നിങ്ങൾ ഈ ചെറിയവരിൽ ഒരുവനു വേണ്ടി ചെയ്യുമ്പോൾ എനിക്കായിത്തന്നെയാണ് ചെയ്യുന്നത് എന്ന വചനത്തിൽ ഊന്നിയാണ് മലങ്കര കത്തോലിക്കാ സഭയും അതിന്റെ സേവനപ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം മേജർ അതിരൂപതയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ വിദ്യാഭ്യാസ മേഖലയിലും സാമൂഹിക സേവന മേഖലയിലും നടത്തിയിരുന്ന പ്രവർത്തനങ്ങൾ പത്തനംതിട്ട
രൂപത സ്ഥാപിച്ച ശേഷവും തുടരുന്നു. സമൂഹത്തിൽ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യർക്കു താങ്ങും തണലുമായി സഭ മാറണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ മൂന്നു സ്ഥാപനങ്ങൾ ഇന്ന് അനേകർക്ക് ആശ്വാസമായി മാറിയിട്ടുണ്ട്.
മനോദൗർബല്യമുള്ള ആളുകൾക്കായി ളാക്കൂരിൽ ആരംഭിച്ച കാരുണ്യ ഭവൻ ഇക്കഴിഞ്ഞ കാലയളവിലെ പ്രവർത്തനംകൊണ്ട് ഏറെ ശ്രദ്ധയാകർഷിച്ചു.
ചീക്കനാലിൽ സ്ഥാപിച്ച ആശ്വാസ ഭവനിൽ ശാരീരിക പ്രശ്നങ്ങളുള്ള കുട്ടികൾക്കാണ് അഭയം നൽകുന്നത്. രൂപതയുടെ പ്രഥമ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റത്തിന്റെ പ്രത്യേക താൽപര്യത്തിൽ സ്ഥാപിച്ചതാണ് ആശ്വാസ ഭവൻ. പയ്യനാമണ്ണിൽ സ്ഥാപിച്ച പ്രത്യാശ ഭവൻ വാർധക്യത്തിലെത്തിയ അമ്മമാർക്കു വേണ്ടിയുള്ളതാണ്. സഭയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ എടുത്തുപറയേണ്ട
ഒന്നാണ് സാന്തോം ഭവന പദ്ധതി. പുനരൈക്യ ശതാബ്ദിക്ക് ഒരുക്കമായുള്ള ഈ പദ്ധതി പത്തനംതിട്ട
രൂപതയിൽ ആരും ഭവനരഹിതരായി ഉണ്ടാകരുതെന്ന ആഗ്രഹത്തോടെ ആരംഭിച്ചതാണ്. ഈ പദ്ധതിയിൽ 100 വീടുകൾ പൂർത്തിയാകുകയാണ്.
ഭവനം ലഭിച്ചവരിൽ രൂപതാംഗങ്ങൾ മാത്രമല്ല ഉള്ളത്.
പ്രളയകാലത്ത് വീടു നഷ്ടമായവരവർക്കായി മൈലപ്രയിലെ സഭാ വക സ്ഥലത്ത് എട്ടു വീടുകളാണ് നിർമിച്ചു നൽകിയത്.സഭ ആവിഷ്കരിക്കുന്ന പദ്ധതികൾ സമൂഹത്തിലേക്ക് എത്തിക്കുന്നത് അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി വഴിയാണ്. ആവശ്യക്കാർക്ക് ജീവനോപാധികൾ വിതരണം ചെയ്യുക, സ്വയം തൊഴിലിനു പ്രാപ്തരാക്കുക, തേൻ കൃഷി, കൂൺ കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അനുഗ്രഹ സൊസൈറ്റി വഴി ചെയ്യുന്നു.
സഭ നടത്തിയിരുന്ന എയ്ഡഡ് സ്ഥാപനങ്ങൾ എല്ലാം ആധുനിക സൗകര്യങ്ങളോടെ വിപുലപ്പെടുത്താനായി.
മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ, തണ്ണിത്തോട് സെന്റ് ബെനഡിക്ട് ഹൈസ്കൂൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ പേരെടുത്തു പറയാവുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പത്തനംതിട്ടയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത മനസ്സിലാക്കി ആരംഭിച്ച അടൂർ ഓൾ സെയിന്റ്സ് പബ്ളിക് സ്കൂൾ, പത്തനംതിട്ട
മഡോണ സ്കൂൾ, വടശേരിക്കര മാർ ഇവാനിയോസ് സ്കൂൾ, പറന്തലിലെ മാർ ക്രിസോസ്റ്റം കോളജ് തുടങ്ങിയവ ആധുനിക കാലത്തിനനുസൃതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയിട്ടുണ്ട്. ബഥനി സന്യാസ സമൂഹവും സ്കൂളുകൾ സ്ഥാപിച്ചു നടത്തുന്നുണ്ട്.
വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി നിർധനരായ പെൺകുട്ടികൾക്ക് നഴ്സിങ് പഠന സഹായം നൽകുന്ന പദ്ധതിയുണ്ട്. നിർധന രോഗികൾക്ക് ഡയാലിസിസിനു സഹായം നൽകുന്ന സെന്റ് പീറ്റേഴ്സ് ഹാൻഡ് പദ്ധതി, നിർധന പെൺകുട്ടികൾക്കായുള്ള വിവാഹ സഹായ നിധി എന്നിവയും തുടരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഏറ്റവും ഒടുവിൽ ആവിഷ്കരിച്ച പദ്ധതിയാണ് സാന്തോം പാലിയേറ്റിവ് കെയർ.
വാർധക്യത്തിലായിരിക്കുന്ന രോഗികൾക്ക് കിടക്കകളും മരുന്നുകളും സാന്ത്വന ശുശ്രൂഷകളും വീട്ടിലെത്തി നൽകുന്ന പദ്ധതിയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]