അടൂർ∙ കൃത്യമായ ഒരു കാലഘട്ടത്തിലേക്ക് ജയിച്ചു വരുന്ന ജനപ്രതിനിധികളെ ഭരണാധികാരികൾ എന്നു വിളിക്കുമ്പോൾ അവരാണ് ഈ രാജ്യത്തിന്റെ സംസ്കാരം മുഴുവൻ വ്യാഖ്യാനിക്കുന്നത് എന്ന ധാരണ തിരുത്തപ്പെടണമെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാർഷികാഘോഷത്തിനും സഭാ സംഗമത്തിനും തുടക്കം കുറിച്ച് ഓൾസെയ്ന്റ്സ് സ്കൂളിലെ മാർ ഇവാനിയോസ് നഗറിൽ പതാക ഉയർത്തുകയായിരുന്നു ബാവാ.
ഇവിടെ ജീവിക്കുന്ന മനസ്സുകളാണ് ഭരണഘടനയിൽ ജീവിക്കുന്നതും വ്യാഖ്യാനിക്കുന്നതും.
ക്രിസ്ത്യാനിയെ ഉപദ്രവിച്ചാൽ, അവരെ അധിക്ഷേപിച്ചാൽ വലിയ പാരിതോഷികം പ്രഖ്യാപിക്കുന്ന ഒരിടമായി നമ്മുടെ ദേശം വളർന്നിരിക്കുന്നു. അതു ഭാരതത്തിന്റെ മത നിരപേക്ഷതയ്ക്കുതന്നെ കളങ്കമേൽപ്പിച്ചു.
നിരാലംബരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന്റെ പേരിൽ കൽതുറുങ്കിൽ അടയ്ക്കപ്പെടുന്ന വ്യവസ്ഥിതി ആർഷ ഭാരതത്തിനു ചേർന്നതല്ല. ഇതു പറയുമ്പോൾ പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തുവെന്നു വരാം.
പക്ഷേ, കുരിശിൽ തൂക്കപ്പെട്ടവന്റെ മുഖത്തേക്ക് നോക്കി ജീവിക്കുന്ന ഒരുവന് മരണം വിഷയമല്ല. മരണം ഒരിക്കലും നമ്മെ പരാജയപ്പെടുത്തുകയില്ല.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ‘യേശുവിനെ പ്രകാശ മനുഷ്യനായി’ അവതരിപ്പിച്ചെങ്കിൽ അത് എന്നും ജീവിക്കുന്ന യേശുവിനെ കണ്ടതിന്റെ പേരിലാണ്. ഒരുമയോടെയും ചേർന്നു നിന്നും വിഭാഗീയതയോട് കൂട്ടുകൂടാതെയും വർഗീയതയ്ക്ക് നിത്യമായ നോ പറഞ്ഞും ആർജവം കാട്ടി ഈ സമൂഹത്തിന്റെ നിർമിതിയിൽ പങ്കുചേരണം.
ഈ കാലഘട്ടത്തിൽ മലങ്കര കത്തോലിക്കാ സഭയ്ക്ക് വേറിട്ടൊരു ദൗത്യമുണ്ട്.
അതു ഒരിക്കലും മറക്കാതിരിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും വ്യത്യസ്തമായ സ്ഥലങ്ങളിൽ ഒരുമയോട് ചേർന്നു നിന്ന് മാർ ഇവാനിയോസിന്റെ സ്മരണ പുതുക്കുന്നത്. സഭ ഈ കാലഘട്ടത്തിലെ വെല്ലുവിളികൾ ഏറ്റെടുത്ത് മുൻപോട്ടു പോകണമെന്നും ബാവ പറഞ്ഞു.
ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നഗരസഭാ അധ്യക്ഷൻ കെ.മഹേഷ്കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ചാക്കോ തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.ടി.രാജൻ എന്നിവർ പ്രസംഗിച്ചു.
വിവിധ രൂപതകൾ, വൈദിക ജില്ലകളിൽ എന്നിവിടങ്ങളിൽനിന്ന് പ്രയാണങ്ങൾ; ഇനി അഞ്ചുനാൾ ആഘോഷം
അടൂർ ∙ മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാർഷികാഘോഷത്തിന് കൊടി ഉയർന്നു.
