പത്തനംതിട്ട ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും തിരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും കോൺഗ്രസ് അംഗങ്ങളാണ്. ദീനാമ്മയ്ക്ക് 11 വോട്ട് ലഭിച്ചപ്പോൾ, എതിർസ്ഥാനാർഥി സിപിഎമ്മിലെ ബീനാപ്രഭയ്ക്ക് 5 വോട്ട് കിട്ടി.
ജി.സതീഷ് ബാബുവാണ് ദീനാമ്മയുടെ പേര് നിർദേശിച്ചത്. ജൂലി സാബു പിന്താങ്ങി. സവിത അജയകുമാർ ബീനാ പ്രഭയുടെ പേര് നിർദേശിച്ചു.
വൈഷ്ണവി ശൈലേഷ് പിന്താങ്ങി. കാലിനു പരുക്കേറ്റ് ചികിത്സയിലായതിനാൽ കോയിപ്രം ഡിവിഷൻ മെംബർ നീതു മാമ്മൻ കൊണ്ടൂർ വോട്ടെടുപ്പിനെത്തിയില്ല.
കലക്ടർ എസ്.പ്രേം കൃഷ്ണനായിരുന്നു വരണാധികാരി.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ അനീഷ് വരിക്കണ്ണാമലയ്ക്കും 11 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി എ.എൻ.സലീമിന് 5 വോട്ടും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് ദീനാമ്മയ്ക്ക് 2 വർഷമാണ് നൽകിയിട്ടുള്ളത്. ഒന്നര വർഷം വീതം എം.വി.അമ്പിളിയ്ക്കും നീതു മാമ്മൻ കൊണ്ടൂരിനും പ്രസിഡന്റ് സ്ഥാനം ലഭിക്കും.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യ 3 വർഷം അനീഷ് വരിക്കണ്ണാമലയ്ക്കും 2 വർഷം സാം ഈപ്പനും ലഭിക്കും.
ദീനാമ്മ റോയ് (63)
ദീനാമ്മ റോയ് സംഘടനാരംഗത്ത് ആർജിച്ച പരിചയസമ്പത്തുമായാണ് ജില്ലാ പഞ്ചായത്തിന്റെ അമരത്തെത്തുന്നത്. സോഷ്യോളജി ബിരുദധാരിയാണ്.
അട്ടച്ചാക്കൽ സ്വദേശിയാണ്. ജില്ലാ പഞ്ചായത്തിൽ പ്രമാടം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഭർത്താവ്: പരേതനായ റോയ് സി.മാമ്മൻ.
മക്കൾ: റോണി റോയ് (അയർലൻഡ്), റോഷിൻ ആൻ റോയ് (അധ്യാപിക). മരുമക്കൾ: അങ്കിത (അയർലൻഡ്), ഹാരിസ് (അധ്യാപകൻ).
അനീഷ് വരിക്കണ്ണാമല (43)
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ അനീഷ് വരിക്കണ്ണാമല കോഴഞ്ചരി ഡിവിഷനിൽ നിന്നാണ് ജയം കുറിച്ചത്. കെഎസ്യുവിൽ യൂണിറ്റുതലം മുതൽ പ്രവർത്തനം തുടങ്ങിയ അനീഷ് നിലവിൽ കെപിസിസി സെക്രട്ടറിയാണ്.
കെഎസ്യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യുഡിവൈഎഫ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. പുല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ടെലിഫോൺ അഡ്വൈസറി കമ്മിറ്റി മെംബർ, ഗാന്ധി സേവാഗ്രാം ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ബിരുദധാരിയായ അനീഷ് പുല്ലാട് സ്വദേശിയാണ്.
ഭാര്യ: അഞ്ജലി ചന്ദ്രൻ. മക്കൾ: അഭിനന്ദ്, അഭിമന്യു.
ആദ്യ പരിഗണന വിദ്യാഭ്യാസരംഗത്തിന്; ദീനാമ്മ റോയ്
പത്തനംതിട്ട
∙ വിദ്യാഭ്യാസരംഗത്ത് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനും മലയോര കർഷകർ നേരിടുന്ന ദുരിതത്തിന് മാറ്റം വരുത്തുന്നതിനുമുള്ള പദ്ധതികൾക്കാണ് ആദ്യ പരിഗണന നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ദീനാമ്മ റോയ്. പൊതുപ്പരീക്ഷകളിൽ പതിവായി ജില്ല പിന്നാക്കം പോകുന്നതിന്റെ കാരണം കണ്ടെത്തി പരിഹാര നടപടികൾക്ക് രൂപം നൽകും.
വന്യമൃഗശല്യം കാരണം കൃഷി നശിക്കുന്നതിനൊപ്പം ജീവനും അപകടഭീഷണിയിലാണ്. ഇതിനനുസരിച്ചുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും ദീനാമ്മ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

