സീതത്തോട് ∙ ഗവിയിൽ കാട്ടാന ആക്രമണം തടയുന്നതിനു വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) നേതൃത്വത്തിൽ നാലംഗ വാച്ചർമാരുടെ സംഘത്തെ നിയോഗിച്ചു. ആക്രമണ ഭീഷണി നിലനിൽക്കുന്ന ലയങ്ങൾക്കു ചുറ്റും വേലി സ്ഥാപിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കെഎഫ്ഡിസിയിലെ തൊഴിലാളികളായ ശെൽവരാജ്, അളകസ്വാമി, അരുൾ, ശേഖർ എന്നിവരെ ഉൾപ്പെടുത്തിയാണ് വാച്ചർ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഇവർക്കു ആവശ്യമായ സംരക്ഷണം ഒരുക്കി പച്ചക്കാനം സ്റ്റേഷനിലെ വനപാലകരും കെഎഫ്ഡിസി ഉദ്യോഗസ്ഥരും ഒപ്പുമുണ്ട്.
ആന ഇറങ്ങാൻ സാധ്യതയുള്ള ലയങ്ങൾക്കു സമീപം രാത്രി കാവൽസംഘം ഉറക്കമൊഴിച്ചു കാത്തുനിന്നു. ആക്രമണത്തിൽ നാശം സംഭവിച്ച ലയങ്ങൾക്കു ചുറ്റും വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
ഞായറാഴ്ച രാത്രിയാണ് അമ്മയും കുഞ്ഞും ഉൾപ്പെടെയുള്ള കാട്ടാനകൾ ഗവി ഡിസ്പെൻസറിക്കു സമീപത്തെ ലയങ്ങളിൽ എത്തി നാശം സൃഷ്ടിച്ചത്. കെഎഫ്ഡിസിയിലെ 4 തൊഴിലാളികളുടെ ലയങ്ങൾക്കു പിന്നിലുള്ള ഭാഗത്താണ് നാശം സംഭവിച്ചത്.
പച്ചക്കാനം സ്റ്റേഷനിലെ വനപാലകരും കെഎഫ്ഡിസിയിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും ഏറെ ശ്രമപ്പെട്ടാണ് ആനകളെ കാട്ടിലേക്കു തുരത്തിയത്.
വനത്തിനോടു ചേർന്നാണ് കെഎഫ്ഡിസിയിലെ തൊഴിലാളികൾ താമസിക്കുന്ന മിക്ക ലയങ്ങളും സ്ഥിതി ചെയ്യുന്നത്. ഇവിടെ ആന ഇറങ്ങുന്നത് പതിവാണെങ്കിലും ആക്രമണ സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നാണ് വനപാലകർ പറയുന്നത്.
ഗവി കടുവയുടെ സ്ഥിരം സാന്നിധ്യം ഉള്ള പ്രദേശമാണ്. കടുവയെ കണ്ട് ആനകൾ ഭയപ്പെട്ടതിനെ തുടർന്നാവാം ലയങ്ങൾക്കു പിന്നിൽ മണിക്കൂറുകൾ ഇവ നിലയുറപ്പിക്കാനുള്ള കാരണമെന്നാണ് വനപാലകർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]