സീതത്തോട് ∙ ചിറ്റാർ ഊരാമ്പാറയിൽ സൗരോർജവേലി തകർത്ത് കാട്ടാനക്കൂട്ടം നാട്ടിലേക്ക്. ഊരാമ്പാറ പേഴുംകാട്ടിൽ മധുസൂദനന്റെ അരയേക്കർ സ്ഥലത്തെ കൃഷി പൂർണമായി നശിപ്പിച്ചു.
മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ചില്ലികൊമ്പനും കുട്ടിശങ്കരനും വീണ്ടും ഇറങ്ങിയതോടെ ചിറ്റാർ നിവാസികൾ ആശങ്കയിൽ. രണ്ട് ദിവസം തുടർച്ചയായി ആനകളുടെ സാന്നിധ്യമുണ്ട്.
അള്ളുങ്കൽ ഇഡിസിഎൽ ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ കൂടി നീന്തി മറുകര കടക്കുന്ന ആനകൾ കക്കാട്ടാറിന്റെ തീരത്തായി സ്ഥാപിച്ചിരിക്കുന്ന സൗരോർജ വേലി തകർത്താണ് ജനവാസ മേഖലയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം വന്നുപോയ പാതയിൽ കൂടിയാണ് മടക്കം.
പുതിയ താര; കൃഷിനാശം പതിവ്
വ്യാഴാഴ്ച രാത്രി ഇറങ്ങി തകർത്ത സൗരോർജവേലി ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ അഭിലാഷിന്റെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രി മറ്റൊരു താരയിൽ കൂടി എത്തിയാണ് കൃഷിയിടത്തിൽ പ്രവേശിച്ചത്. ഈ കൃഷി സ്ഥലത്തും സൗരോർജ വേലി സ്ഥാപിച്ചിരുന്നു.
വേലിയുടെ ഒരു ഭാഗം ചവിട്ടിത്താഴ്ത്തിയ ശേഷമാണ് വാഴത്തോട്ടത്തിലേക്കു കടന്നത്.
കുലച്ച് പാകമായി നിന്നിരുന്ന 120 മൂട് വാഴകളും 100 മൂട് കപ്പയും മറ്റ് ഇടവിള കൃഷികളും നശിപ്പിച്ച ശേഷം ഇന്നലെ വെളുപ്പിനെയാണ് കാട്ടാനകൾ മടങ്ങി പോയത്. വെള്ളിയാഴ്ച ആനകൾ അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ്റിലേക്കു ഇറങ്ങിയതറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തി പടക്കം പൊട്ടിച്ചും വെടി ഉതിർത്തും ആനകളെ തുരത്തിയിരുന്നു.
ഇതിനുശേഷം രാത്രി ആനയിറങ്ങാൻ സാധ്യയുള്ള സ്ഥലങ്ങളിൽ വനപാലക സംഘം റോന്ത് ചുറ്റി മടങ്ങി. ഇതിനു പിന്നാലെ പുതിയ താരയിൽ കൂടി കാട്ടാനകൾ വീണ്ടും എത്തുകയായിരുന്നു.
കുട്ടിയാനയും കൂടെയുണ്ടെന്ന് സംശയം
രണ്ട് ആനകളെ കൂടാതെ ചെറിയൊരു ആനയും ഉള്ളതായാണ് സംശയം.
കൃഷിയിടത്തിൽ കുട്ടിയാനയുടെ കാൽപാടുകൾ കണ്ടതായി പറയുന്നു. ആനകളെ തുരത്താൻ ദ്രുതകർമ സേനയുടെ സേവനവും സ്ഥലവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തവണ എത്തിയതു പോലെ ചിറ്റാർ–സീതത്തോട് റോഡ് മുറിച്ച് ആനകൾ കൈതത്തോട്ടത്തിലേക്കു പോകാനുള്ള സാധ്യതയും ഏറെയാണ്. ആനകളെ തടയാൻ 20 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച സൗരോർജ വേലി കൊണ്ടും പ്രയോജനം ഇല്ലാത്ത സ്ഥിതിയാണിപ്പോൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

