പത്തനംതിട്ട∙ വയോജനങ്ങളുടെ പകൽ വീടുകളായ സായംപ്രഭ ഹോമുകൾ ഇനി മുതൽ വയോജനങ്ങളുടെ ശാരീരിക മാനസിക–സാമൂഹിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്ന ഇടങ്ങളാകും. ഈ സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങളുടെയും സാമൂഹിക നീതി വകുപ്പിന്റെയും നേതൃത്വത്തിൽ 140 സായംപ്രഭ ഹോമുകളെ സാമൂഹിക വിഭവ കേന്ദ്രങ്ങളായി മാറ്റും.
പകൽ സമയങ്ങളിൽ വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, അരക്ഷിതാവസ്ഥ എന്നിവ മൂലമുണ്ടാകുന്ന മാനസിക, സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2017ലാണു സായംപ്രഭ ഹോമുകൾ ആരംഭിച്ചത്.
നിലവിൽ സായംപ്രഭ ഹോമുകളിൽ എത്തുന്നവർക്കു മാത്രമേ ഇതുവരെ പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നുള്ളു. സാമൂഹിക വിഭവ കേന്ദ്രങ്ങളായി മാറ്റുന്നതോടെ നിയമ സഹായം, കൗൺസലിങ്, ആരോഗ്യ പരിശോധന, യോഗ, മെമ്മറി ക്ലിനിക്, ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ, വിവിധ പരിശീലനങ്ങൾ എന്നിവ നടത്തും.
ഒരു പ്രദേശത്തെ മുഴുവൻ വയോജനങ്ങളുടെയും ശാരീരികവും മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാമൂഹിക വിഭവ കേന്ദ്രങ്ങളിലൂടെ ശ്രമിക്കും.
ആവശ്യമായ മരുന്നുകളും പോഷകാഹാര സപ്ലിമെന്റുകളും കേന്ദ്രങ്ങളിലൂടെ വയോജനങ്ങൾക്കു ലഭ്യമാക്കും. സർക്കാർ, സർക്കാരേതര പദ്ധതികളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്നും വയോജനങ്ങളെ കൃത്യമായി അറിയിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിക്കും.
വയോജനങ്ങളുടെ മാനസിക– ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക റിസോഴ്സ് മെറ്റീരിയൽസ് തയാറാക്കി ആവശ്യമായ പരിശീലനം നൽകും. കെയർ ഗിവർമാർക്ക് ശാസ്ത്രീയ പരിശീലനവും നൽകും.
ഇതിനായി ആവശ്യമായ സാങ്കേതിക പിന്തുണ നൽകാൻ പരിചയ സമ്പത്തുള്ള സംഘടനകളുടെ സഹായം തേടാനും സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]