സീതത്തോട് ∙ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന മൂഴിയാർ 40 ഏക്കർ കോളനിയിൽ വീണ്ടും ഒറ്റക്കൊമ്പന്റെ ആക്രമണം. ബുധനാഴ്ച രാത്രി കാടിറങ്ങി വരുന്നതിനിടെ 40 ഏക്കർ കോളനിയിലെ അങ്കണവാടിയുടെ സംരക്ഷണ ഭിത്തി തകർക്കുകയും ഐബിക്കു സമീപം പോർച്ചിൽ കിടന്ന കാർ കുത്തി മറിക്കാൻ ശ്രമവും നടത്തി. കാട്ടാന ആക്രമണം തുടങ്ങിയതോടെ കോളനിയിൽ താമസിക്കുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ആശങ്കയിൽ.
കഴിഞ്ഞ രണ്ട് വർഷമായി ചക്കയുടെ സീസൺ തുടങ്ങുമ്പോഴാണ് ഒറ്റക്കൊമ്പൻ കാടിറങ്ങി വരിക.
40 ഏക്കർ കോളനിയുടെ പരിസരം കൂടുതലും വനമാണ്. പകൽ സമയം ഈ വനത്തിൽ താവളമടിക്കുന്ന കൊമ്പൻ സന്ധ്യയാകുമ്പോഴേക്കും ജനവാസ മേഖലയിൽ എത്തും. എത്ര ബഹളം കൂട്ടിയാലും അതൊന്നും കേട്ടഭാവം പലപ്പോഴും കാണിക്കാറില്ല.ചക്കയാണു പ്രധാന ഇഷ്ട
ഭക്ഷണം.
പ്ലാവ് കുലുക്കി മറിച്ച് കിട്ടാവുന്നിടത്തോളം ചക്കകൾ തിന്ന ശേഷമാണു മടക്കം. കഴിഞ്ഞ ദിവസവും പതിവു പോലെ എത്തിയ കൊമ്പൻ കുറെ ഏറെ സമയം കോളനിയിലൂടെ നടന്ന ശേഷമാണ് അങ്കണവാടി പരിസരത്ത് എത്തിയത്.
ഏകദേശം 6 അടിയോളം നീളത്തിൽ സംരക്ഷണ ഭിത്തി തകർത്തു.ഭിത്തിയുടെ ബാക്കി ഭാഗങ്ങളും അപകട ഭീഷണിയിലാണ്.
കാറിന്റെ ഡിക്കി കുത്തി കീറിയ ശേഷം കിടന്നിടത്തു നിന്നും തള്ളി മാറ്റിയിട്ട ശേഷമാണു കാട് കയറിയത്.
കഴിഞ്ഞ വർഷം ഒറ്റക്കൊമ്പനൊപ്പം മറ്റൊരു കൊമ്പനും എത്തുമായിരുന്നു.
ഈ തവണ ഒറ്റക്കൊമ്പൻ തനിച്ചാണു വരവ്. ആനയെ പേടിച്ച് ശബരിഗിരി പദ്ധതിയിലെ രാത്രി കാല ഷിഫ്റ്റിലുള്ളവർ ഏറെ ആശങ്കയിലാണ് കഴിയുന്നത്. മിക്കയിടത്തും വെളിച്ചം ഉണ്ടെങ്കിലും ആളനക്കം കണ്ടാൽ ആന നിന്നിടത്തു നിന്നും മാറാതെ ഒറ്റ നിൽപാണ്. ഈ സമയം അറിയാതെ ആനയുടെ മുന്നിൽ പെടാനുള്ള സാധ്യത ഏറെയാണെന്നു ഉദ്യോഗസ്ഥർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]