സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഈ വർഷം നിർണായക സ്വാധീനം ചെലുത്തുന്നത് രണ്ട് പ്രധാന ഘടകങ്ങളാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. പസിഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) എന്നിവയുമാണ് ഇതിൽ പ്രധാനം.
പസിഫിക് സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപംകൊണ്ട എൽനിനോ കേരളത്തിലെ മൺസൂൺ മഴയുടെ ലഭ്യതയെ ഇതിനോടകം തന്നെ സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മൺസൂൺ കാറ്റുകളുടെ ശക്തി കുറയ്ക്കാനും, മഴയുടെ അളവിൽ കുറവുണ്ടാക്കാനും, താപനില ഉയരാനും അതുവഴി വരണ്ട കാലാവസ്ഥ നീണ്ടുനിൽക്കാനും ഈ പ്രതിഭാസം കാരണമാകുന്നുണ്ട്.
എന്നാൽ, ഐഒഡിയുടെ സ്വാധീനം ഇതുവരെയും കാര്യമായ രീതിയിൽ പ്രകടമായിട്ടില്ല. പസിഫിക് സമുദ്രത്തിന്റെ മധ്യ, കിഴക്കൻ ഭാഗങ്ങളിലെ ഉപരിതല ജലം സാധാരണയിലും കൂടുതൽ ചൂടുപിടിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് എൽ–നിനോ.
ഇന്ത്യയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റർ അകലെയാണ് ഇത് രൂപം കൊള്ളുന്നതെങ്കിലും, ആഗോളതലത്തിലെ കാലാവസ്ഥാ ക്രമത്തെ കാര്യമായി മാറ്റിയെഴുതാൻ ഇതിന് സാധിക്കും. ഇന്ത്യയിൽ ലഭിക്കേണ്ട
തെക്കുപടിഞ്ഞാറൻ മൺസൂണിനെ ദുർബലപ്പെടുത്തുന്നതിൽ ഈ പ്രതിഭാസം പ്രധാന പങ്കുവ വഹിക്കാറുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശരാശരിയിലും താഴെ മഴ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു.
വരും മാസങ്ങളിൽ എൽനിനോ കൂടുതൽ ശക്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മറുവശത്ത്, ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനിലയിൽ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസത്തെയാണ് ഇന്ത്യൻ ഓഷ്യൻ ഡൈപോൾ എന്ന് വിശേഷിപ്പിക്കുന്നത്.
എൽനിനോയ്ക്ക് സമാനമായി സമുദ്രത്തിൽ രൂപപ്പെടുന്ന മറ്റൊരു പ്രതിഭാസമാണിത്. സാധാരണഗതിയിൽ സമുദ്രത്തിന്റെ കിഴക്കൻ ഭാഗമായ ഓസ്ട്രേലിയയോട് ചേർന്ന പ്രദേശം ചൂടാകുകയും, പടിഞ്ഞാറൻ ഭാഗമായ ആഫ്രിക്കയുടെ കിഴക്കൻ തീരം തണുത്തിരിക്കുകയും ചെയ്യുന്നതാണ് രീതി.
എന്നാൽ ഇതിന് വിപരീതമായി പടിഞ്ഞാറൻ ഭാഗം ചൂടുപിടിക്കുകയും കിഴക്കൻ ഭാഗം തണുത്തിരിക്കുകയും ചെയ്യുന്ന പോസിറ്റീവ് ഐഒഡി സാഹചര്യം വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷ. അങ്ങനെയ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

