
ശബരിമല ∙ കർക്കടക മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു.
കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നപ്പോൾ സന്നിധാനമാകെ ശരണംവിളികളായിരുന്നു.ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച ശേഷം മാളികപ്പുറം ക്ഷേത്രനട
തുറക്കാനായി അവിടത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു.
തുടർന്നു ഭക്തരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അനുവദിച്ചു. പടികയറാനായി ബാരിക്കേഡുകൾക്ക് പുറത്തും തീർഥാടകർ തിങ്ങിനിറഞ്ഞിരുന്നു. 21 വരെ പൂജകൾ ഉണ്ടാകും.
ദിവസവും നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ നടക്കും. 21ന് രാത്രി 10ന് നട
അടയ്ക്കും. നിറപുത്തരി ആഘോഷത്തിനായി 29ന് വീണ്ടും തുറക്കും.
30ന് രാവിലെ 5.30നും 6.30നും മധ്യേയാണ് നിറപുത്തരി.
ശബരിമലയിൽ ഭസ്മക്കുളം: നിർമാണം ആരംഭിച്ചു
ശബരിമല ∙ സന്നിധാനത്ത് പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം തുടങ്ങി. ശബരി ഗെസ്റ്റ് ഹൗസിനു സമീപം കൊപ്രാക്കളത്തിലാണു ഭസ്മക്കുളം നിർമിക്കുന്നത്.
60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ സ്ഥാനനിർണയം നടത്തി കുറ്റിയടിച്ച ഭാഗത്തു മുഹൂർത്തത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് കുറച്ചു മണ്ണു നീക്കിയാണ് തുടക്കം കുറിച്ചത്.
സ്പോൺസർമാരുടെ സഹായത്തോടെയാണ് പണി നടത്തുന്നത്.ഇപ്പോഴത്തെ ഭസ്ക്കുളത്തിലേക്കു മലിനജലം ഒലിച്ചിറങ്ങുന്നതിനാൽ ശുദ്ധിയും ശുചിത്വവും കുറവാണെന്ന വിലയിരുത്തലിലാണ് പുതിയത് നിർമിക്കാൻ പദ്ധതിയിട്ടത്. പണ്ടത്തെ ഭസ്മക്കുളം ക്ഷേത്രത്തിന്റെ കിഴക്കു വശത്തായിരുന്നു.
തീർഥാടന കാലത്തെ വലിയ തിരക്കിൽ ഭസ്മക്കുളം തടസ്സമായതോടെയാണ് ദേവപ്രശ്നം നടത്തി പടിഞ്ഞാറു വശത്തേക്കു മാറ്റിയത്. പഴയ ഭസ്മക്കുളം നവീകരിച്ച് നിലനിർത്തും. 35 ലക്ഷം രൂപ ചെലവിലാണ് ഇത് നവീകരിക്കുന്നത്. മലിനജലം ഒഴുകിയെത്താത്ത വിധത്തിൽ കുളത്തിന്റെ 4 വശത്തെയും ഭിത്തി പുനർനിർമിക്കും.
കൂടാതെ ഉയരവും കൂട്ടും. അതിലൂടെ മലിനജലം ഒലിച്ചിറങ്ങുന്നത് തടയാൻ കഴിയുമെന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]