
കാർ തേക്ക് തോട്ടത്തിലേക്ക് മറിഞ്ഞു അഞ്ച് പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സീതത്തോട്∙പടയനിപ്പാറ പാലത്തിനു സമീപം തേക്ക് തോട്ടത്തിലേക്കു കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്കു പരുക്ക്. കാർ മരത്തിൽ തട്ടി നിന്നത് മൂലം മണിയാർ അണക്കെട്ടിന്റെ ജല സംഭരണിയിലേക്കു വീഴാതെ രക്ഷപ്പെട്ടു. പരുക്കേറ്റ എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണിയാറിൽ നിന്ന് ചിറ്റാർ ഭാഗത്തേക്കു പോകുകയായിരുന്ന പെരുനാട് നെടുമൺ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാർ യാത്രക്കാരായ വിഷ്ണു(37), രതീഷ്(38),മനീഷ്(37), ബോബി(36),സിദ്ദാർഥ്(37) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം.
റോഡിൽ നിന്നും ഏകദേശം 50 അടിയോളം താഴ്ചയിൽ മറിഞ്ഞ കാറിലെ യാത്രക്കാരെ ഇതു വഴി വന്ന ഓട്ടോറിക്ഷക്കാരും പത്തനംതിട്ടയിലേക്കു പോകുകയായിരുന്ന ആവേമരിയ ബസിലെയും ചിറ്റാറിലേക്കു പോകുകയായിരുന്ന അൽ–മദീന ബസിലെയും ജീവനക്കാരായ അജി, കുക്കു എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ 3 ആംബുലൻസുകളിലായി പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്കു മാറ്റി.
സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ മുൻ വടശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണൻ അടക്കമുള്ളവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.രക്ഷാപ്രവർത്തകർ എത്തിയ ശേഷമാണ് പരുക്കേറ്റവർക്കു കാറിനു പുറത്തേക്കു എടുക്കാനായത്.