന്ദ്രീകരിക്കുന്നതുമായ പദ്ധതിയാണ് വരുന്നത്. സൗകര്യ പ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് വിതുര അടിപറമ്പ് ജഴ്സി ഫാം തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ ഉയർന്ന തൊഴിലാളികളുടെയും മറ്റും ആശങ്ക സ്വാഭാവികമാണ്. ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് വൈകാതെ യോഗം ചേരുമെന്നും മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി.നാഷനൽ ഗവ. ഫാം വർക്കേഴ്സ് ഫെഡറേഷൻ(ഐഎൻടിയുസി) ജനറൽ സെക്രട്ടറി മണ്ണറ വേണു, സിഐടിയു നേതാവ് ഹക്കീം, എഐടിയുസി നേതാവ് പി.എസ്.നായിഡു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഴിഞ്ഞ മാസം 22ന് ആയിരുന്നു സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്.
കെഎൽഡി അധികൃതർ ഫാമിലെ സന്ദർശനം നടത്തിയതിനു പിന്നാലെ ഭൂമി കൈമാറാനുള്ള നീക്കമാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ സമരം ആരഭിച്ചത്. ഭൂമി കൈമാറ്റം ഫാമിന്റെ നല്ല നടത്തിപ്പിനെ ബാധിക്കുമെന്നാണ് തൊഴിലാളികൾ പങ്ക് വയ്ക്കുന്ന ആശങ്ക. തൊഴിലാളികളുടെ ജോലിയെ പ്രതികൂലമായി ബാധിക്കുന്നതു സംബന്ധിച്ച് കൂടി ആശങ്ക ഉയർന്നതോടെ സമരം ശക്തമാക്കി. ഐഎൻടിയുസി, സിഐടിയു, എഐടിയുസി യൂണിയനുകൾ സംയുക്തമായാണ് ഫാമിൽ സമരം നടത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഫാമിലെ എല്ലാ തൊഴിലാളികളും ഒറ്റക്കെട്ടായി സമര രംഗത്തുള്ളത് ആശങ്ക നീങ്ങാതെ സമരം അവസാനിപ്പിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. അതേ സമയം ഫാമിലെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലാണ് തൊഴിലാളികളുടെ സമരം.
ബന്ധപ്പെട്ടവരുടെ മൗനം ദുരൂഹം; കോൺഗ്രസ്
വിതുര∙ അടിപറമ്പ് ജഴ്സി ഫാമിലെ ഭൂമി രഹസ്യ സ്വഭാവത്തോടെ കൈമാറാനുള്ള നീക്കം ആശങ്ക ഉയർത്തുന്നതാണെന്നും തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുമെന്നും ഫാമിന്റെ ഭാവി വികസനത്തിന് തടസ്സമാകും എന്നത് അടക്കമുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ടവർ വ്യക്ക്തമായ മറുപടി നൽകുന്നില്ലെന്നും അവരുടെ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ പ്രസ്താവന വന്നെങ്കിലും ആശങ്ക നീങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബോധ്യപ്പെടുത്തണമെന്നും തൊഴിലാളികളെ ബാധിക്കുന്ന നീക്കം ഉണ്ടാകുമെങ്കിൽ അതിനെ ശക്തമായി ചെറുക്കുമെന്നും കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ അറിയിച്ചു.
ഫാം സംരക്ഷണ സമിതി രൂപീകരിച്ചു
വിതുര∙ അടിപറമ്പ് ജഴ്സി ഫാം ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ നീക്കാൻ ജനപ്രതിനിധികളെയും കക്ഷി രാഷ്ട്രീയ പ്രതിനിധികളെയും യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തി ഫാം സംരക്ഷണ സമിതി രൂപീകരിച്ചു.ആശങ്ക പൂർണമായും നീക്കുകയും ഫാമിനെ ബാധിക്കുന്ന തരത്തിലുള്ള നടപടികളെ തടയുകയുമാണ് സമിതിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രതിനിധികൾ പറഞ്ഞു.