കവിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പാവിൽ വീട്ടിലേക്കുള്ള പ്രവേശന വഴിയിലുണ്ടായിരുന്ന തടസ്സം നീക്കാൻ അടിയന്തര നടപടി. ഈ വീട്ടിൽ താമസിക്കുന്ന ശിവദാസിന്റെ മകൾ ശിഖ ശിവദാസ് എംജി സർവകലാശാല ബിഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതോടെയാണ് ഈ കുടുംബത്തിന്റെ യാത്രാദുരിതം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വീട്ടിലേക്കുള്ള വഴിയിൽ അരയടിയോളം വീതി മാത്രമുള്ള സ്ഥലത്ത് വൈദ്യുതിത്തൂൺ നിൽപ്പുണ്ടായിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. റാങ്ക് ജേതാവായ ശിഖയെ അനുമോദിക്കാനായി വീട്ടിലെത്തിയ പഞ്ചായത്ത് ജനപ്രതിനിധികളാണ് ദുഷ്കരമായ ഈ സാഹചര്യം നേരിട്ട് കണ്ടത്.
തുടർന്ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അംഗം സി.ജി. ഫിലിപ്പ് ഈ വിഷയം ഉന്നയിച്ചു.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റ് അംഗങ്ങൾ എന്നിവർ ഈ ആവശ്യത്തെ പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ രാജേഷ് കുമാർ പിള്ള, തോട്ടഭാഗം സെക്ഷൻ അസി.
എൻജിനീയർ ദിലീപ് ചാക്കോ എന്നിവർ സ്ഥലം പരിശോധിച്ച് തൂൺ മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകി. ഈ പ്രവൃത്തിക്കായി വേണ്ടിവരുന്ന തുക മുഴുവൻ തോട്ടഭാഗം സെക്ഷനിലെ ജീവനക്കാർ അവരുടെ പൊതുനന്മ ഫണ്ടിൽ നിന്നും വകയിരുത്തി.
റാങ്ക് ജേതാവായ ശിഖ ശിവദാസിനുള്ള ഉപഹാരമായാണ് ജീവനക്കാർ ഈ തുക വിനിയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

