ആറന്മുള ∙ അഷ്ടമിരോഹിണി നാളിൽ ആറന്മുളയപ്പന്റെ പിറന്നാൾ സദ്യയുണ്ണാൻ ആയിരങ്ങൾ ഒഴുകിയെത്തി. കരകളിൽനിന്ന് പള്ളിയോടങ്ങളിൽ പാട്ടുംപാടിത്തുഴഞ്ഞെത്തിയ കരക്കാർ വടക്കേനടയിലെ മധുക്കടവിലൂടെ ക്ഷേത്രമതിലകത്ത് പ്രവേശിച്ചു.
ഇതോടെയാണ് അഷ്ടമിരോഹിണി സദ്യച്ചടങ്ങുകൾ തുടങ്ങിയത്.
ക്ഷേത്രക്കടവിൽ ആദ്യം എത്തിയത് ഇടപ്പാവൂർ പള്ളിയോടമാണ്. പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്റെ നേതൃത്വത്തിൽ വെറ്റ, പുകയില എന്നിവനൽകി പള്ളിയോടത്തെ സ്വീകരിച്ചു.
കരക്കാർ ക്ഷേത്രം വലംവച്ച് തിരുമുറ്റത്തെ കൊടിമരച്ചുവട്ടിലെത്തി നെയ്വിളക്ക് തെളിച്ചു.
തിരുമുറ്റത്തും ഊട്ടുപുരകളിലും കിഴക്കേനടയിലെ ഹാളുകളിലുമായി പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിൽ സദ്യവിളമ്പി. 11.30ന് ആരംഭിച്ച സദ്യ വൈകിട്ട് 4 വരെ നീണ്ടു.
501 പറ അരിയുടെ ചോറും മറ്റ് വിഭവങ്ങളുമാണു ഒരുക്കിയിരുന്നത്. സദ്യ കഴിച്ച കരക്കാർ കൊടിമരച്ചുവട്ടിലെത്തി ദേവനെ സ്തുതിച്ച് പാടി വെറ്റയും പുകയിലയും കാണിക്കയും സമർപ്പിച്ച് പള്ളിയോടങ്ങളിൽ മടങ്ങിയതോടെ ചടങ്ങുകൾ സമാപിച്ചു.
രാവിലെ എത്തിയ മന്ത്രിമാരായ വി.എൻ.വാസവനെയും പി.പ്രസാദിനെയും വഞ്ചിപ്പാട്ട് പാടി പള്ളിയോടസേവാസംഘം പ്രവർത്തകർ സ്വീകരിച്ചാനയിച്ചു.
ആനക്കൊട്ടിലിൽ എത്തിയ മന്ത്രി വാസവൻ ദീപം തെളിച്ച് ഭഗവാന് തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. തുടർന്ന് ക്ഷേത്രം വലംവച്ച് അഷ്ടമിരോഹിണി സദ്യയുടെ ക്രമീകരണങ്ങൾ നേരിൽ കാണുകയും ക്ഷേത്രക്കടവിൽ പള്ളിയോടങ്ങളുടെ വരവ് കാണുകയും ചെയ്തു.
തുടർന്ന് വടക്കേമാളികയിൽ എത്തിയ വാസവന് പി.പ്രസാദ് തൂശനിലയിൽ ചോറുവിളമ്പി വള്ളസദ്യ ഉദ്ഘാടനം ചെയ്തു.
രാജു ഏബ്രഹാം, മാലേത്ത് സരളാദേവി, എ.പത്മകുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ആർ.അജയകുമാർ, അംഗം ഓമല്ലൂർ ശങ്കരൻ, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ, വിജയാനന്ദാശ്രമം മഠാധിപതി മാതാ കൃഷ്ണാനന്ദ പൂർണ്ണിമാമയി, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, കെ.വി.സാംബദേവൻ, പ്രസാദ് ആനന്ദ ഭവൻ, സി.കെ.ഹരിശ്ചന്ദ്രൻ, അജയ് ഗോപിനാഥ്, ടി.കെ.രവീന്ദ്രൻ നായർ, എം.പി.ഗോപകുമാർ, പി.കൃഷ്ണകുമാർ, ഡോ.സുരേഷ് ബാബു, ആർ.അജയകുമാർ, ജി.സുരേഷ് പുതുക്കുളങ്ങര, കെ.എസ്.സുരേഷ്, രമേശ് കുമാർ മാലിമേൽ, സന്തോഷ് കുമാർ തിരുവമ്പാടി, ആർ.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]