തിരുവനന്തപുരം ∙ കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സിഇടി) വിദ്യാർഥിയായിരുന്ന ബംഗാൾ സ്വദേശി ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം ആൾമാറാട്ടം നടത്തി 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതിയെ നാഗ്പുരിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തത് ഇന്റലിജൻസ് സംഘം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ. ആൻഡമാൻ നിക്കോബാർ സ്വദേശി ദുർഗ ബഹാദൂർ ഭട്ട് ഛേത്രി (ദീപക് ) എന്ന പ്രതി സൂരജ് ബി.ഭട്ട് എന്ന പേരിലാണ് നാഗ്പുരിൽ കഴിഞ്ഞത്.
കേസിലെ രണ്ടാം പ്രതിയായ ആൻഡമാൻ നിക്കോബാർ സ്വദേശി മുഹമ്മദ് അലിയെ കോടതി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിച്ചിരുന്നു.
2005 ഒക്ടോബറിലാണ് ശ്യാമൾ മണ്ഡൽ കൊല ചെയ്യപ്പെട്ടത്. കേസിൽ വിചാരക്കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദുർഗ ബഹാദൂർ ഭട്ട് ഛേത്രിയെ എറണാകുളത്തെ കോടതിയിൽ ഹാജരാക്കും.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് വിഭാഗം വിദ്യാർഥിയായിരുന്നു ശ്യാമൾ മണ്ഡൽ.
ആൻഡമാനിൽനിന്ന് കേരളത്തിലെത്തിയ ദുർഗ ബഹാദൂർ ഭട്ട് ഛേത്രിയും മുഹമ്മദ് അലിയും ചേർന്ന് ശ്യാമളിനെ തട്ടിക്കൊണ്ടു പോയി പിതാവ് ബസുദേവ് മണ്ഡലിനോട് 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ബസുദേവ് ബംഗാൾ പൊലീസിനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
ഇതോടെ ശ്യാമളിനെ പ്രതികൾ കൊലപ്പെടുത്തിയെന്നാണു കേസ്.
2005 ഒക്ടോബർ 13ന് കാണാതായ ശ്യാമളിന്റെ മൃതദേഹം 23ന് തിരുവല്ലം വെള്ളാർ ഭാഗത്തെ റോഡരികിൽ ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ശ്യാമളിന്റെ പിതാവിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
മുഹമ്മദ് അലിയുടെ ആൻഡമാനിലെ ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ, അലിയുടെ പിതാവ് സുഹൃത്തായ ബസുദേവിൽ നിന്ന് 10,000 രൂപ കടം വാങ്ങി. ആൻഡമാനിൽ മുൻപ് അധ്യാപകനായിരുന്നു ബസുദേവ്.
പണം സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ആൻഡമാനിലെ മുഹമ്മദ് അലിയുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ദുർഗാ ബഹാദൂർ ഭട്ട് ചേത്രി.
ഹൈക്കോടതി ഇടപെട്ടതിനെ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.
ദുർഗ ബഹാദൂർ ഭട്ട് ഛേത്രി, മുഹമ്മദ് അലി എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നു സിബിഐ കണ്ടെത്തിയിരുന്നു. 2005ൽ സിബിഐ അന്വേഷണം ആരംഭിച്ചത് മുതൽ ദുർഗാ ബഹാദൂർ ഭട്ട് ഛേത്രി ഒളിവിലായിരുന്നു.
സിബിഐ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 27ന് നാഗ്പൂരിൽ നിന്നാണ് സിബിഐ സംഘം ബഹാദൂർ ഭട്ട് ഛേത്രിയെ അറസ്റ്റ് ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

