ശബരിമല ∙ മഞ്ഞിൽ മൂടിപ്പുതയ്ക്കുകയാണു ശബരിമലയും ശരണവഴികളും. താടി കൂട്ടിയിടിക്കുന്ന തണുപ്പാണ് രാത്രിയിൽ.
പകൽ അസഹ്യമായ ചൂട്. മഞ്ഞും പൊടിയും നിറഞ്ഞ അന്തരീക്ഷമായതോടെ തീർഥാടകർക്കു മാത്രമല്ല ഇവിടെ ജോലിനോക്കുന്ന പൊലീസ്, ദേവസ്വം ജീവനക്കാർ, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങിയവർക്കും പനിയും തൊണ്ടവേദനയും പടരുന്നു.
സന്നിധാനം, പമ്പ, ശരണവഴികൾ എന്നിവിടങ്ങളിൽ സന്ധ്യയ്ക്കു മുൻപേ മൂടൽമഞ്ഞു തുടങ്ങും. ഒപ്പം തണുപ്പും 3 ദിവസമായി തണുത്തു വിറയ്ക്കുകയാണു തീർഥാടകർ.
സാധാരണ ഉള്ളതിനേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ്. സന്നിധാനത്ത് ഇന്നലെ കൂടിയ താലനില 25.5 കുറഞ്ഞത് 20.7 ഡിഗ്രി സെൽഷ്യസായിരുന്നു.
പമ്പയിൽ ഇന്നലെ 20, നിലയ്ക്കൽ 19.5 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.
രാത്രി നല്ല മഞ്ഞാണ്. രാത്രി 8 ആകുമ്പോഴേക്കും സന്നിധാനം മുഴുവൻ മഞ്ഞിൽ പുതയ്ക്കും. ഇന്നലെ ഹരിവരാസനം ആയപ്പോഴേക്കും തൊട്ടടുത്തു നിൽക്കുന്നവരെ കാണാൻ കഴിയാത്ത വിധത്തിൽ മഞ്ഞുപടർന്നു.
സന്നിധാനത്തു തീർഥാടകർ തിങ്ങി നിറയുന്ന സ്ഥലത്തും ആഴിക്കു സമീപവും തണുപ്പ് അൽപം കുറവുണ്ട്. എന്നാൽ പാണ്ടിത്താവളം, മാളികപ്പുറം ഭാഗത്തു തണുപ്പു തന്നെ. പമ്പാ മണപ്പുറത്ത് ചില സമയങ്ങളിൽ അടുത്തു നിൽക്കുന്നവരെ കാണാൻ കഴിയാത്ത വിധത്തിൽ മൂടൽ മഞ്ഞു നിറയുന്നുണ്ട്.
പമ്പ–സന്നിധാനം പാതയിൽ മഞ്ഞു കാരണം രാത്രി വെളിച്ച കുറവ് അനുഭവപ്പെടുന്നുണ്ട്.
സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും വലിയ മഞ്ഞുള്ള സമയത്ത് വെളിച്ചക്കുറവ് അനുഭവപ്പെടുന്നുണ്ട്.മൂടൽ മഞ്ഞ് തീർഥാടകരെ ശരിക്കും വലയ്ക്കുന്നത് പുല്ലുമേട് പാതയിലാണ്. സത്രത്തിൽ നിന്നു രാവിലെ 7ന് തീർഥാടകരെ സന്നിധാനത്തേക്കു പോകാൻ അനുവദിക്കും. മൂടൽ മഞ്ഞു കാരണം ചില സമയത്ത് വഴി തന്നെ കാണാൻ കഴിയുന്നില്ല.
വെയിൽ തെളിഞ്ഞാൽ മാത്രമാണ് മഞ്ഞു മാറുന്നത്. പത്തനംതിട്ട– പമ്പ, എരുമേലി– പമ്പ പാതയിലും മൂടൽ മഞ്ഞ് രാവിലെ വാഹന യാത്രയ്ക്കും തടസ്സമാകുന്നു. പത്തനംതിട്ട
റൂട്ടിൽ പമ്പ മുതൽ ളാഹ വരെയാണ് മഞ്ഞിന്റെ വലിയ ശല്യം. ചാലക്കയം, അട്ടത്തോട്, ഇലവുങ്കൽ, പ്ലാപ്പള്ളി, ളാഹ എന്നിവിടങ്ങളിലും മൂടൽ മഞ്ഞ് വാഹന യാത്രയ്ക്കു തടസ്സം ഉണ്ടാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

