
പന്തളം ∙ മുട്ടാർ നീർച്ചാലിൽ അമൃത് പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ വേണമെന്നാവശ്യം. കുട്ടവഞ്ചി സവാരി, ബോട്ടിങ് അടക്കമുള്ള പദ്ധതികളുടെ സാധ്യത പരിശോധിക്കണമെന്നാണ് ആവശ്യം.
കുറുന്തോട്ടയം പാലം മുതൽ മുട്ടാർ പാലം വരെയുള്ള ഭാഗമാണ് ഏറെക്കുറെ ശുചീകരണം പൂർത്തിയായത്. ചന്തയുടെ ഭാഗം മുതൽ മുട്ടാർ പാലം വരെ ചാൽ വിസ്തൃതമാണ്.
പോളയും ചെളിയും നീക്കിയതോടെ ഈ ഭാഗം വലിയ ജലാശയത്തിനു സമാനമായി. ഇവിടം കേന്ദ്രീകരിച്ചു വിനോദസഞ്ചാര പദ്ധതി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
ചാൽ ശുചീകരണ ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
കുറുന്തോട്ടയം പാലം മുതൽ കിഴക്കോട്ടുള്ള ഭാഗങ്ങളിലും ജോലികൾ തുടങ്ങി. മുട്ടാർ നീർച്ചാൽ സംരക്ഷണ പദ്ധതി മുൻപ് പല ഘട്ടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് നടപ്പാക്കുന്നത്.
നിലവിലെ പദ്ധതി കൊണ്ട് സംരക്ഷണം പൂർണമാകില്ലെങ്കിലും മാലിന്യം നിറഞ്ഞുകിടന്ന ചാൽ ഏറെക്കുറെ മാലിന്യമുക്തമായി. കുറ്റമറ്റ രീതിയിൽ സംരക്ഷണ ഭിത്തി നിർമാണം കൂടി പൂർത്തിയായാൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനുള്ള സൗകര്യമൊരുങ്ങും.
വിനോദസഞ്ചാര പദ്ധതി സാധ്യമാക്കാനുള്ള ആലോചനകൾ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. 2 ഘട്ടമായി 55 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചീകരണം നടപ്പാക്കുന്നത്.
മാലിന്യം; കിലോ 8 രൂപ !
മുട്ടാർ നീർച്ചാലിൽ ശുചീകരണം പുരോഗമിക്കുമ്പോൾ ടൺ കണക്കിനു മാലിന്യമാണ് പുറത്തുവരുന്നത്. പ്ലാസ്റ്റിക്കിന്റെ കൂമ്പാരം തന്നെ കരയിലേക്ക് നീക്കം ചെയ്തിട്ടുണ്ട്.
ഇവ ക്ലീൻ കേരളയ്ക്ക് കൈമാറാൻ ധാരണയായി. കിലോയ്ക്ക് 8 രൂപ നിരക്കിൽ മാലിന്യം കൈമാറാനാണ് ആലോചന. കരയിലേക്ക് നീക്കം ചെയ്ത മാലിന്യം ചെളിയോട് കൂടിയാണ്.
ഇതേപടി മാലിന്യം കൈമാറുന്നത് നഗരസഭയ്ക്ക് നഷ്ടമാകുമെന്നാണ് ആക്ഷേപം. വേർതിരിച്ചെടുക്കാനാവാത്ത അളവിൽ മാലിന്യമുള്ളതാണ് ചെളി ഉൾപ്പെടെ കൈമാറാനുള്ള തീരുമാനത്തിലെത്താൻ കാരണം.
അതേസമയം, പരമാവധി ചെളി നീക്കം ചെയ്ത ശേഷമേ ക്ലീൻ കേരളയ്ക്ക് കൈമാറൂ എന്ന് അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]