
പെരുമഴയിൽ വിറങ്ങലിച്ച് പത്തനംതിട്ട ജില്ല; കരകവിഞ്ഞ് നദികൾ, കോസ്വേകൾ മുങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ കനത്ത നാശനഷ്ടം. കോഴഞ്ചേരി, അടൂർ താലൂക്കുകളിൽ രണ്ടു വീതം വീടുകൾ പൂർണമായി തകർന്നു. ആറ് താലൂക്കുകളിലായി 197 വീടുകൾ ഭാഗികമായും തകർന്നു. തിരുവല്ല 53, റാന്നി 37, അടൂർ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങൾ വീണ് 124 ഹൈടെൻഷൻ പോസ്റ്റും 677 ലോടെൻഷൻ പോസ്റ്റും തകർന്നു. 992 ട്രാൻസ്ഫോർമറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അതത് കെഎസ്ഇബി സെക്ഷൻ ഓഫീസിലോ, കൺട്രോൾ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.
ഇതുവരെ 2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടർ സ്ഥലത്ത് വിവിധ കാർഷിക വിളകൾ നശിച്ചു. 1676 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടൂർ ബ്ലോക്കിലാണ് കൂടുതൽ നാശം. 242 കർഷകർക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബർഎന്നിവയാണ് കൂടുതൽ നശിച്ചത്.
ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാംപുകൾ
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ 18 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. തിരുവല്ല താലൂക്കില്‍ 13 ഉം കോഴഞ്ചേരി താലൂക്കില്‍ നാലും കോന്നി താലൂക്കില്‍ ഒരു ക്യാംപാണുള്ളത്. തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്കൂള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍ പി സ്കൂള്‍, കുറ്റപ്പുഴ സെന്റ് തോമസ് സ്കൂള്‍, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്, നിരണം സര്‍ക്കാര്‍ യുപിഎസ്, കോയിപ്രം കുമ്പനാട് ഗേള്‍സ് സ്കൂള്‍, ഇരവിപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ഇരവിപേരൂര്‍ എന്‍എസ്എസ് സ്കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്, കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍, കോഴഞ്ചേരി താലൂക്കില്‍ ആറന്മുള എന്‍എംയുപി സ്കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, കിടങ്ങന്നൂര്‍ വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്ത സാംസ്കാരിക നിലയം, കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് എന്നിവിടങ്ങളിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്.96 കുടുംബങ്ങളിലായി 138 പുരുഷന്മാരും 142 സ്ത്രീകളും 48 കുട്ടികളുമുള്‍പ്പെടെ 321 പേരാണ് ക്യാംപിലുള്ളത്.
കരകവിഞ്ഞ് നദികൾ, കോസ്വേകൾ മുങ്ങി
തോരാതെ പെയ്ത മഴയിൽ പമ്പ, അച്ചൻകോവിൽ, മണിമല നദികളിലെ ജലനിരപ്പ് അപകട നിലയ്ക്കു മുകളിലേക്ക്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് കുരമ്പൻമൂഴി, അരയാഞ്ഞലിമൺ, മുക്കം കോസ് കോസ്വേകൾ മുങ്ങി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ.പമ്പാനദിയിൽ അയിരൂർ–കുരുടാമണ്ണിലെ കണക്ക് അനുസരിച്ച് അപകട മുന്നറിയിപ്പ് 8.5മീറ്ററിനാണ്. ഇന്നലെ രാവിലെ ജലനിരപ്പ് 9.01 മീറ്ററിൽ എത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇവിടെ ജലനിരപ്പ് 1.38 മീറ്റർ ഉയർന്നു. മാരാമണ്ണിൽ ജലനിരപ്പ് 7.91 മീറ്ററിൽ എത്തി.ഇവിടെ അപകടനില 4.29 മീറ്ററാണ്. പമ്പാനദി കരകവിഞ്ഞതോടെ റാന്നി, മാമുക്ക്, അങ്ങാടി പേട്ട, പുളിമുക്ക്, തോട്ടമൺ, പുല്ലൂപ്രം, വരവൂർ, ഇടപ്പാവൂർ, അയിരൂർ, ചെറുകോൽപുഴ, മേലുകര, കീഴുകര, നെടുമ്പ്രയാർ, മാരാമൺ, തോട്ടപ്പുഴശേരി, ആറന്മുള, കോയിപ്രം, ആറാട്ടുപുഴ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
റാന്നി–കോഴഞ്ചേരി റോഡിൽ പുതമൺ ചപ്പാത്ത് മുങ്ങിയതിനെ തുടർന്ന് വാഹനങ്ങൾ പേരൂർച്ചാൽ, ഇടപ്പാവൂർ, ചെറുകോൽപുഴ വഴി തിരിച്ചു വിട്ടു. അരയാഞ്ഞലിമൺ, കുരമ്പൻമൂഴി, കോസ്വേകൾ മുങ്ങിയതിനാൽ പമ്പാനദിയുടെ മറുകരയിലുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടു.അച്ചൻകോവിലാറ്റിൽ കോന്നി, കല്ലേലി, പന്തളം എന്നിവിടങ്ങളിലെ കണക്ക് അനുസരിച്ച് ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. കോന്നിയിൽ 24.45മീറ്ററും കല്ലേലിയിൽ 31.79 മീറ്ററിലും പന്തളത്ത് 9.08 മീറ്ററിലും ജലനിരപ്പ് എത്തി. മണിമലയാറ്റിൽ വള്ളംകുളത്തെ കണക്ക് അനുസരിച്ച് ജലനിരപ്പ് അപകട നിലയ്ക്കും മുകളിലാണ്.
