എട്ടുതവണ നിയമസഭയിൽ പ്രതിനിധീകരിച്ച ജില്ലയുടെ ശിൽപി കെ.കെ.നായർക്ക് അടിതെറ്റിയ ചരിത്രമുണ്ട്, പത്തനംതിട്ടയ്ക്കു പറയാൻ. സ്വതന്ത്രനായി എത്തി ജനഹൃദയങ്ങൾ കീഴടക്കി, നാടിന്റെ നായകനായി.
വെച്ചുനീട്ടിയ മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞു ജില്ല ചോദിച്ചു വാങ്ങി. തന്റെ ജീവിതം നാടിനു വേണ്ടി സമർപ്പിച്ചിട്ടും രണ്ടു തവണ കെ.കെ.നായരെ പത്തനംതിട്ട
കൈവിട്ടു.1972 മുതൽ 2006 വരെ 34 വർഷമാണ് അദ്ദേഹം മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. കുളപ്പുരയ്ക്കൽ കരുണാകരൻ നായർ എന്ന കെ.കെ.നായർ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിട്ടാണു രാഷ്ട്രീയം തുടങ്ങിയതെങ്കിലും 1970 സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായിട്ടാണു മത്സര രംഗത്ത് എത്തിയത്. പാരലൽ കോളജ് അധ്യാപകൻ എന്ന നിലയിൽ ശിഷ്യഗണങ്ങൾ ഏറെയുള്ള പത്തനംതിട്ട
അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കന്നി അങ്കത്തിൽ കേരള കോൺഗ്രസിലെ വയലാ ഇടിക്കുളയെ പരാജയപ്പെടുത്തിയാണു മൂന്നാം കേരള നിയമസഭയിൽ എത്തിയത്.
എന്നാൽ 1977 മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ നായരെ പത്തനംതിട്ട കൈവിട്ടു. സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കേരള കോൺഗ്രസിലെ ഡോ.
ജോർജ് മാത്യുവിനോട് 4167 വോട്ടിനാണു പരാജയം ഏറ്റുവാങ്ങിയത്. 1980ൽ വീണ്ടും സ്വതന്ത്രനായി മത്സരിച്ചു.
കേരള കോൺഗ്രസിലെ ഈപ്പൻ വർഗീസിനെ പരാജയപ്പെടുത്തി വീണ്ടും നിയമസഭയിൽ എത്തി. സ്പീക്കർ എ.സി.
ജോസിന്റെ കാസ്റ്റിങ് വോട്ടിന്റെ ബലത്തിൽ നിലനിന്നിരുന്ന 1981-ലെ കെ.കരുണാകരന്റെ ഇടക്കാല മന്ത്രിസഭയിൽ അംഗമാകാൻ കെ.കെ.നായർക്കു ക്ഷണം ലഭിച്ചു. അദ്ദേഹത്തെ മന്ത്രിയാക്കി ഭൂരിപക്ഷം ഉറപ്പിക്കാനായിരുന്നു കരുണാകരന്റെ തീരുമാനം.
എന്നാൽ പത്തനംതിട്ട ജില്ല അനുവദിച്ചാൽ പിന്തുണയ്ക്കാം എന്നായി നായർ.
അതിനോടു കരുണാകരൻ അനുകൂലിച്ചു. റവന്യു സെക്രട്ടറി മിനി മാത്യുവിനെ ജില്ലാ രൂപീകരണ കമ്മിഷനായി നിയോഗിച്ചു.
കമ്മിഷൻ ശുപാർശ അനുസരിച്ചാണു കൊല്ലം ജില്ലയിലെ പത്തനംതിട്ട, അടൂർ, റാന്നി, കോഴഞ്ചേരി, കോന്നി പ്രദേശങ്ങളും ആലപ്പുഴ ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളും ഉൾപ്പെടുത്തി 1982 നവംബർ ഒന്നിനു പത്തനംതിട്ട ജില്ല രൂപീകരിച്ചു.
അങ്ങനെ ജില്ലയുടെ ശിൽപിയായി. 1982ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ വീണ്ടും സ്വതന്ത്രനായി 9459 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.1987ലെ തിരഞ്ഞെടുപ്പിലും സ്വതന്ത്രനായിട്ടാണു ജനവിധി തേടിയത്. കോൺഗ്രസ് (എസ്) നേതാവ് കൊട്ടറ ഗോപാലകൃഷ്ണനെ 12698 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു തറപറ്റിച്ചത്.
1991ൽ യുഡിഎഫിന്റെ പിന്തുണയുളള സ്വതന്ത്രനായി 17468 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2001ൽ കോൺഗ്രസ് സ്ഥാനാർഥിയായി .കേരള കോൺഗ്രസിലെ ജെറി ഈശോ ഉമ്മനെ 6548 വോട്ടിനു പരാജയപ്പെടുത്തി. 2006ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്നു സ്വതന്ത്രനായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടതും ചരിത്രത്തിന്റെ ഭാഗമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

