പെരിങ്ങര ∙ അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾ കൃഷിയൊരുക്കത്തിന് ഉണരുന്നു. പാടശേഖരത്തിൽ നിറഞ്ഞു കിടക്കുന്ന വെള്ളം വറ്റിക്കുന്നതാണ് ആദ്യത്തെ ഒരുക്കം.
ഇതിനായി ഇന്നലെ പടവിനകം ബി പാടശേഖരത്തിൽ പമ്പിങ് തുടങ്ങി. പമ്പിങിന്റെ ആദ്യദിനത്തിൽ തന്നെ കൂട്ടായി കനത്ത മഴയും എത്തി.
കഴിഞ്ഞ വർഷം തിരുവോണദിനത്തിലാണു പമ്പിങ് തുടങ്ങിയത്. ഇത്തവണ രണ്ടാഴ്ചയോളം താമസിച്ചു. വൈദ്യുതി കണക്ഷൻ ലഭിക്കാൻ താമസിച്ചതാണു കാരണം.
ഇപ്രാവശ്യം മുതൽ സ്ഥിരം കണക്ഷൻ നൽകുന്നതിനാലാണു താമസിച്ചത്. പടവിനകം എ.ബി, പാണാകേരി എന്നീ പാടശേഖരങ്ങളിൽ വൈദ്യുതി ലഭിച്ചു. ബാക്കിയുള്ള പാടശേഖരങ്ങളിലും ഉടൻ വൈദ്യുതി ലഭിച്ചു പമ്പിങ് തുടങ്ങും.
103 ഏക്കർ വരുന്ന പാടവിനകം ബി പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിന് ഒരാഴ്ച വേണ്ടിവരും.
വെള്ളം വറ്റിയാൽ പാടത്ത് വരിനെല്ലും കളയും മുളച്ചുവരും. ഇവ നശിപ്പിക്കുന്നതിനു വീണ്ടും വെള്ളം കയറ്റും.
കള അഴുകി നശിക്കുന്നതോടെ വീണ്ടും വെള്ളം പമ്പ് ചെയ്തു വറ്റിച്ചശേഷം നിലമൊരുക്കി വിത്തിടും. നവംബർ ആദ്യം വിത്തിറക്കാനാണു കർഷകരുടെ തീരുമാനം. കഴിഞ്ഞ വർഷം നാഷനൽ സീഡ് കോർപറേഷനിൽ നിന്നുള്ള വിത്തുകൾ വിതച്ചെങ്കിലും പലയിടത്തും വിത്തു മുളയ്ക്കാതെ കർഷകർ വീണ്ടും വിത്തു വാങ്ങി വിതയ്ക്കേണ്ടി വന്നു.
ഈ വർഷം ഡി വൺ വിത്ത് വിതയ്ക്കാനാണു തീരുമാനം.
വെള്ളം വറ്റിക്കുന്ന ജോലി തുടങ്ങിയെങ്കിലും വെള്ളം ഒഴുകിപ്പോകേണ്ട തോടുകളെല്ലാം പായലും പോളയും നിറഞ്ഞു കിടക്കുകയാണ്.
ഇതോടെ പാടത്തു നിന്നു വെള്ളം ഒഴുക്കിവിടുന്നതിനു കാലതാമസം നേരിടുമെന്നു കർഷകർ പറഞ്ഞു. പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ സംരക്ഷണം ഉറപ്പാക്കിയിട്ടില്ല. പടവിനകം ബി പാടശേഖരത്തിൽ നടന്ന പമ്പിങിനു സമിതി ഭാരവാഹികളായ പ്രസിഡന്റ് ചെല്ലപ്പൻ പെരുന്നിലത്തിൽ, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, പൊന്നപ്പൻ, പൗലോസ്, തോമസ് ചാക്കോ, ബിജു മമ്പഴ, ജയൻ പുതുപ്പള്ളിൽ, സജീവൻ, സെൽവൻ, തോമസുകുട്ടി, അനിയച്ചൻ എന്നിവർ നേതൃത്വം നൽകി
ഇനി സ്ഥിരം വൈദ്യുതി കണക്ഷൻ
അപ്പർ കുട്ടനാടൻ പാടശേഖരങ്ങൾക്കു സ്ഥിരമായ വൈദ്യുതി കണക്ഷൻ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ വർഷം വരെ സീസൺ കഴിഞ്ഞാലുടൻ കണക്ഷൻ വിഛേദിക്കുമായിരുന്നു.
ഇനി അതില്ല. എന്നും വൈദ്യുതി ലഭിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]