തിരുവല്ല ∙ സ്കൂൾ കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകളെ പ്രതിരോധിക്കാനും പരിഹരിക്കാനും എത്ര മാർഗങ്ങളുണ്ട്. പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്കു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന കൗൺസലിങ് പരിശീലന ക്ലാസായിരുന്നു വേദി.
മറുപടിയായി അവതരിപ്പിച്ചതു കുട്ടിക്കു ചുറ്റും തീർത്ത ചിലന്തിവല പോലെയുള്ള ശക്തമായ സംരക്ഷണവലയായിരുന്നു. റിജോ എന്ന സാങ്കൽപിക പേരുള്ള എപ്പോഴും വഴക്കുണ്ടാക്കുന്ന കുട്ടിയായിരുന്നു കഥാപാത്രം. ഒരിക്കൽ അവൻ വഴക്കുണ്ടാക്കിയപ്പോൾ മറ്റു കുട്ടികൾ പരാതിയുമായി ക്ലാസ് ടീച്ചറിന്റെ അടുക്കലെത്തി. ക്ലാസ് ടീച്ചർ അമ്മയെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെട്ടു.
പിറ്റേദിവസം അവൻ രക്ഷിതാവില്ലാതെയാണു സ്കൂളിലെത്തിയത്. രക്ഷകർത്താവ് എവിടെയെന്നു ചോദിച്ച ക്ലാസ് ടീച്ചറോട് അവൻ ദേഷ്യപ്പെട്ടു. പ്രിൻസിപ്പൽ നേരിട്ട് റിജോയുടെ അമ്മയെ വിളിച്ചുവരുത്തി.
അമ്മയോടു പ്രിൻസിപ്പലും സ്കൂൾ കൗൺസിലറും സംസാരിച്ചപ്പോഴാണു കുട്ടിയെ പിതാവ് മദ്യപിച്ചെത്തി ഉപദ്രവിക്കുമെന്ന വിവരം അറിയുന്നത്. പ്രിൻസിപ്പൽ പ്രദേശത്തെ അങ്കണവാടി വർക്കറുമായി ബന്ധപ്പെട്ടു കുട്ടിയുടെ കുടുംബപശ്ചാത്തലം അറിഞ്ഞു.
പിതാവിന്റെ ഉപദ്രവത്തിനെതിരേ പ്രിൻസിപ്പൽ ചൈൽഡ് ലൈൻ നമ്പരായ 1098 ൽ പരാതിപ്പെട്ടു. സിഎച്ച്എൽ കേസ് വർക്കർ പ്രശ്നം അന്വേഷണം തുടങ്ങി. അപ്പോഴാണു പിതാവ് മാതാവിനെയും മർദ്ദിക്കാറുണ്ടെന്നറിഞ്ഞത്.
അതോടെ വിമൻ ഹെൽപ് ലൈനായ 181 ലും പരാതിയെത്തി. അതോടെ പൊലീസും പ്രശ്നത്തിലിടപെട്ടു.
തുടർന്നു പ്രദേശത്തെ പഞ്ചായത്തംഗം, ജില്ലാ റിസോഴ്സ് സെന്റർ, ജില്ലാ ശിശു സംരക്ഷണ സമിതി, സൈക്കോളജിസ്റ്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരുംപ്രശ്നത്തിൽ ഇടപെട്ടു. എല്ലാവരും ചേർന്നു നൽകിയ കൗൺസലിങിൽ കുട്ടിയുടെയും കുടുംബത്തിന്റെയും ജിവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
വിമുക്തി പദ്ധതിയുടെ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സ നൽകി.
കുട്ടിക്കും കുടുംബത്തിനും മെഡിക്കൽ കോളജ്, പേരന്റിങ് ക്ലിനിക് എന്നിവിടങ്ങളിലും ആവശ്യമായ സഹായങ്ങൾ നൽകിയതോടെ കുടുംബം തങ്ങളെ അലട്ടിയിരുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചിതരായി.അതിനുശേഷം മിടുക്കനായ റിജോയ്ക്ക് സ്കൂളിലെ എൻഎസ്എസ് അംഗത്വം നൽകി. ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ ((ഒആർസി) പദ്ധതിയുടെചുമതല നൽകി.
പഞ്ചായത്ത് പ്രസിഡന്റ്, സ്കൂൾ പിടിഎ എന്നിവരുടെ അഭിനന്ദനം കൂടി ലഭിച്ചതോടെ റിജോ സ്കൂളിലെ താരമായി മാറി. വഴിതെറ്റി പോകുമായിരുന്ന ഒരു കുടുംബത്തെ സ്കൂളിലെ ഇടപെടലിലൂടെ സഹായിക്കാനെത്തിയത് 23 സർക്കാർ വകുപ്പുകളാണ്.
ഇതാണ് ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും അധ്യാപകർക്ക് കൗൺസലിങ് നൽകുന്നതോടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കോഓർഡിനേറ്റർ സുനിൽകുമാർ, ഡോ.ദേവി എന്നിവർ പറഞ്ഞു. കൗൺസിലിങ് പരിശീലനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. 50 പേരുള്ള സംഘത്തിന് 2 ദിവസത്തെ പരിശീലനമാണു നൽകുന്നത്.
ഇവർ വഴി ജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകർ കൗൺസിലർമാരായി മാറും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

