പത്തനംതിട്ട ∙ ഇന്നു തുലാമാസം പിറക്കുന്നതിനും 2 നാൾ മുൻപെ, മഴയ്ക്കു തുടക്കമാകുമ്പോൾ മലയോര ജില്ല അണിഞ്ഞൊരുങ്ങുന്നത് രണ്ടാം മഴക്കാലത്തിന്. ഒക്ടോബർ 15മുതൽ ഡിസംബർ വരെ ഏകദേശം 100 സെന്റീമീറ്റർ വരെ കിട്ടുന്ന റെക്കോർഡ് മഴ, സംസ്ഥാനത്തെ ഏറ്റവുമധികം വടക്കു–കിഴക്കൻ തുലാമഴ കിട്ടുന്ന ജില്ലയായി പത്തനംതിട്ടയെ മാറ്റുന്നു. 150–170 സെമീ കാലവർഷം, ജനുവരി മുതൽ മേയ് വരെ കിട്ടുന്ന 30–40 സെമീ വേനൽമഴയും കൂടി ചേർത്തു വച്ചാൽ ലഭിക്കുന്ന ആകെ മഴ 280– 300 സെമീ കവിയും.
മികച്ച വായുഗുണനിലവാരവും ജലലഭ്യതയുമാണ് ഇതിന്റെ ഗുണഫലം. കാലവർഷം കുറഞ്ഞ് തുലാമഴയും വേനൽമഴയും കൂടുതലായി കിട്ടുന്നു എന്നതാണ് കഴിഞ്ഞ 10 വർഷമായി കണ്ടുവരുന്ന പുതിയ പ്രവണത.
തുലാമഴയെ എത്തിക്കുന്നത് മൺസൂണിന്റെ പിന്മാറ്റം
ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെ 4 മാസം നീളുന്ന കാലവർഷ–മൺസൂൺ മേഘങ്ങൾ എത്തുന്നതു പടിഞ്ഞാറൻ കാറ്റിന്റെ ചിറകിലേറിയാണെങ്കിൽ ഉത്തരേന്ത്യയിൽ നിന്നു പിൻവാങ്ങിയെത്തുന്ന മൺസൂണിന്റെ തോളിൽ കയ്യിട്ടാണ് തുലാമഴയുടെ വരവ്. ദിശമാറി കാറ്റ് വടക്കു–കിഴക്കു നിന്നു വീശാൻ തുടങ്ങുന്നതോടെയാണു തുലാമഴയുടെ തുടികൊട്ടിനു തുടക്കമാകുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളുടെ കിഴക്കൻ മേഖലകളിലുമാണ് പർവതജന്യമായ തുലാമഴ പെയ്തിറങ്ങുന്നത്.
കുന്നിൻ താഴ്വരകളിൽ ശക്തി കൂടുതലായിരിക്കും.
മിന്നലിന് എതിരെ വേണം ജാഗ്രത
ഉച്ചകഴിഞ്ഞ് ശക്തമായ മിന്നലിന്റെ അകമ്പടിയോടെ എത്തുന്ന തുലാമഴക്കാലത്ത് കിഴക്കൻ മാനത്ത് മേഘങ്ങൾ രൂപം കൊള്ളുമ്പോൾ തന്നെ ജാഗ്രത വേണം. തുറസ്സായ സ്ഥലങ്ങളിലും ഉയരമുള്ള വൃക്ഷങ്ങളുടെ ചുവട്ടിലും നിൽക്കാൻ പാടില്ല.വാഹനങ്ങളുടെ ഉൾഭാഗം പൊതുവെ സുരക്ഷിതമാണ്.സംസ്ഥാനത്ത് മിന്നൽ അപകടങ്ങൾ ഉണ്ടാകുന്ന ജില്ലകളുടെ പട്ടികയിൽ മുൻപന്തിയിലാണ് പത്തനംതിട്ട. മിന്നലേൽക്കുന്ന ആളിന്റെ ശരീരത്തിൽ വൈദ്യുതി ഇല്ല.അതിനാൽ ഉടൻ പ്രഥമശുശ്രൂഷ നൽകണം.
ആദ്യ 30 സെക്കൻഡ് പ്രധാനമാണ്. കൃത്രിമശ്വാസവും മറ്റും നൽകി എത്രയും പെട്ടെന്നു വൈദ്യസഹായം ലഭ്യമാക്കണം.
തുലാമഴക്കാലം: ജില്ലയുടെ ഡാമുകൾ നിറയും കാലം
ശബരിഗിരി ജലപദ്ധതി,സ്വകാര്യ വൈദ്യുതി നിലയങ്ങൾ, ജലസേചന അണകൾ തുടങ്ങി 20–ലേറെ അണക്കെട്ടുകളുള്ള ജില്ലയെ തൊട്ട് 4 പ്രധാന നദികളാണുള്ളത്.
കഴിഞ്ഞ 2 ദിവസം തുലാമഴയ്ക്കു മുന്നോടിയായ മഴ ശക്തിപ്രാപിച്ചപ്പോൾ സംസ്ഥാനത്തു തന്നെ ആദ്യ പ്രളയ മുന്നറിയിപ്പു വന്നതും കോന്നി പ്രളയമാപിനിയിൽ നിന്നാണ്. മൺസൂണിൽ എന്നതുപോലെ തുലാമഴക്കാലത്തും പ്രളയസാധ്യത ഒഴിയാത്ത ജില്ലയിലെ കക്കി സംഭരണിയിൽ ശേഷിയുടെ 78%വെള്ളം ഉള്ളതായാണ് കണക്ക്.
അന്തരീക്ഷച്ചുഴി, ന്യൂനമർദം
നവംബർ മാസത്തിൽ ശക്തമായ തുലാമഴയ്ക്കു സാധ്യത എന്നതാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അറബിക്കടലിനു മുകളിൽ ശക്തമായ അന്തരീക്ഷച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്തയാഴ്ച പകുതി വരെ മഴ ലഭിക്കും. ന്യൂനർദം രൂപപ്പെട്ടാൽ മഴ വടക്കോട്ടു നീങ്ങാനാണു സാധ്യത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]