വെച്ചൂച്ചിറ ∙ കാടുതെളിക്കാതെ കിടക്കുന്ന റബർത്തോട്ടങ്ങളും തരിശുഭൂമികളും സമീപവാസികൾക്കു ഭീഷണി. വന്യജീവികളുടെ ആവാസ കേന്ദ്രങ്ങളായി അവ മാറുന്നെന്നാണു പരാതി.
അടുത്തയിടെ താന്നിക്കാപുഴ തോട്ടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടിരുന്നു. രാവിലെ ആറരയോടെ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ജീവിയെ കണ്ടത്.
ഇതിനുമുൻപ് സ്കൂൾ വിദ്യാർഥികളും യുവാവും ഇതിനെ കണ്ടിരുന്നു. ജീവിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും രക്ഷയുണ്ടായില്ല.
പിന്നീട് വനപാലകർ കൂട് നീക്കിയിരുന്നു.
കാട്ടാന നിന്നാൽ പോലും കാണാത്ത വിധത്തിലാണ് തോട്ടങ്ങളിലും തരിശു ഭൂമികളിലും കാടും പടലും വളർന്നു നിൽക്കുന്നത്. റബർ മരങ്ങൾ വെട്ടിയൊഴിഞ്ഞ തോട്ടങ്ങളധികവും കൃഷി നടത്താതെ കിടക്കുകയാണ്.
ഇത്തരം സ്ഥലങ്ങളും വനങ്ങളായി മാറുന്നു. വനമില്ലാത്ത പഞ്ചായത്താണു വെച്ചൂച്ചിറ.
എന്നാൽ, ഇപ്പോൾ നിബിഡ വനങ്ങളേക്കാൾ കാടു മൂടിയിരിക്കുകയാണ് ജനവാസ കേന്ദ്രങ്ങളിൽ.
പമ്പാനദി കടന്ന് ഇടയ്ക്കിടെ കാട്ടാനകൾ പൊനച്ചി, ഇടത്തിക്കാവ് ഭാഗങ്ങളിലെത്തുന്നുണ്ട്. കാട്ടുപോത്തിന്റെ സാന്നിധ്യവും അനുഭവപ്പെടുന്നു.
കാട്ടുപന്നി, മ്ലാവ്, കുറുനരി തുടങ്ങിയ ജീവികൾ ജനവാസ കേന്ദ്രങ്ങളിൽ താമസമാക്കിയിരിക്കുകയാണ്. വന്യജീവികൾക്കു വിഹരിക്കാനുള്ള സൗകര്യം നാട്ടിൻപുറങ്ങളിലുണ്ടെന്ന് വനപാലകർ പറയുന്നു.
അവയ്ക്കുള്ള ഇരയും കാടുമൂടിയ സ്ഥലങ്ങളിൽ ലഭ്യമാണ്. ഇതുമൂലമാണ് അവ നാടുവിട്ടു പോകാത്തത്.
കൃഷിയിടങ്ങളിൽ ഇറങ്ങാൻ പോലും കർഷകർക്കിപ്പോൾ ഭയമാണ്. കാടു തെളിക്കാൻ ചുരുക്കം പേർക്കു നോട്ടിസ് നൽകിയതൊഴിച്ചാൽ പഞ്ചായത്തും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

