പത്തനംതിട്ട ∙ ജനറൽ ആശുപത്രിയിലെ ചികിത്സാ പിഴവുമൂലം 7 വയസ്സുകാരന്റെ വലതു കൈ പഴുത്തു വ്രണമായി.
ചതവിനു ചികിത്സ നൽകുന്നതിനു പകരം ഡോക്ടർ പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചതായും ഒരാഴ്ചയ്ക്കു ശേഷം ഇതു പഴുത്തു പൊട്ടി വ്രണമായി മാറിയതായും കുട്ടിയുടെ പിതാവ് പറഞ്ഞു.കൊടുന്തറ പടിഞ്ഞാറേ വിളയിൽ മനോജ് -രാധ ദമ്പതികളുടെ മകൻ മനുവിന്റെ കയ്യിലാണു ഡോക്ടർ പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചത്. സൈക്കിളിൽനിന്നു വീണു പരുക്കേറ്റ മനുവിനെ കഴിഞ്ഞ 28നാണ് ആശുപത്രിയിൽ എത്തിച്ചത്. അസ്ഥിരോഗ വിഭാഗം ഡോക്ടർ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ കൈയുടെ എക്സ്–റേയുടെ ഫോട്ടോ ഇദ്ദേഹത്തിന് അയച്ചു കൊടുക്കുകയായിരുന്നു.
ഫോട്ടോ നോക്കിയ ശേഷമാണ് ചികിത്സ നിശ്ചയിച്ചതെന്നും ചികിത്സാ പിഴവിനു ഡിഎംഒയ്ക്കു പരാതി നൽകുമെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെപ്പറ്റി മനോജ് പറയുന്നതിങ്ങനെ:
അപകടം നടന്ന് ഒരു ദിവസത്തിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കൈ നീരുവച്ചിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അസ്ഥി വിഭാഗം ഡോക്ടർക്ക് എക്സ്–റേ അയച്ചു കൊടുത്തു.
അദ്ദേഹം നിർദേശിച്ചതോടെ കൈക്കു പ്ലാസ്റ്ററിട്ടു. 4 ദിവസം കഴിഞ്ഞ് അസ്ഥിരോഗ വിദഗ്ധനെ കണ്ടെങ്കിലും പ്ലാസ്റ്റർ അഴിച്ചു നോക്കിയില്ല.
പൊട്ടൽ ഇല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ മരുന്നു നൽകി.
ഒരാഴ്ച കഴിഞ്ഞ് വരാൻ ആവശ്യപ്പെട്ടു.
എന്നാൽ ഞായറാഴ്ച ആയപ്പോൾ വേദന കടുത്തു. തുടർന്ന്, വീട്ടിൽ വച്ച് പ്ലാസ്റ്റർ അഴിച്ച് പരിശോധിച്ചപ്പോൾ കയ്യിൽ നിന്നു പഴുപ്പും രക്തവും ഒഴുകി.
ഉടൻ തന്നെ വീണ്ടും ജനറൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അവസ്ഥ കണ്ട
അത്യാഹിത വിഭാഗത്തിലെ ഡോക്ടർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. എന്നാൽ മെഡിക്കൽ കോളജിലെ സ്ഥിതിയും വ്യത്യസ്തമല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പൊട്ടൽ ഇല്ലാതിരിക്കെ ചതവ് മാത്രം ഉള്ളപ്പോഴാണ് പ്ലാസ്റ്റർ ഇട്ടത്– മനോജ് പറഞ്ഞു.
ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്
കുട്ടിയുടെ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എം.ഷാനി പറഞ്ഞു. ഉചിതമായ നടപടികളാണു സ്വീകരിച്ചത്.
യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല, അവർ പറഞ്ഞു. പൊട്ടൽ ഇല്ലെന്ന് കണ്ടിട്ടും കുട്ടികളുടെ അസ്ഥിയുടെ കാര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചത്. അധികം വേദനയില്ലെന്നു പറഞ്ഞതു കൊണ്ടാണു പിന്നീടു കാണാൻ എത്തിയപ്പോൾ പ്ലാസ്റ്റർ അഴിക്കാഞ്ഞത്.
അണുബാധ ഉണ്ടെന്ന് കണ്ടതിനെ തുടർന്നാണ് കോട്ടയത്തേയ്ക്കു വിട്ടത്. ഇത്തരം കേസുകൾ ചികിത്സിക്കാൻ ഇവിടെയും കോന്നി മെഡിക്കൽ കോളജിലും പരിമിതികൾ ഉണ്ട്– കുട്ടിയെ ചികിത്സിച്ച അസ്ഥി വിഭാഗം ഡോക്ടർ അനിലാബ് അല്കസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]