പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ചക്കേസിൽ അറസ്റ്റിലായ സിപിഎം ജില്ലാ കമ്മിറ്റിയംഗം എ.പത്മകുമാറിനെതിരെ സിപിഎം നടപടിയെടുക്കും.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാകും അച്ചടക്ക നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇത്തരത്തിൽ സൂചനയുണ്ടായത്.
തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് നടപടിയെടുത്താൽ അതു തിരിച്ചടിക്കുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. പത്മകുമാറിൽ നിന്ന് പാർട്ടി മേൽഘടകങ്ങളിലേക്ക് അന്വേഷണം നീണ്ടാൽ അതു പ്രതിരോധിക്കാൻ സിപിഎം ഏറെ പ്രയാസപ്പെടേണ്ടി വരും.
സിപിഎം വിശ്വസിച്ച് ചുമതല ഏൽപിച്ചവർ അതു കാത്തുസൂക്ഷിച്ചില്ലെന്ന് യോഗത്തിൽ എം.വി.ഗോവിന്ദൻ തുറന്നടിച്ചു.
പത്മകുമാറിന് ഇനി സിപിഎം സംരക്ഷണം നൽകില്ലെന്ന് ഇതോടെ ഏതാണ്ടുറപ്പായി. ചുമതലയോടു നീതി പുലർത്താതെയും പാർട്ടിക്ക് അതീതരായും ചിലർ പ്രവർത്തിച്ചെന്നും ഇക്കാര്യത്തിൽ കുറ്റപത്രം സമർപ്പിച്ചതിനു ശേഷം നടപടയുണ്ടാകുമെന്നും ഗോവിന്ദൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി വലിയ പ്രതിരോധത്തിലായെന്നതിന്റെ സ്ഥിരീകരണമായി സെക്രട്ടറിയുടെ വാക്കുകൾ. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാർ വിധി വരും വരെ കുറ്റക്കാരനല്ലെന്ന നിലപാടിൽ നിന്നുള്ള ചുവടുമാറ്റവുമായി ഇത്.
അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതിയിൽ പ്രത്യേക അന്വേഷണ സംഘം കൂടുതൽ സമയം ചോദിക്കാൻ സാധ്യതയുണ്ട്.
അങ്ങനെ വന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞേ കുറ്റപത്രം സമർപ്പിക്കാനിടയുള്ളു. എല്ലാ ഏരിയ സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആമുഖമായി എം.വി.ഗോവിന്ദൻ കാര്യങ്ങൾ പറഞ്ഞതോടെ തുടർചർച്ചകളിൽ പത്മകുമാർ വിഷയം വന്നില്ല.
പ്രാദേശികമായി പ്രവർത്തകൾ സ്വർണക്കൊള്ള വിവാദത്തിൽ ഒട്ടേറെ ചോദ്യങ്ങൾ നേരിടുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ഇക്കാര്യം എൽഡിഎഫ് ചർച്ചയാക്കേണ്ട
എന്നാണു പാർട്ടി തീരുമാനം. കേസ് അതിന്റെ വഴിക്കു പോകട്ടെ.
സർക്കാർ ശക്തമായി അന്വേഷിക്കുന്നുണ്ടെന്നും പാർട്ടി ഒരു തരത്തിലും ഇടപെടുന്നില്ലെന്നാണ് എം.വി.ഗോവിന്ദന്റെ നിലപാട്.
കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിൽ അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസു മൂന്നാം പ്രതിയും ബോർഡ് എട്ടാം പ്രതിയുമാണ്. എൻ.വാസു ഉദ്യോഗസ്ഥനായിരുന്നു.
എന്നാൽ, പത്മകുമാർ പാർട്ടി ചുമതല നൽകിയ ആളായിരുന്നു. നിലവിൽ രണ്ടുപേരും റിമാൻഡിലാണ്.
അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്, ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

