പത്തനംതിട്ട∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ ഏറ്റ തിരിച്ചടിയിൽ നിന്നും കോൺഗ്രസും യുഡിഎഫും ഉയിർത്തെഴുന്നേൽക്കുമെന്നും ഇത്തവണ മികച്ച വിജയം ഉറപ്പാണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. എൽഡിഎഫ് അധികാരത്തിലെത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ വികസനം സാധ്യമായെന്നും പൂർണമായും ഇക്കുറി ജയം നേടുമെന്നു പ്രഖ്യാപിച്ച് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.
പന്തളം നഗരസഭയിൽ ഭരണം നിലനിർത്തുമെന്നും തിരുവല്ലയിൽ ആധിപത്യം നേടുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട പ്രസ്ക്ലബ് നടത്തിയ സംവാദത്തിലാണ് മൂന്ന് നേതാക്കളും നിലപാട് വ്യക്തമാക്കിയത്.
വീതംവയ്പിനോട് യോജിപ്പില്ല
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്ന നടപടിയോട് യോജിപ്പില്ലെന്നും ഘടകകക്ഷികളുടെ ആവശ്യങ്ങൾക്ക് വഴങ്ങേണ്ടി വരുന്നതാണെന്നും രാജു ഏബ്രഹാം പറഞ്ഞു.
അധ്യക്ഷ പദവി വീതം വയ്ക്കുന്നത് ആശാസ്യമല്ല. സിപിഎമ്മിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ എൽഡിഎഫ് അധികാരത്തിലെത്തിയിട്ടും പ്രസിഡന്റ് പദവി പങ്കിട്ടതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസിന് അർഹമായ സീറ്റുകൾ നൽകുമെന്ന് വ്യക്തമാക്കിയ വി.എ.സൂരജ് ബിജെപിക്ക് നിർണായകമായ തിരഞ്ഞെടുപ്പാണ് ഇത്തവണയെന്നും പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തുകളിൽ പാർട്ടിക്ക് ജയസാധ്യതയുള്ള വാർഡുകൾ തിരഞ്ഞെടുത്ത ശേഷം ഒരു വർഷമായി പ്രവർത്തനം നടത്തിവരികയാണ്.
ജില്ലാ പഞ്ചായത്തിലും ഇക്കുറി പ്രാതിനിധ്യം ഉറപ്പാക്കും. ജയസാധ്യതയുള്ളവരെ കണ്ടെത്തി കോൺഗ്രസ് വാർഡ്തല സമിതിയാണ് സ്ഥാനാർഥി നിർണയം നടത്തിയതെന്നും ഇതിന്റെ ഗുണഫലം തിരഞ്ഞെടുപ്പിൽ തെളിയുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
യുഡിഎഫിന് വളക്കൂറുള്ള ജില്ലയിൽ നഷ്ടപ്രതാപം വീണ്ടെടുക്കും.
വികസനം സാധ്യമായോ
സംസ്ഥാന സർക്കാരും ഇടത് ഭരണസമിതികളും നടത്തിയ ക്ഷേമ–വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന് പറഞ്ഞ രാജു ഏബ്രഹാം ഇതിന് ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. ഒരു മാറ്റവും ജില്ലയിൽ സംഭവിച്ചിട്ടില്ലാത്തതിനാൽ മാവേലിക്ക് പോലും വഴിതെറ്റില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിന്റെ മറുപടി.
ആരോഗ്യകേന്ദ്രങ്ങളുടെ പരിമിതികൾ ചൂണ്ടിക്കാട്ടിയ സൂരജ് ഇരുമുന്നണികളും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നും കുറ്റപ്പെടുത്തി. അഴിമതിയിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്.
പാളയം മാറ്റം
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി മാറുന്നവരുടെ എണ്ണം തരംഗമായി മാറിയതിനെ കുറിച്ചും നേതാക്കൾക്ക് പറയാനുണ്ടായിരുന്നു.
സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും നേതാക്കളുൾപ്പെടെ കോൺഗ്രസിലേക്ക് എത്തുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് ചേക്കേറിയവരെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ, ആയിരത്തിലേറെ പേർ ബിജെപി പാളയത്തിൽ നിന്നും സിപിഎമ്മിലേക്ക് എത്തിയെന്നായിരുന്നു രാജു ഏബ്രഹാമിന്റെ മറുപടി.
ജില്ലാ പഞ്ചായത്തിലെ ഭരണവീഴ്ചകൾക്കെതിരെ സമരത്തിനിറങ്ങാതിരുന്ന കോൺഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പിന്റെ രാഷ്ട്രീയം പയറ്റുകയാണെന്ന് വി.എ.സൂരജ് ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

