
പദ്ധതി കൊള്ളാം, പഴി കേൾപ്പിക്കരുത്; യാതക്കാർക്ക് ദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പന്തളം ∙ ശബരിമല തീർഥാടനകാലത്ത് വലിയകോയിക്കൽ ധർമശാസ്താക്ഷേത്രത്തിൽ ജലവിതരണം സുഗമമാക്കാനായി നടപ്പാക്കുന്ന പുതിയ പദ്ധതിക്കായുള്ള മഴക്കാലത്തെ പൈപ്പ് ലൈൻ കുഴിയെടുപ്പ് യാത്രക്കാർക്ക് കടുത്ത ദുരിതമായി. മണികണ്ഠനാൽത്തറ–മഹാദേവർ ക്ഷേത്രത്തിലെ മുളമ്പുഴ വരെയുള്ള ഭാഗത്താണ് കുഴിയെടുപ്പ് തുടങ്ങിയത്. പരിസ്ഥിതി ദിനത്തിലായിരുന്നു പദ്ധതിയുടെ നിർമാണോദ്ഘാടനം. അന്നു മുതൽ ജോലികളും തുടങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ കുഴിയെടുത്ത ഭാഗങ്ങൾ ചെളിക്കുണ്ടായി. എമിനൻസ് പബ്ലിക് സ്കൂൾ, മങ്ങാരം ഗവ. യുപി, തോട്ടക്കോണം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം വലഞ്ഞു. നടന്നോ വാഹനത്തിലോ പോകാനാവാത്ത സ്ഥിതിയാണ് ഇപ്പോൾ.
കാർ ഉൾപ്പെടെ വാഹനങ്ങൾ ചെളിയിൽ കുടുങ്ങിയ അവസ്ഥയുമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ വാഹനങ്ങൾക്ക് ഉൾപ്പെടെ ഇതുവഴി പോകാനാവാത്ത സ്ഥിതിയുമുണ്ടെന്നാണ് പരാതി. വലിയകോയിക്കൽ ക്ഷേത്രത്തിൽ തീർഥാടനകാലത്തുണ്ടാകുന്ന ശുദ്ധജലക്ഷാമത്തിനു പരിഹാരമായി നടപ്പാക്കുന്ന പദ്ധതിക്കായുള്ള കുഴിയെടുപ്പാണ് നടക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 99.73 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. മുളമ്പുഴയിലെ ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിൽ നിന്നു ക്ഷേത്രം വരെ 4 കിലോമീറ്ററിലാണ് പൈപ്പ് ലൈൻ സ്ഥാപിക്കുക. മഴ കാരണം ഇപ്പോൾ ജോലികൾ നടക്കുന്നില്ല. ഇതേ റോഡിൽ എമിനൻസ് പബ്ലിക് സ്കൂൾ ഭാഗം കോൺക്രീറ്റ് തകർന്നിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയുമേറെ. ഇതിനിടയിലാണ്, വശങ്ങളിൽ കുഴിയെടുത്തത് മൂലം രൂപപ്പെട്ട ചെളിക്കുഴി യാത്രക്കാർക്ക് ദുരിതമാകുന്നതും.