റാന്നി ∙ പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട് 2 വിദ്യാർഥികളെ കാണാതായി. അഗ്നിരക്ഷാസേനയുടെ സ്കൂബ സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.
ഇന്നു തിരച്ചിൽ തുടരും. മൈലപ്ര വടക്കേ മറ്റപ്പള്ളിൽ ബിജു സാം വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരെയാണു കാണാതായത്.
മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥികളാണിവർ. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഐത്തല കളരിക്കൽ കടവിലാണ് സംഭവം.
മറ്റ് 8 സുഹൃത്തുക്കൾക്കൊപ്പമാണ് ക്രിസും ജോഷിനും ഇരുചക്ര വാഹനങ്ങളിൽ ഐത്തലയെത്തിയത്.
അവിടെ നിന്ന് നടന്ന് കടവിലെത്തുകയായിരുന്നു. സ്കൂളിൽ ഒപ്പം പഠിക്കുന്ന റാന്നിക്കാരും സംഘത്തിലുണ്ടായിരുന്നു.
ആദ്യം ഇവർ ആറ്റിലിറങ്ങാൻ തുടങ്ങിയപ്പോൾ കടവിൽ നിന്നവർ മുകളിലേക്കു മാറിയിറങ്ങാൻ നിർദേശിച്ചു. കൂട്ടുകാരുടെ വിലക്കു കണക്കിലെടുക്കാതെ ക്രിസും ജോഷിനും ആറ്റിലേക്കിറങ്ങി.
നിമിഷങ്ങൾക്കുള്ളിൽ അവർ വെള്ളത്തിൽ താണെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. 6 മണിയോടെ സ്കൂബ സംഘം തിരച്ചിൽ തുടങ്ങിയെങ്കിലും കാലാവസ്ഥ മോശമായതിനാൽ പിൻവാങ്ങി.
മറ്റു 2 പേർ ഇവരെ പിടിക്കാൻ ഇറങ്ങിയെങ്കിലും മറ്റുള്ളവർ പിന്തിരിപ്പിച്ചു. 20 അടിയോളം ആഴം കടവിലുണ്ട്.
ഇതിന്റെ ഒരു ഭാഗത്തു മാത്രമാണ് വെള്ളമുള്ളത്.
ഞെട്ടലോടെ നാട്
റാന്നി ∙ പമ്പാനദിയിലെ ഐത്തല കളരിക്കൽ കടവിൽ വിദ്യാർഥികൾ ഒഴുക്കിൽപെട്ടെന്ന സന്ദേശം ഞെട്ടലോടെയാണ് നാട് കേട്ടത്. സംഭവം അറിഞ്ഞ് ഇൻസ്പെക്ടർ ആർ.മനോജ്കുമാർ, എസ്ഐ കൃഷ്ണകുമാർ എന്നിവരും സംഘവുമാണ് ആദ്യമെത്തിയത്.
പിന്നാലെ അഗ്നിരക്ഷാസേനയുമെത്തി. ആഴമുള്ള കടവായതിനാൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്കു ഇറങ്ങാൻ കഴിഞ്ഞില്ല.
പത്തനംതിട്ട സ്കൂബ സംഘമെത്തിയാണ് പിന്നീട് തിരച്ചിൽ നടത്തിയത്.
കാലാവസ്ഥ പ്രതികൂലമായതോടെ അവർ പിൻവാങ്ങി. ആറിന്റെ മുണ്ടപ്പുഴ കരയോടു ചേർന്ന ഭാഗത്ത് മൂന്നാളിൽ അധികം താഴ്ചയുള്ള കയങ്ങളും ഐത്തല കരയിൽ വിശാലമായ മണൽപരപ്പുമാണ്.
കളരിക്കൽ കടവിനു തൊട്ടുതാഴെയുള്ള മുണ്ടപ്പുഴ ചന്തക്കടവിൽ അടുത്തയിടെ കുളക്കാനിറങ്ങിയ 3 പേർ മുങ്ങി മരിച്ചിരുന്നു.
ആഴക്കൂടുതൽ; മണൽത്തിട്ട ഇടിയുന്നു
റാന്നി ∙ റാന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ എൽ.ടി.ലിജു സംഭവം അറിഞ്ഞ് ആറ്റിലിറങ്ങി നോക്കിയെങ്കിലും ആഴക്കൂടുതൽ കാരണം അടിത്തട്ടിൽ എത്താതെ തിരിച്ചു കയറി.
തണുപ്പും മുണ്ടപ്പുഴ കരയിൽനിന്ന് തള്ളലുമാണ് വെള്ളത്തിലെന്ന് ലിജു പറഞ്ഞു. കൂടാതെ വശത്തെ മണൽത്തിട്ട
ഇടിഞ്ഞമരുന്നുമുണ്ട്. ഇതാണ് ഇന്നലെ അപകടത്തിനിടയാക്കിയത്.
സ്ഥിരമായി ആറ്റിൽ കുളിക്കുന്നവർക്കും നീന്തൽ വശമുള്ളവർക്കുംപോലും വിദ്യാർഥികളെ കാണാതായ കളരിക്കൽ കടവിൽ ഇറങ്ങാനാകില്ല. പമ്പാനദിയിൽ അടുത്ത കാലത്തായി അപകടങ്ങൾ കുറഞ്ഞിരുന്നു.
ഇന്നലെ നിനച്ചിരിക്കാതെയായിരുന്നു 2 വിദ്യാർഥികളെ കാണാതായത്. ശബരിമല തീർഥാടന കാലത്ത് അംഗീകൃത കടവുകളിൽ പഞ്ചായത്തുകൾ ലൈഫ് ഗാർഡുകളെ നിയമിക്കാറുണ്ട്.
എന്നാൽ, മറ്റു സമയത്ത് സുരക്ഷയ്ക്കും നിർദേശങ്ങൾ നൽകാനും ആരുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

