ഇടപ്പാവൂർ ∙ വികസനം സാധ്യമാകുന്നതോടെ ചെറുകോൽപുഴ–റാന്നി റോഡിന്റെ ടാറിങ് വീതി ഏഴര മീറ്ററാകും. പാതയുടെ നവീകരണത്തിനുള്ള കടമ്പകളെല്ലാം പിന്നിട്ടു.
സാങ്കേതികാനുമതി ലഭിക്കുന്നതോടെ കരാർ നടപടിയിലേക്കു കടക്കും. കിഫ്ബി ഫണ്ടിൽ 61.452 കോടി രൂപ ചെലവഴിച്ചാണ് പാത പുനരുദ്ധരിക്കുന്നത്.
കേരള റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി) നിർമാണ ചുമതല.
13.60 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനാണ് കിഫ്ബി ആദ്യം അനുമതി നൽകിയത്. ഒരു വിഭാഗം ഇതിൽ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഇതേ വീതിയിൽ പണിയണമെന്ന നിലപാട് മറ്റൊരു വിഭാഗവും സ്വീകരിച്ചു. തർക്കം നീണ്ടപ്പോൾ വികസനം വൈകി.
10.50 മീറ്റർ വീതിയിൽ വികസനം നടത്താൻ കിഫ്ബിയും മന്ത്രിയും തീരുമാനമെടുത്തതോടെ എസ്റ്റിമേറ്റ് വീണ്ടും പുതുക്കി നിശ്ചയിച്ചു.
ഇതോടെ എസ്റ്റിമേറ്റ് തുക 55 കോടിയിൽ നിന്ന് 61.542 കോടിയായി ഉയരുകയായിരുന്നു. അതിനാണ് സാങ്കേതികാനുമതി തേടിയിരിക്കുന്നത്.വളവുകൾ പരമാവധി നേരെയാക്കും.
ഓട, സംരക്ഷണഭിത്തി, കലുങ്ക് എന്നിവ നിർമിക്കും. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളും മറ്റും സ്ഥാപിക്കുന്നതൊഴിവാക്കാൻ വശത്ത് ഡക്ട് പണിയും.
വശം വീതി കൂട്ടി കോൺക്രീറ്റ് ചെയ്യും.
ഇടിതാങ്ങി സ്ഥാപിക്കും. വൈദ്യുതി തൂണുകൾ വശങ്ങളിലേക്കു മാറ്റി സ്ഥാപിക്കും.
ദിശാസൂചിക, സുരക്ഷ മുന്നറിയിപ്പുകൾ എന്നിവയൊരുക്കും. റോഡ് വീതി കൂട്ടി പണിയുന്നതിന് സമീപവാസികൾ സമ്മതപത്രം നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി ഉദ്യോഗസ്ഥർ അറിയിച്ചു.
റാന്നി താലൂക്കിലെ പഴക്കം ചെന്ന റോഡുകളിൽ ഒന്നാണിത്.
തിരുവാഭരണ പാതയെന്നതാണു പ്രത്യേകത. കൂടാതെ ചെറുകോൽപുഴ കൺവൻഷൻ നടക്കുന്നത് പാതയോടു ചേർന്നു പമ്പാ മണൽപ്പുറത്താണ്.
റാന്നി വലിയപാലം തകർന്നു വീണപ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നത് ഇതിലെയാണ്. എന്നിട്ടും പാതയിൽ വികസനം നടന്നിരുന്നില്ല.
ചെറുകോൽപുഴ–മണിയാർ റോഡ് പാക്കേജിൽ കിഫ്ബിയുടെ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല.
തുടർന്നാണ് ചെറുകോൽപുഴ–റാന്നി റോഡിനു മാത്രമായി ഫണ്ട് അനുവദിച്ചത്. ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതോടെ ഗതാഗതം മെച്ചപ്പെടും. റാന്നി–വെണ്ണിക്കുളം, പേരൂച്ചാൽ–പ്ലാങ്കമൺ, റാന്നി–കോഴഞ്ചേരി, മല്ലപ്പള്ളി–ചെറുകോൽപുഴ–കോഴഞ്ചേരി എന്നീ പാതകളെയും അങ്ങാടി, അയിരൂർ എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന റോഡാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]