
ജില്ലാ കലക്ടർ കർശന നിർദേശം നൽകി; ഇഴഞ്ഞ് നീങ്ങി റോഡ് പണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗ്ലാംകടവ് ∙ ജില്ലാ കലക്ടർ കർശന നിർദേശം നൽകിയിട്ടും ഇട്ടിയപ്പാറ–ജണ്ടായിക്കൽ–വടശേരിക്കര റോഡിന്റെ വികസനത്തിൽ മുന്നേറ്റമില്ല. ഇപ്പോഴും ഇഴയുകയാണു നിർമാണം. പൂർണമായി തകർന്ന റോഡിലൂടെ യാത്ര നടത്താനാകാതെ വലയുകയാണു ജനം. ജല ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാത്തതും വൈദ്യുതി തൂണുകൾ വശങ്ങളിലേക്കു മാറ്റിയിടാത്തതും നിർമാണത്തിനു തടസ്സമാണ്.
സംസ്ഥാന ബജറ്റിൽ അനുവദിച്ച 10 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കലുങ്കുകൾ, വശം കെട്ടൽ എന്നീ പണികൾ മാത്രമാണു നടക്കുന്നത്. ഇട്ടിയപ്പാറ–കിടങ്ങുമൂഴി വരെ 17 കലുങ്കുകൾ നിർമിച്ചു. ഇതിൽ 2 എണ്ണത്തിന്റെ ഒഴികെയുള്ളവയുടെ പണി ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
ജണ്ടായിക്കൽ മുതൽ കരിമ്പനാംകുഴി വശം നടന്നിരുന്ന വശം കെട്ടൽ ഏറെക്കുറെ തീർന്നു. സംരക്ഷണഭിത്തിയുടെ ഉപരിതലത്തിൽ തൂണുകൾ സ്ഥാപിക്കുന്ന പണി ബാക്കിയാണ്. കരിമ്പനാംകുഴിക്കും കിടങ്ങുമൂഴിക്കും മധ്യത്തിലായി രണ്ടിടത്ത് വശം കെട്ടി. കിടങ്ങുമൂഴിക്കു സമീപം ഇപ്പോൾ പണി നടക്കുന്നുണ്ട്.
കിടങ്ങുമൂഴി–ബംഗ്ലാംകടവ് വരെ കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല. ഒരാഴ്ച മുൻപ് ബംഗ്ലാംകടവ് സ്കൂളിനും അങ്കണവാടിക്കും മധ്യേ വശം കെട്ടൽ തുടങ്ങിയിട്ടുണ്ട്. 5.50 മീറ്റർ വീതിയിലാണ് ബിഎം ബിസി ടാറിങ് നടത്തുന്നത്.
ഇതിന് റോഡിലെ ടാറിങ് ഇളക്കി നീക്കിയ ശേഷം പാറമക്കിട്ട് നിരപ്പാക്കേണ്ടതുണ്ട്. അതു തുടങ്ങിയിട്ടില്ല.
ജല ജീവൻ മിഷൻ പദ്ധതിയിൽ റോഡിന്റെ വശങ്ങളിൽ പൈപ്പുകളിടണം. ഇട്ടിയപ്പാറ–കോളജ്തടം സംഭരണി വരെ പ്രധാന പൈപ്പും സ്ഥാപിക്കണം. 100 മീറ്റർ ദൂരത്തിൽ മാത്രമാണ് ഇതുവരെ പൈപ്പുകളിട്ടത്. ജല അതോറിറ്റിയുടെ മെല്ലെപ്പോക്കു നയം റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കും. വീതി കൂട്ടി ടാറിങ് നടത്തുമ്പോൾ മധ്യത്തിലാകുന്ന വൈദ്യുതി തൂണുകളുണ്ട്.
അവ വശങ്ങളിലേക്കു മാറ്റണം. അതിനുള്ള നടപടിയും തുടങ്ങിയിട്ടില്ല.
10 വർഷം മുൻപു റീടാറിങ് നടത്തിയ റോഡാണിത്. ഇപ്പോൾ പൂർണമായി നശിച്ചിരിക്കുന്നു. ഇതിലെ സ്ഥിരമായി യാത്ര ചെയ്തിരുന്നവർ ബദൽ മാർഗത്തിലൂടെയാണു വടശേരിക്കര എത്തുന്നത്.
സമീപവാസികൾ പുറംനാടുകളിലെത്താൻ ബുദ്ധിമുട്ടുകയാണ്.