ശബരിമല, കക്കി, പമ്പ, മൂഴിയാർ, നിലയ്ക്കൽ, വടശേരിക്കര, പെരുന്തേനരുവി, അയിരൂർ കുരുടാമണ്ണിൽ എന്നിവിടങ്ങളിലിൽ രാത്രിയിൽ ശക്തമായ മഴയാണ് പെയ്തത്. ആവണിപ്പാറ, ചെമ്പൻമല, നീരാമക്കുളം, താവാളപ്പാറ, കരിപ്പാൻതോട്, പാടം, കുമ്മണ്ണൂർ, കല്ലേലി എന്നിവിടങ്ങളിലും ശക്തമായ മഴയായിരുന്നു.പമ്പാനദിയിലെ വലിയ അണക്കെട്ടുകളാണ് കക്കി– ആനത്തോട്, പമ്പ എന്നിവ. ഈ 3 അണക്കെട്ടിലെയും ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് പൂർണ സംഭരണ ശേഷിയോട് അടുത്തതിനാൽ 2 ദിവസമായി ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന് അധികജലം കക്കാട്ടാറ്റിേക്ക് ഒഴുക്കി വിടുകയാണ്.
ഇന്നലത്തെ മഴയുടെ അളവ്
പമ്പാനദിയുടെ മേഖല– കക്കി 175 മില്ലി മീറ്റർ, പമ്പഡാം 129 മില്ലി മീറ്റർ, മൂഴിയാർ 126മില്ലി മീറ്റർ, നിലയ്ക്കൽ 98 മില്ലി മീറ്റർ, ചെറുകുളഞ്ഞി മില്ലി മീറ്റർ, വടശേരിക്കര 134മില്ലി മീറ്റർ, പെരുന്തേനരുവി 106.4 മില്ലി മീറ്റർ, അയിരൂർ കുരുടാമണ്ണിൽ 105 മില്ലി മീറ്റർ,
അച്ചൻകോവിലാർ മേഖല– ആവണിപ്പാറ 91.76 മില്ലി മീറ്റർ, ചെമ്പൻമല 91.76 മുള്ളുമല 81.17മില്ലി മീറ്റർ, നീരാമക്കുളം 80 മില്ലി മീറ്റർ, മണ്ണീറ 107.05 മില്ലി മീറ്റർ, താവളപ്പാറ 100മില്ലി മീറ്റർ, കുമ്മണ്ണൂർ 28.23 മില്ലി മീറ്റർ, കരിപ്പാൻതോട് 108.23 മില്ലി മീറ്റർ, പാടം 109.41 മില്ലി മീറ്റർ,
വിവിധ നദിയിലെ ജലനിരപ്പ്, അപകട നില ബ്രാക്കറ്റിൽ.
∙പമ്പാനദി:– മാരാമൺ 7.91മീറ്റർ ( 4.29 മീറ്റർ), അയിരൂർ– കുരുടാമണ്ണിൽ 9.01 മീറ്റർ (9.5 മീറ്റർ)
∙അച്ചൻകോവിലാർ:–കോന്നി 24.45 മീറ്റർ (19.25), കല്ലേലി 31.79 മീറ്റർ (30.7 മീറ്റർ), പന്തളം 9.08 മീറ്റർ(10 മീറ്റർ)