പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിൽ ചക്കവീണ് രോഗിക്കു പരുക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.
ആശുപത്രി വളപ്പിലെ പ്ലാവിൽ പ്രതീകാത്മകമായി ചക്ക കെട്ടിത്തൂക്കി നടത്തിയ സമരത്തിൽ സ്വയരക്ഷയ്ക്കായി ഹെൽമറ്റ് ധരിച്ചാണ് നേതാക്കളെത്തിയത്. ‘മന്ത്രിക്ക് ചെറിയൊരു അപകട
സാധ്യത ഉണ്ടായാൽ ആരോഗ്യവകുപ്പ് ഞെട്ടും; പാവപ്പെട്ട രോഗിയുടെ തലയിൽ ചക്ക വീണാൽ കുഴപ്പമില്ല’ എന്ന ആരോപണവും നേതാക്കൾ ഉന്നയിച്ചു.
മന്ത്രി വീണാ ജോർജിന് പരുക്കേറ്റെന്ന വാർത്ത വന്നപ്പോൾ വിശദീകരണങ്ങളുമായി ഉടനെ രംഗത്തെത്തിയ ആരോഗ്യവകുപ്പ് രോഗിയുടെ തലയിൽ ചക്ക വീണ സംഭവത്തെ നിസ്സാരവൽക്കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും നേതൃത്വം കുറ്റപ്പെടുത്തി.
ആശുപത്രി പരിസരങ്ങളിലെ മരങ്ങളുടെ അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും പരുക്കേറ്റ രോഗിക്ക് നഷ്ടപരിഹാരവും സൗജന്യ ചികിത്സയും നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
മന്ത്രിയുടേത് അഭിനയമെന്ന് വിമർശനം
മോഹൻലാലിനുശേഷം പത്തനംതിട്ട സംഭാവന ചെയ്ത മികച്ച നടിയാണ് മന്ത്രി വീണാ ജോർജെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട.
കണ്ണൂരിൽ കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിക്കു പരുക്കേറ്റെന്ന് തെളിയിക്കുന്നവർക്ക് സൗജന്യമായി നൽകാൻ കുഴിമന്തിയുമായാണ് യൂത്ത് കോൺഗ്രസെത്തിയത്. എം.സി.ആരിഫ്, അരവിന്ദ് ചന്ദ്രശേഖർ, കാർത്തിക്ക് മുരിങ്ങമംഗലം, സുഹൈൽ നജീബ്, എൻ.നിഷാൽ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
ആശുപത്രിയിൽ എത്തിയ ആളുടെ തലയിൽ ചക്ക വീണു
പത്തനംതിട്ട
∙ ജനറൽ ആശുപത്രി ഫാർമസിയിൽ മരുന്നുബിൽ ഒപ്പിടാനെത്തിയ വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാരൻ ഓമല്ലൂർ കോലേലിൽ ഗംഗാധരൻ നായരുടെ (78) തലയിൽ ചക്ക വീണു. ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിങ് നടത്തി.
തലയ്ക്കു പരുക്കേറ്റു. കഴുത്തിനും വേദനയുണ്ട്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ആണവോർജ വകുപ്പിൽ നിന്ന് സയന്റിഫിക് ഓഫിസറായി വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വിരമിച്ച കേന്ദ്ര ജീവനക്കാർക്കു മരുന്നിനുള്ള ആനുകൂല്യം ലഭിക്കാൻ ഫാർമസിയിൽ നിന്ന് മരുന്നു വാങ്ങിയതിന്റെ ബില്ലിൽ ഒപ്പിടാനാണു ബുധനാഴ്ച പോയത്. നടന്നുപോകുന്നതിനിടെയാണു തലയിൽ ചക്ക വീണത്.
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും എന്നാൽ പരാതി നൽകുന്നില്ലെന്നും ഗംഗാധരൻ പറഞ്ഞു.
ഇദ്ദേഹം ഇന്ന് ആശുപത്രി വിടുമെന്നാണു കരുതുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ വിമർശനം ശക്തമാണ്.
വലിയ ഭാരമുള്ള ചക്ക ആണെന്നാണ് ഗംഗാധരൻ പറഞ്ഞത്. ബോധം വന്നപ്പോൾ അത്യാഹിത വിഭാഗത്തിലായിരുന്നു.
താഴ്ന്നു കിടന്ന ഭാഗത്തെ ചക്കകൾ അടർത്തി നീക്കിയിരുന്നെന്നും കാണാതെ കിടന്ന ചെറിയ ചക്കയാണു വീണതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. പ്ലാവിനു ചുവട്ടിൽ ഇരിക്കരുതെന്ന് ബോർഡ് വച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

