പത്തനംതിട്ട ∙ ശബരിമലയിലെ സ്വർണപ്പാളികളിലെ സ്വർണം വേർതിരിച്ചു വിവാദത്തിലായ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് മുൻപും ശബരിമലയിലെ ജോലികൾ ചെയ്തതിന്റെ തെളിവുകൾ പുറത്ത്.
സ്മാർട്ട് ക്രിയേഷൻസിന്റെ തന്നെ സമൂഹ മാധ്യമ അക്കൗണ്ടിൽ 2009ൽ സ്മാർട്ട് ക്രിയേഷൻസ് സന്നിധാനത്തു നടത്തിയ സ്വർണം പൂശലിനെകുറിച്ചു പറയുന്നു. 2011 ഏപ്രിൽ 6നാണ് ഇക്കാര്യങ്ങൾ പറഞ്ഞുള്ള പോസ്റ്റ്.
ചെന്നൈയിൽനിന്ന് ജീവനക്കാരെ സന്നിധാനത്ത് എത്തിച്ചാണു 2009ൽ സ്വർണം പൂശിയതെന്നതാണു ശ്രദ്ധേയമായ കാര്യം. നേരിട്ടെത്തി സ്വർണം പൂശാനുള്ള സാങ്കേതിക വിദ്യയും ജീവനക്കാരുമുള്ളപ്പോൾ 2019ൽ എന്തിനാണു പാളികൾ ചെന്നൈയ്ക്കു കൊണ്ടുപോയതെന്ന ദുരൂഹത ബാക്കിയാകുന്നു.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2 കേസുകളിലും ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി 2004 മുതൽ 2008 വരെയാണ് സന്നിധാനത്ത് സഹായിയായി ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് 2009ലെ സ്വർണം പൂശൽ.
ശബരിമലയിൽ സ്പോൺസറെന്ന രീതിയിൽ 2016 മുതലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി വന്നു തുടങ്ങിയത്. അതിനു മുൻപു തന്നെ ഇത്തരം സാധ്യതകൾ കണ്ടു ബന്ധം സ്ഥാപിക്കാൻ ശ്രമിക്കാനും സാധ്യതയുണ്ട്.സ്മാർട്ട് ക്രിയേഷൻസ് എംഡിയായ പങ്കജ് ഭണ്ഡാരി പറയുന്നതു പ്രകാരം 2009 നവംബറിൽ ശബരിമല തീർഥാടന സീസൺ തുടങ്ങുന്നതിന് ഒരു മാസം മുൻപ് ഒക്ടോബറിലാണു ജോലികൾ തുടങ്ങിയത്.
സന്നിധാനത്തെ 3 ഉപപ്രതിഷ്ഠകളുടെ മേൽക്കൂരയും ഭിത്തികളും സ്വർണം പൂശുന്ന ജോലികളാണു ചെയ്തത്.
കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ് എന്നീ ശ്രീകോവിലുകളാണ് ഇത്തരത്തിൽ ചെയ്തത്. തങ്ങളുടെ ഏറ്റവും മികച്ച ജീവനക്കാരെ ഉപയോഗിച്ചാണു സമയബന്ധിതമായി ഈ ജോലികൾ പൂർത്തിയാക്കിയതെന്നും കുറിപ്പിൽ പറയുന്നു.
ദ്വാരപാലക ശിൽപ പാളികൾ ചെന്നൈയിൽ കൊണ്ടു പോയപ്പോൾ മുൻപ് ഇത്തരത്തിൽ കൊണ്ടുപോയിരുന്നോ എന്നു ഹൈക്കോടതി ജഡ്ജിക്കു തോന്നിയ സംശയമാണ് ശബരിമലയിലെ സ്വർണക്കൊള്ള പുറത്തെത്തിച്ചത്.
സ്വർണക്കൊള്ളക്കേസുകളിൽ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി 2016 മുതലാണ് സ്മാർട്ട് ക്രിയേഷൻസിനെ ശബരിമലയിലെ നിർമാണ ജോലികളിൽ ഇടപെടുത്തി തുടങ്ങിയത്. 2019ലാണ് ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളികളും ദ്വാരപാലക ശിൽപപാളികളും ഇളക്കിയെടുത്തു, സ്പോൺസറായ പോറ്റിക്കു കൈമാറിയത്.
ഈ പാളികൾ ഒരു മാസത്തിനു ശേഷം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിച്ചു സ്വർണം വേർതിരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തൊണ്ടിമുതൽ കണ്ടെത്താൻ കഴിയാത്തതിനാൽ സ്വർണം വേർതിരിച്ചോ പാളികളായി വിൽപന നടത്തിയോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

