
അഗ്നിരക്ഷാകേന്ദ്രം: നിലവിലെ കെട്ടിടം ഇടിയാറായി; പഴയ െകട്ടിടം പൊളിയുന്നതിന് മുൻപ് വരുമോ പുതിയ കെട്ടിടം?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടൂർ∙ അഗ്നിരക്ഷാകേന്ദ്രത്തിന്റെ കെട്ടിട നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യം. നിലവിൽ അഗ്നിരക്ഷാകേന്ദ്രം ഇടിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. കെട്ടിടം എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. അതിനു മുൻപു പുതിയ കെട്ടിടത്തിലേക്കു മാറുന്നതിനു വേണ്ടിയാണു നിർമാണം വേഗത്തിലാക്കണമെന്ന് ആവശ്യം. പുതിയ കെട്ടിടത്തിന്റെ പണികൾ ഇപ്പോൾ രണ്ടാം നിലയുടെ വാർപ്പ് പൂർത്തിയാക്കി ഭിത്തി കെട്ടു നടക്കുകയാണ്.
ബാക്കിയുള്ള പണികൾ എത്രയും വേഗം പൂർത്തിയാക്കിയെങ്കിലേ അപകടാവസ്ഥയിലായ കെട്ടിടത്തിൽ നിന്നു പുതിയ കെട്ടിടത്തിലേക്ക് അഗ്നിരക്ഷാകേന്ദ്രം മാറ്റാൻ കഴിയൂ.ഭിത്തി കെട്ട്, തറയിടൽ, തേപ്പ്, പെയിന്റിങ്, പ്ലമിങ്, ഇലക്ട്രിക് വർക്കുകൾ, മുറി തിരിക്കൽ, ശുചിമുറി നിർമാണം, ഫയർഎൻജിനുകൾക്കു പുതിയ കെട്ടിടത്തിലേക്ക് ഇറങ്ങാനുള്ള വഴി സൗകര്യം തുടങ്ങിയവയുടെ പണികളാണു വേഗത്തിലാക്കേണ്ടത്.
വഴി സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണു പറയുന്നത്. ഇതിനുള്ള എസ്റ്റിമേറ്റ് പോലും തയാറായില്ല. കെട്ടിട നിർമാണം പുരോഗമിക്കുന്ന മുറയ്ക്കു വഴി സൗകര്യം കൂടി എത്രയും വേഗം ഒരുക്കേണ്ടത് അത്യാവശ്യമാണ്. 3 നിലകളുള്ള കെട്ടിടം നിർമിക്കാനാണ് എസ്റ്റിമേറ്റ്. നിർമാണത്തിനു നിലവിൽ 4.70 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ ഇത്രയും തുക കൊണ്ട് 3 നിലകളുടെ പണികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് പറയുന്നത്.
അതിനാലാണ് 2 നിലകളുടെ പണിയെങ്കിലും വേഗത്തിൽ പൂർത്തിയാക്കി ദുരത്തിലായിരിക്കുന്ന വാടക കെട്ടിടത്തിൽ നിന്നു പുതിയ കെട്ടിടത്തിലേക്ക് അഗ്നിരക്ഷാ കേന്ദ്രം മാറ്റാൻ ആവശ്യപ്പെടുന്നത്. തറനിരപ്പിനു താഴെയുള്ള നിലയിൽ 6 ഫയർ എൻജിനുകൾ പാർക്ക് ചെയ്യാനുള്ള ഗാരിജ്, ഗ്രൗണ്ട് ഫ്ലോറിൽ ഓഫിസ് സൗകര്യം, അതിനു മുകളിലത്തെ നിലയിൽ ജീവനക്കാർക്കും വിശ്രമിക്കാനുള്ള ക്രമീകരണം എന്നിങ്ങനെയാണു വിഭാവനം ചെയ്തിരുന്നത്.