പന്തളം ∙ മണ്ഡലകാലം തുടങ്ങാൻ കഷ്ടിച്ചു ഒരു മാസം മാത്രം ശേഷിക്കെ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ കാലേക്കൂട്ടി നടത്തേണ്ട ഒരുക്കങ്ങളൊന്നും തുടങ്ങിയില്ല.
കഴിഞ്ഞ തവണ സെപ്റ്റംബറിൽ തന്നെ അവലോകനയോഗങ്ങൾക്ക് തുടക്കമായെങ്കിൽ ഇത്തവണ 17ന് 3നാണ് ആദ്യയോഗം. ഏതാനും വർഷങ്ങളായി തന്നെ ഉയർന്നുവരുന്ന പല ആവശ്യങ്ങളിലും ഇനിയും നടപടി തുടങ്ങിയില്ല.
അന്നദാനമണ്ഡപത്തിൽ വൈദ്യുതിയില്ല
4.56 കോടി രൂപ മുടക്കി ദേവസ്വം ബോർഡ് നിർമിച്ച അന്നദാനമണ്ഡപത്തിലെ വൈദ്യുതി കണക്ഷൻ തകരാറിനെ തുടർന്ന് വിഛേദിച്ചു.
കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ ഷോർട് സർക്യൂട് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പദ്ധതി തുകയ്ക്ക് പുറമേ 35 ലക്ഷം രൂപ കൂടി ചെലവഴിച്ചു വൈദ്യുതീകരണം നടത്തിയ കെട്ടിടത്തിലാണ് തകരാർ.
വയറിങ്ങിലെ അപാകത മൂലമാണോയെന്ന് പരിശോധിക്കുമെന്നും പരിഹരിക്കുമെന്നും അധികൃതർ പറയുന്നു. 2021ലാണ് കെട്ടിടം പൂർത്തിയായതെങ്കിലും ഇനിയും പൂർണസജ്ജമായില്ല.
ഡെസ്ക്, കസേര എന്നിവയില്ല. അടുക്കളയിൽ നിന്നുള്ള മലിനജലം ശേഖരിക്കാൻ മാർഗമില്ല.
സോളർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതിക്ഷാമം പരിഹരിക്കാമെന്ന നിർദേശവും പരിഗണിച്ചില്ല.
പാർക്കിങ്ങിന് വെള്ളക്കെട്ട് ഭീഷണി
തീർഥാടനകാലത്ത് പന്തളത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് പാർക്കിങ്ങിനുള്ള സ്ഥലപരിമിതിയാണ്. ഇതുകൂടി കണക്കിലെടുത്താണ് അന്നദാനമണ്ഡപത്തിന് താഴെ പാർക്കിങ് ഏരിയ ക്രമീകരിച്ചത്.
മഴ ശക്തമാകുന്ന ഘട്ടത്തിലെല്ലാം ഇവിടെ വെള്ളക്കെട്ട് പതിവാണ്. നഗരസഭ ഈ ഭാഗം മണ്ണിട്ടുയർത്തിയിരുന്നു.
ടൈൽ പാകാമെന്ന ദേവസ്വം ബോർഡ് വാഗ്ദാനവും നടപ്പായില്ല. മഴക്കാലത്ത് അച്ചൻകോവിലാറ്റിൽ നിന്നു ഇവിടേക്ക് വെള്ളം കയറുന്നതൊഴിവാക്കാനായുള്ള ചീപ്പ് നിർമാണം ഇറിഗേഷൻ വകുപ്പ് ഉടൻ തുടങ്ങുമെന്ന് വാർഡ് കൗൺസിലർ പി.കെ.പുഷ്പലത പറഞ്ഞു.
ശുചിമുറി കോംപ്ലക്സ് ഉദ്യോഗസ്ഥർക്ക്
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സൗകര്യം കൂടി പരിഗണിച്ചു നഗരസഭ നിർമിച്ച ശുചിമുറി കോംപ്ലക്സ് ഭക്തജനങ്ങൾക്ക് തുറന്നുനൽകേണ്ടെന്നാണ് തീരുമാനം.
തീർഥാടനകാലത്ത് സേവനങ്ങൾക്കെത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും മറ്റുമാണ് ഇത് തുറന്നുനൽകുക. ദേവസ്വം ബോർഡിന്റെ പഴയ ശുചിമുറികൾ ലേലത്തിനെടുത്ത കരാറുകാരന് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഇത്.
ശബരിമല തീർഥാടന ഫണ്ട് കൂടി വിനിയോഗിച്ചു, ഭക്തർക്കായി നിർമിച്ച കോംപ്ലക്സ് നഗരസഭാ ഭരണസമിതിയുടെ അഭിമാന പദ്ധതികളിലൊന്നായാണ് പ്രഖ്യാപിച്ചിരുന്നത്.
ജലസംഭരണി അപകടാവസ്ഥയിൽ
പഴയ അന്നദാനമണ്ഡപത്തിനോട് ചേർന്ന ജലസംഭരണി അപകടാവസ്ഥയിലാണെന്ന പരാതിയിലും നടപടിയില്ല. 40ലധികം വർഷം പഴക്കമുള്ളതാണ് ഇത്.
സംഭരണി സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് തട്ടിൽ വിള്ളൽ വീണു കമ്പി തെളിഞ്ഞനിലയിലാണ്. ഇതിന്റെ തൂണുകളിലും ചുമരുകളിലും വിള്ളലുണ്ട്.
20,000 ലീറ്ററോളം ശേഷിയുള്ളതാണ് സംഭരണി. ഇതുകൂടാതെ മറ്റൊരു പ്ലാസ്റ്റിക് സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.
മുൻ ദേവസ്വം ബോർഡിന്റെ കാലയളവിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാമെന്നു അറിയിച്ചിരുന്നു. തീർഥാടനകാലത്ത് ഇതിന്റെ പരിസരത്ത് തീർഥാടകർ വിശ്രമിക്കാറുണ്ട്.
ബലക്ഷയം കണക്കിലെടുത്ത് അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
ശുദ്ധജല വിതരണ പദ്ധതി; നിർമാണം പൂർത്തിയായി
വലിയകോയിക്കൽ ക്ഷേത്രത്തിലെ ജലക്ഷാമത്തിനു പരിഹാരമെന്ന നിലയിൽ നടപ്പാക്കിയ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയായി. അടുത്ത മാസത്തോടെ ജലവിതരണം തുടങ്ങും.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 99.73 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. മുളമ്പുഴയിലെ ജല അതോറിറ്റിയുടെ ശുദ്ധീകരണ പ്ലാന്റിൽ നിന്നു ക്ഷേത്രത്തിലേക്ക് പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ജലവിതരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

