പന്തളം ∙ ഭരണസമിതി അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന പുതിയ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം 30ന് 4ന് നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
സ്റ്റാൻഡിന്റെ നിർമാണജോലികൾ വേഗത്തിലാക്കി. നിർമാണത്തിനായി നഗരസഭയുടെ പ്ലാൻ ഫണ്ട് വിനിയോഗിക്കാൻ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നെങ്കിലും ജോലികൾ തുടങ്ങാൻ വൈകിയിരുന്നു.
34 ലക്ഷം രൂപ കൂടിയാണ് അനുവദിച്ചിട്ടുള്ളത്. മുടങ്ങിക്കിടന്ന കലുങ്ക് നിർമാണം തുടങ്ങിയിട്ടുണ്ട്.
മോട്ടർ വാഹന വകുപ്പ് നിർദേശിച്ച പ്രകാരമുള്ള ജോലികളാണ് ഇപ്പോൾ തുടങ്ങിയത്. പ്രവേശന കവാടവും നിർമിക്കും.
എന്നാൽ, മോട്ടർ വാഹന വകുപ്പിന്റെ അനുമതി വൈകിയാലും ഉദ്ഘാടനം നടത്താനും ശേഷിക്കുന്ന നടപടികൾ വൈകാതെ പൂർത്തിയാക്കാനുമാണ് തീരുമാനം. പൂർണമായും സ്റ്റാൻഡിന്റെ പ്രവർത്തനം ഇവിടേക്ക് മാറുന്നതോടെ പന്തളം ജംക്ഷനിലെ നിലവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു വലിയ അളവിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
നിർമാണം മുടങ്ങിയത് 2 വർഷം
മുൻ അധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി 2 വർഷം മുൻപ് സർക്കാർ അംഗീകാരം ലഭിച്ച പദ്ധതിയുടെ നിർമാണോദ്ഘാടനം 2023 ഓഗസ്റ്റ് 17നായിരുന്നു.
ഇപ്പോൾ രണ്ട് വർഷം പിന്നിടുന്നു. 40 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
കാത്തിരിപ്പ് കേന്ദ്രവും ഇരിപ്പിടങ്ങളും കടമുറികളും നിർമിക്കുകയും പൊക്കവിളക്കു സ്ഥാപിക്കുകയും ചെയ്തിരുന്നു. കെഎസ്ആർടിസിക്ക് സമീപത്തെ ശുചിമുറി ബ്ലോക്കും നേരത്തെ അറ്റകുറ്റപ്പണി നടത്തി.
സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാൻഡിന് വടക്ക് നീർച്ചാലിന്റെ അതിർത്തിയിൽ വേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവേശനവഴിയിലെ പേരാലിൽ തമ്പടിച്ച പക്ഷിക്കൂട്ടത്തെ തുരത്താൻ വല കെട്ടാനും തീരുമാനമുണ്ടായിരുന്നു. ഈ ജോലികൾ കൂടി പൂർത്തിയാക്കിയ ശേഷം മോട്ടർ വാഹന വകുപ്പിന്റെ അനുമതി തേടാനാണ് തീരുമാനം.
കുണ്ടും കുഴിയും നിറഞ്ഞ് പഴയ സ്റ്റാൻഡ്
പുതിയ ബസ് സ്റ്റാൻഡ് നിർമാണം പദ്ധതിയിട്ടതോടെ നിലവിലെ ബസ് സ്റ്റാൻഡ് അവഗണനയിലായിരുന്നു.
മൈതാനത്തിന്റെ പല ഭാഗങ്ങളിലും കുഴികളാണ്. ഇടയ്ക്ക് മഴ പെയ്യുന്നത് വെള്ളക്കെട്ടിനും കാരണമായി.
ഇവിടെ നഗരസഭ നിർമിച്ച കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര രണ്ട് മാസം മുൻപ് മരത്തിന്റെ ശിഖരം വീണു ഭാഗികമായി തകർന്നു. യാത്രക്കാർക്ക് അസൗകര്യങ്ങളേറെയാണ്.
തിരക്കേറിയ പന്തളം ജംക്ഷനിൽ കെഎസ്ആർടിസി റോഡിലാണ് ബസുകൾക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ. 2 വഴികളിലും വലിയ കുഴികളുണ്ട്.
രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തത് കാരണം സാമൂഹ്യവിരുദ്ധരുടെ ശല്യവുമേറെയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]