
പ്ലസ് ടു ഫലം: 2.03% വിജയം കുറഞ്ഞു; വിജയ ശതമാനത്തിലും എ പ്ലസിലും പത്തനംതിട്ട ജില്ല പിന്നോട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ ഹയർസെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 72.91 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ജില്ല പിന്നോട്ടു പോയി. കഴിഞ്ഞ വർഷം 74.94% ആയിരുന്നു വിജയം. ഈ വർഷം അത് 2.03% കുറഞ്ഞു. 11–ാം സ്ഥാനത്താണ് ജില്ല.90.65% വിജയം നേടി ജില്ല ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമത് എത്തി. 100% വിജയം നേടാൻ ജില്ലയിൽ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിനു മാത്രമേ കഴിഞ്ഞുള്ളൂ. വിഎച്ച്എസ്ഇയിൽ 100% വിജയം നേടിയത് തുകലശേരി സിഎസ്ഐ ബധിര വിദ്യാലയമാണ്.പ്ലസ് ടുവിൽ 10,572 പേർ പരീക്ഷ എഴുതിയതിൽ 7708 പേർ ഉന്നത പഠനത്തിന് അർഹത നേടി. 723 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞ വർഷം 932 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. ഈ വർഷം ഫുൾ എ പ്ലസ് നേട്ടത്തിലും ജില്ല പിന്നോട്ടു പോയി. എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളും ജില്ലയിൽ ഇല്ല.വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 1368 പേർ പരീക്ഷയെഴുതിയതിൽ 866 പേർ ഉപരിപഠനത്തിന് അർഹത നേടി. വിജയ ശതമാനം 63.30.ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതിയ 214 പേരിൽ 194 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 19 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 32 പേർ പരീക്ഷ എഴുതിയതിൽ 25 പേർ വിജയിച്ച. 78.13% വിജയം.42 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലാണു ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസുകാരുള്ളത്.
അഭിമാനമായി വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ
തുടർച്ചയായ 3–ാം വർഷവും 100 മേനി വിജയം സ്വന്തമാക്കി വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ. ഹ്യൂമാനിറ്റീസിനു പരീക്ഷയെഴുതിയ 33 കുട്ടികളും വിജയിച്ചു.ഉപരി പഠനത്തിന് അർഹത നേടിയവരിൽ 30 കുട്ടികൾ പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവരാണെന്നതാണു പ്രത്യേകത. 2 പേർ പട്ടികജാതിക്കാരും ഒരാൾ ജനറൽ വിഭാഗത്തിൽ നിന്നുമാണ്. പട്ടികവർഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്. കലോത്സവത്തിലും കായിക മേളയിലും സംസ്ഥാന തലത്തിൽ സ്കൂളിലെ കുട്ടികൾ എ ഗ്രേഡ് നേടിയിരുന്നു. പഠനത്തിനൊപ്പം തന്നെ വിദ്യാർഥികളുടെ കലാ കായിക അഭിരുചികളും അധ്യാപകർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. രാത്രി പ്രത്യേക ക്ലാസും കുട്ടികൾക്കായി നടത്താറുണ്ട്.
സിഎസ്ഐ ബധിര വിദ്യാലയവും നേടി 100% വിജയം
വിഎച്ച്എസ്ഇ 12–ാം ക്ലാസ് പരീക്ഷയിൽ തുകലശേരി സിഎസ്ഐ ബധിര വിദ്യാലയത്തിന് 100 ശതമാനം ജയം.പരീക്ഷയിൽ പരീക്ഷ എഴുതിയ 18 കുട്ടികളും വിജയിച്ചു. സർക്കാരിന്റെ എൻഎസ്ക്യുഎഫ് സർട്ടിഫിക്കറ്റ് ലഭ്യമാകുന്ന ജില്ലയിലെ ഏക ബധിര വിദ്യാലയമാണിത്. 10–ാം ക്ലാസ് പരീക്ഷയിലും ബധിര വിദ്യാലയം നൂറ് ശതമാനം വിജയം നേടിയിരുന്നു.