
പ്രധാനമന്ത്രിയുടെ വിഴിഞ്ഞം സന്ദർശനം: സുരക്ഷ ഉറപ്പിക്കാൻ സൈനിക വാഹന വ്യൂഹം ട്രയൽ റൺ നടത്തി
വിഴിഞ്ഞം∙ പ്രധാനമന്ത്രി മേയ് 2ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തുന്നതിനോടനുബന്ധിച്ച് സുരക്ഷാ ട്രയൽ റൺ നടന്നു. ട്രയൽ റണ്ണിന്റെ ഭാഗമായി രാവിലെ എയർ ഫോഴ്സിന്റെ ഹെലികോപ്റ്റർ തുറമുഖത്തെത്തി.
നേരത്തെ നിശ്ചയിച്ച സ്ഥാനത്തു നിന്നു ഹെലിപാഡ് തുറമുഖ ബെർത്തിലേക്കു മാറ്റിയതനുസരിച്ച് ഇവിടെയാണ് ഹെലികോപ്റ്റർ പരീക്ഷണാർഥം ഇറങ്ങിയത്. വൈകിട്ട് റോഡ് മാർഗമുള്ള ട്രയൽ റൺ നടന്നു. പാങ്ങോട് സൈനിക ക്യാംപിൽ നിന്നുള്ള വാഹന വ്യൂഹം നഗരത്തിലെ റോഡിലൂടെ തിരുവല്ലം–ബൈപാസ്–പയറുമൂട്– സർവീസ് റോഡു വഴി പുളിങ്കുടിയിൽ എത്തി.
READ ALSO
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം നഗരത്തിൽ 2 ദിവസത്തെ ഗതാഗത നിയന്ത്രണം
Thiruvananthapuram News
തുടർന്ന് തുറമുഖ കവാടത്തിലൂടെ ചടങ്ങു നടക്കുന്ന സ്ഥലം വരെ സഞ്ചരിച്ചു. പ്രധാനമന്ത്രിയുടെ 15 വാഹനങ്ങളും മുഖ്യമന്ത്രിയുടെ 10 വാഹനങ്ങളും മന്ത്രിമാർ ജില്ലാ കലക്ടർമാരുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ വാഹനങ്ങളും അകമ്പടി വാഹനങ്ങളുമാണുണ്ടായിരുന്നത്. കാലാവസ്ഥ മോശമാവുകയാണെങ്കിൽ പകരം സംവിധാനം എന്ന നിലയ്ക്കാണ് റോഡ് മാർഗമുള്ള പാത തിരഞ്ഞെടുത്തത്.
ഹെലികോപ്റ്റർ മുഖാന്തരമാവും എത്തുകയെങ്കിലും ചടങ്ങു കഴിയും വരെ കര വഴിക്കുള്ള പ്രധാന റോഡുകളിലൊന്ന് ഒഴിച്ചിടും. ഇവിടെ ശക്തമായ പൊലീസ് വിന്യാസമുണ്ടാകും.
ചടങ്ങു നടക്കുന്ന പന്തലിലേക്കു നാളെ രാവിലെ 7 മുതൽ പ്രവേശനം അനുവദിക്കും. തുറമുഖ കവാടത്തിൽ നിന്നുള്ള വശത്തെ റോഡിലൂടെയാകും വേദിയിലേക്കുള്ള പ്രവേശനം.
പൊതുജനം രാവിലെ 9.30ന് അകം പന്തലിൽ എത്തണമെന്നു പൊലീസ് നിർദേശിച്ചു. ഇതിനു ശേഷം പന്തലുകളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടയ്ക്കും. പ്രധാനമന്ത്രി, ഗവർണർ,മുഖ്യമന്ത്രി, എന്നിവരുടെ വാഹനങ്ങൾ മാത്രം പ്രധാന കവാടം വഴി കടത്തിവിടും.
മുഖ്യ പ്രവേശന കവാടത്തിലെത്തുന്ന മന്ത്രിമാരുൾപ്പെട്ട വിവിഐപികൾക്ക് പ്രവേശിക്കാൻ പ്രത്യേക വാഹനം സജ്ജമാക്കും.
തുറമുഖത്തു നിന്നു ദേശീയ പാതയിലേക്കു നീളുന്ന റോഡരികിൽ കാറുകളും വലിയ വാഹനങ്ങൾ ആളിനെ ഇറക്കി മുള്ളുമുക്കു ജംക്ഷനിൽ തുറമുഖ കമ്പനി ട്രക്ക് യാഡിലും പാർക്കു ചെയ്യാനനുവദിക്കുമെന്നു പൊലീസ് പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ മുല്ലൂർ ക്ഷേത്രത്തിനു സമീപത്തെ സ്ഥലത്ത് പാർക്ക് ചെയ്യാം.
പ്രധാന പാതകൾക്കിരുവശത്തും വാഹന പാർക്കിങ് അനുവദിക്കില്ല. പ്രധാനമന്ത്രിയുടെ അത്താഴം ഗവർണർക്ക് ഒപ്പം
ഇന്നു രാത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കവടിയാർ കൊട്ടാരത്തിനു സമീപത്തെ ഹെലിപാഡിൽ ഇറങ്ങിയ ശേഷമാകും രാജ്ഭവനിലെത്തുകയെന്നാണു വിവരം.
ഗവർണർക്കൊപ്പമാണ് അത്താഴം. നാളെ രാവിലെ പാങ്ങോട് സൈനിക സ്റ്റേഷനിൽനിന്നുള്ള ഹെലികോപ്റ്ററിലാകും വിഴിഞ്ഞത്തേക്കു തിരിക്കുക.
ഓർക്കാൻ
∙ചടങ്ങിനെത്തുന്നവർ തിരിച്ചറിയൽ രേഖ കരുതണം. ബാഗ്, കുട, നാണയം എന്നിവ ഉൾപ്പെടെയുള്ളവയുമായി പ്രവേശനം അനുവദിക്കില്ല.
∙ക്യാമറ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടുവരരുത്.
∙മൊബൈൽ ഫോൺ, കറൻസി നോട്ടുകൾ എന്നിവ കരുതാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]