റാന്നി ∙ പുല്ലാങ്കുഴൽ നാദങ്ങൾ വീഥികളിൽ സംഗീതമഴ ചൊരിഞ്ഞു. ശ്രീകൃഷ്ണ, ഗോപിക വേഷങ്ങൾ നാടിനെ അമ്പാടിയാക്കി.
ദ്വാപുരയുഗ സ്മരണകൾ നിറച്ച് ഗോപികമാർ നൃത്തച്ചുവടുകൾവച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മഹാശോഭായാത്രകൾ നാടിന് ഉത്സവമായി.
ബാലഗോകുലം, വിവിധ ഹൈന്ദവ സംഘടനകൾ, ക്ഷേത്രങ്ങൾ എന്നിവ ചേർന്നാണ് ആഘോഷങ്ങൾ ഒരുക്കിയത്.
താലൂക്കിലെ നൂറോളം കേന്ദ്രങ്ങളിൽ ശോഭായാത്രകളും റാന്നി, വടശേരിക്കര, പെരുനാട്, പരുവ, വെച്ചൂച്ചിറ, ചേത്തയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മഹാശോഭായാത്രകളും നടത്തി.
റാന്നിയിൽ 25 കേന്ദ്രങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ റാന്നി ഭഗവതികുന്ന് ദേവീക്ഷേത്ര ഗോപുര നടയിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
തുടർന്ന് ഉറിയടിയും ഭജനയും നടത്തി. ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പുണ്യനദികളുടെ പേരിലാണ് ശോഭായാത്രകളെത്തിയത്.
ക്ഷേത്രത്തിൽ ഭക്തർക്കായി ഭഗവാന്റെ പിറന്നാൾ സദ്യ ഒരുക്കിയിരുന്നു.
വടശേരിക്കരയിൽ പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നാണ് മഹാശോഭായാത്ര ആരംഭിച്ചത്. ഫാ.ജോജി ജോർജ് ഉദ്ഘാടനം ചെയ്തു.
വടശേരിക്കര ടൗൺ, കടമാൻകുന്ന് മഹാദേവ ക്ഷേത്രം, കന്നാംപാലം, ഗുരുമന്ദിരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ചെറുകാവ് ദേവീക്ഷേത്രത്തിലെത്തി സമാപിച്ചു.
വെച്ചൂച്ചിറ, വെൺകുറിഞ്ഞി, കുംഭിത്തോട്, നൂറോക്കാട്, കൂത്താട്ടുകുളം, വാകമുക്ക്, അച്ചടിപ്പാറ, കുന്നം എന്നിവിടങ്ങളിൽ നിന്നാണ് വെച്ചൂച്ചിറയിൽ ശോഭായാത്രകൾ നടത്തിയത്. അവ വെച്ചൂച്ചിറ ബസ് സ്റ്റാൻഡിൽ സംഗമിച്ചു.
തുടർന്ന് ജവാഹർ നവോദയ സ്കൂൾ പ്രിൻസിപ്പൽ വി.സുധീർ മഹാശോഭായാത്ര ഉദ്ഘാടനം ചെയ്തു. എ.ആർ.രാജഗോപാൽ അധ്യക്ഷനായി.
പൂജ വിജയകുമാർ, പി.എസ്.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വെച്ചൂച്ചിറ കവല, കുംഭിത്തോട് വഴി കുന്നം ദേവീക്ഷേത്രത്തിൽ സമാപിച്ചു.
കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, കുറുങ്ങാൽ മഹാദേവ ദേവീക്ഷേത്രം, മുറിത്താന്നിക്കൽ ദുർഗ ദേവീക്ഷേത്രം, ശബരി ശരണാശ്രമം, യോഗമയാനന്ദ ആശ്രമം, ളാഹ അമ്മൻകോവിൽ ദേവീക്ഷേത്രം, ശബരി ശരണാശ്രമം എന്നിവിടങ്ങളിൽ നിന്നാണ് പെരുനാട്ടിൽ ശോഭായാത്രകൾ ആരംഭിച്ചത്.
അവ മഠത്തുംമൂഴി അറയ്ക്കൽ കൊട്ടാരത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്ത ജംക്ഷനിലെത്തി.
തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലെത്തി ഉറിയടിയോടെ സമാപിച്ചു.
ചേത്തയ്ക്കൽ ദേവീ–ശാസ്താ ക്ഷേത്രം കേന്ദ്രീകരിച്ചുള്ള മഹാശോഭായാത്ര മക്കപ്പുഴ കാണിക്കവഞ്ചിക്കു മുന്നിൽ നിന്നാണ് ആരംഭിച്ചത്. ക്ഷേത്രം പ്രസിഡന്റ് പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഇടമൺ, വലിയപതാൽ, ചേത്തയ്ക്കൽ, മക്കപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ പങ്കെടുത്തു.
മഹാശോഭായാത്ര ക്ഷേത്രത്തിൽ സമാപിച്ച ശേഷം ഉറിയടി, മെറിറ്റ് അവാർഡ് വിതരണം എന്നിവ നടത്തി. പരുവ മേഖലയിലെ ശോഭായാത്രകൾ മണ്ണടിശാല എൻഎസ്എസ് കരയോഗം അങ്കണത്തിൽ സംഗമിച്ചു. തുടർന്ന് പരുവ മഹാദേവ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി.
ഉറിയടി, ഗോപിക നൃത്തം, സാംസ്കാരിക സമ്മേളനം എന്നിവയോടെ സമാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]