തിരുവനന്തപുരം ∙ രണ്ടര വർഷമായി നേരിടുന്ന നീതികേടിന്റെ തെളിവുകളുമായി കാട്ടാക്കട കിള്ളി സ്വദേശിനി സുമയ്യ ഇന്നു മെഡിക്കൽ ബോർഡിനു മുന്നിലെത്തും.
തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ ഇന്നു രാവിലെ 10.30ന് ഹാജരാകാനാണ് സുമയ്യയോടു നിർദേശിച്ചിരിക്കുന്നത്. 2023 മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു പിന്നാലെ, ശസ്ത്രക്രിയയുടെ ഭാഗമായി ഉപയോഗിച്ച ഗൈഡ്വയർ ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ കുടുങ്ങിയ അവസ്ഥയിലാണ് സുമയ്യ നീതി തേടിയിറങ്ങിയത്.
ഇപ്പോൾ ശ്വാസതടസ്സം ഉൾപ്പെടെ വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു.
തുടർചികിത്സയ്ക്കു പണമില്ലെന്നു പറഞ്ഞപ്പോൾ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത ഡോക്ടർ സാമ്പത്തിക സഹായം നൽകിയിരുന്നതായും ഗൂഗിൾപേ വഴിയാണ് പണം നൽകിയതെന്നും സുമയ്യ വെളിപ്പെടുത്തി. എന്നാൽ, ചികിത്സയിൽ പിഴവുണ്ടായെന്ന വിവരം മറച്ചുവച്ചു.
ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും സുമയ്യയും കുടുംബവും സന്ദർശിച്ചു.
ഇന്നു മെഡിക്കൽ ബോർഡിനു മുൻപാകെ ഹാജരായി തെളിവുകൾ ഹാജരാക്കാൻ ഇരുവരും നിർദേശിച്ചതായി സുമയ്യ പറഞ്ഞു. തുടർ നടപടികൾക്കായി സർക്കാരിൽ സമ്മർദം ചെലുത്തുമെന്നു നേതാക്കൾ ഉറപ്പു നൽകിയതായും സുമയ്യ പറഞ്ഞു. ചികിത്സയിൽ പിഴവു വരുത്തിയവർ സ്വന്തം തെറ്റു മറച്ചുപിടിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾ വഷളായതെന്നും തെളിവുകളെല്ലാം മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കുമെന്നും സുമയ്യയുടെ കുടുംബം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]