പത്തനംതിട്ട∙ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് തട്ടിക്കൂട്ട് ഉദ്ഘാടനങ്ങളുടെ തിരക്കിലാണു ജില്ല. മാർച്ച് പകുതിക്കു മുൻപ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
അതിനു മുൻപ് എങ്ങനെയും ഉദ്ഘാടനങ്ങൾ നടത്താനുള്ള ശ്രമത്തിലാണ് സർക്കാരും നേതാക്കളും. പണി പൂർത്തിയാകാത്ത കെട്ടിടങ്ങളാണ് ആദ്യഘട്ടം എന്ന പേരിൽ ഉദ്ഘാടനം ചെയ്യുന്നത്.
അടുത്ത 3 വർഷം നിർമാണം നടത്തിയാലും തീരാത്ത കെട്ടിടത്തിന്റെ താഴത്തെ നിലയെങ്കിലും തട്ടിക്കൂട്ടി തീർത്ത് ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പാണ് ഇവിടെ കാണുന്നത്. ഒരുദിവസം ഭിത്തികെട്ട്.
പിറ്റേന്ന് അതിനു മുകളിൽ പ്ലാസ്റ്ററിങ്. ഏതാനും മണിക്കൂർ കഴിയുമ്പോൾ അതിനു മുകളിൽ വൈറ്റ് സിമന്റ് അടിച്ച് ഉദ്ഘാടനത്തിന് ഒരുക്കുന്ന കാഴ്ചകൾ ഇവിടെ കാണാം.
പണി തീർന്നില്ലെങ്കിലും ജില്ലാ സ്റ്റേഡിയവും ജനറൽ ആശുപത്രിയും ഉദ്ഘാടനത്തിനുള്ള പട്ടികയിലുണ്ട്.
ജനറൽ ആശുപത്രിയിലെ നവീകരിച്ച സർജറി ബ്ലോക്കിന്റെ ഉദ്ഘാടനമാണ് നടത്തുന്നത്. ഇത് വലിയ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പും നടക്കുന്നു.
ജില്ലാ സ്റ്റേഡിയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് നടത്തുക.
50 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.ഒന്നാംഘട്ടത്തിൽ നീന്തൽ കുളത്തിന്റെ ഉദ്ഘാടനമാണ് നടക്കുക. ഇതോടനുബന്ധിച്ച് നീന്തൽ മത്സരവും നടത്താൻ പരിപാടിയുണ്ട്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്ക്, എ ആൻഡ് ബി ബ്ലോക്കിന്റെ നവീകരണം, വന്ധ്യതാ നിവാരണ ക്ലിനിക് എന്നിവയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6ന് നടക്കും.
കിഫ്ബി പദ്ധതിയിൽ30.25 കോടി രൂപയുടെ കെട്ടിടമാണ് ഇതിനായി പൂർത്തിയാക്കുന്നത്. ഡിപ്പോപ്പടി – ചെങ്ങറമുക്ക് റോഡ് ഉദ്ഘാടനം ഇന്ന് 9.30 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
പാറക്കടവ് പാലം നിർമാണം ഉദ്ഘാടനം ഇന്ന് 5ന് കീഴ്വായ്പൂരിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ജില്ലാ ആശുപത്രി ഒപി ബ്ലോക്ക് ഉദ്ഘാടനം ഇന്ന്
കോഴഞ്ചേരി ∙ ജില്ലാ ആശുപത്രിയുടെ പുതിയ ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30.25 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ഇതോടൊപ്പം 3 കോടി രൂപ ചെലവിൽ തുടങ്ങുന്ന എ, ബി ബ്ലോക്ക് കെട്ടിടങ്ങളുടെ നവീകരണവും വന്ധ്യതാ നിവാരണ ക്ലിനിക്കും ഉദ്ഘാടനം ചെയ്യും.
തുടർന്ന് അലോഷിയുടെ ഗസൽ സന്ധ്യയും നടക്കും.
പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യുമെങ്കിലും പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ മാസങ്ങളെടുക്കും. ആദ്യം ഇവിടെ പ്രവർത്തനം തുടങ്ങുക അത്യാഹിത വിഭാഗമായിരിക്കും.
ഇത് ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങും. അത്യാഹിത വിഭാഗം 3 ആയി വേർതിരിച്ചാണ് പ്രവർത്തിക്കുക.
വളരെ അത്യാവശ്യമായി എത്തുന്ന രോഗികൾ, അത്യാഹിതവുമായി എത്തുന്നവർ, സാധാരണ രോഗവുമായി എത്തുന്നവർ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് അത്യാഹിത വിഭാഗം പ്രവർത്തിക്കുക. സീരിയസ് നിലയിൽ എത്തുന്നവർക്ക് പെട്ടെന്ന് ചികിത്സ ലഭിക്കാൻ വേണ്ടിയാണിത്.
പിന്നീട് ഓഫിസുകളാണ് ഇവിടേക്കു മാറ്റുക.
ഇത് ഒരു മാസത്തിനുള്ളിൽ മാറും. ഒപി വിഭാഗം പ്രവർത്തനം തുടങ്ങുന്നത് കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചശേഷമാകും.
പുതിയതായി തുടങ്ങുന്ന ഒപിയിൽ പേപ്പർ ഉണ്ടാവില്ല. പകരം രോഗവിവരങ്ങളും മരുന്നും ചികിത്സാ വിധികളും ഡോക്ടർമാർ കംപ്യൂട്ടറിൽ രേഖപ്പെടുത്ത രീതിയാണ് വരുന്നത്.
ഗൈനക്കോളജി, പീഡിയാട്രിക് ഒഴികെയുള്ള പത്തോളം ഒപികളാണ് ഇവിടെ പ്രവർത്തിക്കുക. സിടി സ്കാൻ യന്ത്രവും ഇവിടെ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

