ശബരിമല ∙ പ്രായം മറന്ന് ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തിൽ പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി ദർശന പുണ്യം നേടി. ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരിമല സന്നിധിയിലെത്തുന്നത്.
2023 ൽ 100–ാം വയസ്സിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടർന്ന് കഴിഞ്ഞ വർഷവും ഇപ്പോൾ ഈ വർഷവും അയ്യപ്പനെ തൊഴുതു.
പതിനെട്ടാം പടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി.
സുഖമായി അയ്യപ്പനെ തൊഴാൻ കഴിഞ്ഞുവെന്നും പൊലീസിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം സുഖദർശനം സാധ്യമാക്കിയെന്ന് മുത്തശ്ശി പറഞ്ഞു.
വയനാട് മീനങ്ങാടിക്ക് സമീപം കോളേരി സ്വദേശിയാണ് പാറുക്കുട്ടി. പേരക്കുട്ടികളും ബന്ധുക്കളും മലയ്ക്ക് പോകാനൊരുങ്ങുമ്പോൾ പേരമകൻ ഗിരീഷ് കുമാർ ആണ് മുത്തശ്ശിയും പോരുന്നോ എന്ന് ചോദിച്ചത്.
അങ്ങനെയാണ് 2023ൽ ആദ്യമായി അയ്യപ്പ സന്നിധിയിലെത്തിയത്. പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് ഇത്തവണ മുത്തശ്ശി മലയിലെത്തിയത്.
19ന് രാവിലെ കോളേരി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലയാത്ര തുടങ്ങിയത്.
ഏറ്റുമാനൂർ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്ത രുദ്രന്റെ നീരാട്ട് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് പാറുക്കുട്ടി മുത്തശ്ശി. 100-ാം വയസ്സിൽ ശബരിമല തീർഥാടന യാത്ര നടത്തുന്ന സ്വന്തം ജീവിതത്തിലെ വേഷം തന്നെയാണ് പാറുക്കുട്ടി മുത്തശ്ശി സിനിമയിലും ചെയ്തിരിക്കുന്നത്.
മദ്യത്തിനും ലഹരിമരുന്നിനും എതിരായ പ്രമേയം ചർച്ച ചെയ്യുന്ന സിനിമ അടുത്ത മാർച്ചിൽ പുറത്തിറങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