ഇനി 20 വരെ അടൂർ കത്തോലിക്കാ സഭാ സംഗമത്തിനു വേദിയായി മാറും. വിവിധ രൂപതകൾ, വൈദിക ജില്ലകളിൽ എന്നിവിടങ്ങളിൽനിന്നുള്ള പ്രയാണങ്ങൾ മാർ ഇവാനിയോസ് നഗറിൽ സംഗമിച്ചശേഷം കൊടിയുയർന്നതോടെയാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വാർഷികാഘോഷത്തിന് തുടക്കമായത്. തിരുവനന്തപുരം മേജർ അതിരൂപതയുടെ നേതൃത്വത്തിൽ പട്ടം കബറിൽനിന്ന് ദീപശിഖയും തിരുവല്ല അതിരൂപതയുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് കത്തീഡ്രലിൽനിന്ന് മാർ തെയോഫിലോസിന്റെ ഛായാചിത്രവും മാവേലിക്കര രൂപതയുടെ നേതൃത്വത്തിൽ മാർ ഇവാനിയോസിന്റെ ജന്മഗൃഹത്തിൽനിന്ന് മാർ ഇവാനിയോസിന്റെ ഛായാചിത്രവും പത്തനംതിട്ട
രൂപതയിലെ റാന്നി–പെരുനാട്, വിവിധ വൈദിക ജില്ലകൾ എന്നിവിടങ്ങളിൽനിന്ന് ബൈബിളും വെള്ളിക്കുരിശും ഛായാചിത്രവും കാതോലിക്കാ പതാകയും വഹിച്ച പ്രയാണം വൈകിട്ട് അഞ്ചോടെ അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിക്കു മുൻപിൽ സംഗമിച്ചു. തുടർന്ന് സംഗമവേദിയായ ഓൾസെയ്ന്റ്സ് പബ്ലിക് സ്കൂളിൽ എത്തിച്ചേർന്നപ്പോൾ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. കാതോലിക്കാ ബാവ സഭാ പുനരൈക്യവാർഷികത്തിനും സഭാസംഗമത്തിനും തുടക്കം കുറിച്ച് കാതോലിക്കാ പതാക ഉയർത്തി.
ഡോ.സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മാത്യു മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനിയോസ്, ജോസഫ് ചാമക്കാലായിൽ റമ്പാൻ, മോൺ. വർഗീസ് മാത്യൂകാലായിൽ വടക്കേതിൽ തുടങ്ങിയവർ പങ്കെടുത്തു.
റാന്നി പെരുനാട് കുരിശുമല തീർഥാടന പള്ളിയിൽ റാന്നി പെരുനാട് വൈദിക ജില്ലാ വികാരി ഫാ.ജോസ് കളവിള കാതോലിക്കാ പതാക ഫ്ലാഗ്ഓഫ് ചെയ്ത് പ്രയാണത്തിന്റെ രൂപതാതല ഉദ്ഘാടനം നിർവഹിച്ചു. ഫാ.ഏബ്രഹാം മേപ്പുറത്ത്, ഫാ.വർഗീസ് കുത്തിനേത്ത്, എംസിവൈഎം രൂപതാ ഡയറക്ടർ ഫാ.ജോബ് പതാലിൽ, ഫാ.സ്കോട്ട് സ്ലീബ പുളിമൂടൻ, രൂപതാ പ്രസിഡന്റ് ബിബിൻ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
ബൈബിൾ കൺവൻഷന് ഇന്നുതുടക്കം
പുനരൈക്യ വാർഷികത്തിന്റെ ഭാഗമായിട്ടുള്ള ബൈബിൾ കൺവൻഷൻ ഇന്നു തുടങ്ങി 19ന് സമാപിക്കും. ഇന്ന് വൈകിട്ട് 5.30ന് ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും.
ദിവസവും 6.30ന് ആരംഭിക്കുന്ന കൺവൻഷൻ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]