പത്തനംതിട്ട ∙ വിദേശത്തേക്കു കുടിയേറിയവരും ജോലി തേടി വിദേശത്തേക്കു പോയവരും ഏറെയുള്ള പത്തനംതിട്ട
ജില്ലയിലെ പ്രവാസി വോട്ടർമാർ വെറും 3946 പേർ മാത്രമെന്ന് കണക്ക്. ജില്ലയിലെ 40% കുടുംബങ്ങൾക്കും പ്രവാസ ബന്ധമുണ്ടെന്നാണു നോർക്കയുടെ പഠനങ്ങളിൽ പറയുന്നത്.
എന്നാൽ പ്രവാസി വോട്ടർമാരുടെ എണ്ണം വളരെ കുറവാണ് ഇവിടെ. രാഷ്ട്രീയ പാർട്ടികൾ ഫണ്ടിനായി പ്രവാസികളെ സമീപിക്കാറുണ്ടെങ്കിലും വോട്ടിനായി ഇവരെ ജില്ലയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കാറില്ല.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടിയത് ജില്ലയുടെ പോളിങ് ശതമാനത്തെ എല്ലാ തിരഞ്ഞെടുപ്പിലും ബാധിക്കാറുണ്ട്.
മലബാറിലേതു പോലെ തിരഞ്ഞെടുപ്പ് എത്തുമ്പോൾ കൂട്ടമായി പ്രവാസികൾ നാട്ടിലെത്തി വോട്ട് ചെയ്തു മടങ്ങുന്ന പതിവും ജില്ലയ്ക്കില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജിസിസി രാജ്യങ്ങളിലുള്ള പ്രവാസികൾ സ്ഥാനാർഥികളോടുള്ള വ്യക്തി ബന്ധം കാരണം നാട്ടിലെത്തി വോട്ടു ചെയ്യാറുണ്ടെങ്കിലും നിയമസഭാ– ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഇങ്ങനെ എത്തുന്നവരുടെ എണ്ണം കുറവാണ്.
മക്കൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിനാൽ വിദേശത്തേക്ക് ഇടയ്ക്കിടെ പോകുന്നവരും ഉണ്ട്. പലപ്പോഴും സന്ദർശക വീസയിലും മറ്റും വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്കും ജില്ലയിൽ വോട്ട് ചെയ്യാൻ കഴിയാറില്ല.
1950 മുതൽ തന്നെ മധ്യതിരുവിതാംകൂറിൽ നിന്ന് ജോലി തേടി വിദേശത്തേക്കു പോകുവാൻ തുടങ്ങിയിട്ടുണ്ട്.
ജിസിസി രാജ്യങ്ങളിലേക്കും മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു ഇവർ പോയിരുന്നത്. എന്നാൽ ഇവരിൽ പലരും വിശ്രമ ജീവിതം നയിക്കാൻ തിരികെ നാട്ടിലെത്തി.
എന്നാൽ യുഎസ്, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണു ജില്ലയിൽ നിന്നുള്ള കുടിയേറ്റം വർധിച്ചിരിക്കുന്നത്. പഠന വീസയിൽ പോകുന്നവരുടെ എണ്ണവും വളരെ കൂടിയിട്ടുണ്ട്.
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉണ്ടായിട്ടും നാൽപതും അൻപതും വയസ്സായിട്ടും ഒരു തിരഞ്ഞെടുപ്പിൽ പോലും വോട്ട് ചെയ്തിട്ടില്ലാത്ത പ്രവാസികളും ജില്ലയിൽ കൂടുതലാണ്.
കുടിയേറി പോകുന്നവരിൽ കൂടുതൽ പേരും മടങ്ങിവരാൻ ആഗ്രഹിക്കാത്തവരാണ്. ഇവരൊക്കെ തന്നെ വിദേശ പൗരത്വം സ്വന്തമാക്കുന്നതോടെ ഇന്ത്യയിലെ പൗരത്വം നഷ്ടമാവുകയും ചെയ്യും.
കുമ്പനാട്, തിരുവല്ല, പന്തളം, മല്ലപ്പള്ളി, റാന്നി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് യുഎസിലേക്കു ഇത്തരത്തിലുള്ള കുടിയേറ്റം വർഷങ്ങൾക്കു മുൻപേ ആരംഭിച്ചതാണ്.
ഇങ്ങനെ കുടിയേറിയവർ മാതാപിതാക്കളെയും സഹോദരങ്ങളെയും തങ്ങൾക്കൊപ്പം വിദേശത്തേക്കു കൊണ്ടു പോകുന്നതും പതിവാണ്. ഇതെല്ലാം ജില്ലയുടെ പോളിങ് ശതമാനം കുറയ്ക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ പാർട്ടികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

